എനിക്കെന്‍റെ തിരുസഭ നൽകിയ യഥാർത്ഥ ആധ്യാത്മികത ഇതെന്‍റെ ആരാധനാക്രമ സാക്ഷ്യം

ആൻ മേരി ജോസഫ് പുളിക്കൽ
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഫേസ്ബുക്കില്‍ കയറിയപ്പോള്‍ ഒരു സുഹൃത്തിന്‍റെ പോസ്റ്റ് യാദൃശ്ചികമായി ശ്രദ്ധയില്‍പ്പെട്ടു. ബെനഡിക്റ്റ് മാര്‍പാപ്പയുടെ ഒരു ചിത്രവും അദ്ദേഹത്തിന്‍റെ വാക്കുകളും ആയിരുന്നു അത്. അത് ഇപ്രകാരം ആയിരുന്നു.
‘ഇന്ന് നാം അനുഭവിക്കുന്ന സഭയിലെ പ്രതിസന്ധികള്‍ ഒരു പരിധിവരെ ആരാധനാക്രമത്തിന്‍റെ ശിഥിലീകരണം മൂലമാണെന്ന് എനിക്ക് ബോധ്യമുണ്ട്’.
ഓ, ഇത് എന്തോന്ന് ക്രമം! കര്‍ത്താവിനോടു വെറുതെ അങ്ങു പ്രാര്‍ത്ഥിച്ചാല്‍ പോരെ! പോരാത്തതിന് എത്ര വലിയ പ്രശ്നങ്ങള്‍ ആണെങ്കിലും അത് മാറാന്‍ ഇപ്പോള്‍ പലവിധ നൊവേനകളും ധ്യാനങ്ങളുമൊക്കെ ഉണ്ടല്ലോ. ഈ ലിറ്റര്‍ജിക്ക് പകരം വല്ല അത്ഭുതസാക്ഷ്യവും പത്തു പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ ഇയാളുടെ ആഗ്രഹങ്ങള്‍ മാതാവും പുണ്യാളന്മാരും കൂടി നടത്തി കൊടുക്കില്ലേ. ഇയാള്‍ ഇപ്പോഴത്തെ ട്രെന്‍ഡ് ഒന്നും അറിയാത്ത ഒരു പാവം ആണല്ലോ എന്നൊക്കെ ഓര്‍ത്തു ഒരു ലൈക്ക് പോലും അടിക്കാതെ പുച്ഛത്തോടെ ഞാന്‍ താഴേക്ക് സ്ക്രോള്‍ ചെയ്തു. എന്നാല്‍ വീണ്ടും എന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട് ആ ആഴ്ച്ച തന്നെ വാട്സാപ്പില്‍ ഒരു മെസ്സേജ്. അതും ഈ ആരാധനാക്രമത്തെക്കുറിച്ചു തന്നെ. ‘ആരാധനാക്രമത്തിലധിഷ്ഠിതമാണ് യഥാര്‍ത്ഥ മെശിയാനിക ആധ്യാത്മികത. സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ആരാധനാക്രമമാകുന്ന അത്യുച്ച സ്ഥാനത്തേക്കാണ് ഉന്മുഖമായിരിക്കുന്നത്. അവളുടെ ശക്തി മുഴുവന്‍ നിര്‍ഗ്ഗളിക്കുന്നതും ആരാധനാക്രമത്തില്‍നിന്ന് തന്നെ’ (CFR. ലിറ്റര്‍ജി 10) എന്നതായിരുന്നു അത്.
ഇതോടെ ഒന്നു ഞാന്‍ തീരുമാനിച്ചു. എന്താണ് ആരാധനാക്രമത്തിന്‍റെ പ്രാധാന്യം എന്നറിഞ്ഞിട്ടു തന്നെ കാര്യം. നിരന്തരമായി ചില സഭാ സ്നേഹികളായ യുവാക്കളില്‍നിന്നും കേട്ട ഒരു പദത്തോട് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു കൗതുകം മാത്രമല്ലായിരുന്നു അത്. ‘മോളെ, അറിയേണ്ട പ്രധാനപ്പെട്ട എന്തൊക്കെയോ നീ അറിയുന്നില്ല’ എന്നു കര്‍ത്താവ് മനസില്‍ പറയുന്നതുപോലെയും എനിക്ക് അന്ന് അനുഭവപ്പെട്ടു. അങ്ങനെ ആത്മാര്‍ത്ഥമായി തന്നെ ലിറ്റര്‍ജിയെക്കുറിച്ചു അറിയാന്‍ ഉള്ള ശ്രമങ്ങള്‍ ഞാന്‍ ആരംഭിച്ചു. ആരാധനാക്രമത്തെക്കുറിച്ചു ഷെയര്‍ ചെയ്ത സുഹൃത്തിനോട് തന്നെ ചോദിച്ചു എന്താണ് ആരാധനാക്രമത്തിന് ഇത്ര പ്രാധാന്യം എന്ന്. എന്‍റെ ചോദ്യം കേട്ടപ്പോള്‍ സന്തോഷത്തോടെയും അതിലേറെ ആവേശത്തോടെയും കുറെ കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തന്നു. വ്യക്തമായി ഒന്നും മനസ്സിലായില്ല എങ്കിലും ഇതിലൊക്കെ എന്തൊക്കെയോ കാര്യങ്ങള്‍ ഉണ്ടെന്നു എനിക്ക് മനസിലായി. ശേഷം അദ്ദേഹം കുറെ ചോദ്യങ്ങള്‍ എനിക്ക് വാട്സാപ്പില്‍ അയച്ചു തന്നു.
1) കര്‍ത്താവ് പണ്ടെങ്ങോ ഏക ബലിയര്‍പ്പിച്ചു കടന്നുപോയില്ലേ! അപ്പോള്‍ നമ്മള്‍ എങ്ങനെ കഴിഞ്ഞു പോയ ആ ഏക ബലിയില്‍ പങ്കുകാരാകും?
2) കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ രക്ഷാകരരഹസ്യങ്ങളില്‍ ഇപ്പോള്‍ ജീവിക്കുന്ന നാം എങ്ങനെ പങ്കുചേരും?
3) ഈശോ മരിച്ചു, ഉയര്‍ത്തു സ്വര്‍ഗ്ഗത്തിലേക്ക് പോയില്ലേ, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമ്മള്‍ ഇനി എങ്ങനെ ഇപ്പോള്‍ ഈശോയെ കാണും? കേള്‍ക്കും?
4) കാര്യസാധ്യപ്രാര്‍ത്ഥനകള്‍ക്ക് ആണോ ദൈവരാധനാ അഥവാ ലിറ്റര്‍ജിക്കാണോ നിന്‍റെ ജീവിതത്തില്‍ കൂടുതല്‍ പ്രാധാന്യം?
5) പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ നേരിടാന്‍ ആത്മധൈര്യം കൊടുക്കുന്നതിനു പകരം എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം കണ്ടുപിടിച്ചു പരിഹരിക്കാമെന്നു അവകാശപ്പെടുന്ന ന്യൂജെന്‍ ആത്മീയമാര്‍ഗ്ഗങ്ങള്‍ സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും പകരം അമിതമായ ഭയവും പിരിമുറുക്കവും സൃഷ്ടിക്കുന്ന ഒന്നായി അനുഭവപ്പെടുന്നില്ലേ?
ചോദ്യങ്ങള്‍ ഒക്കെ കണ്ടു ഞാന്‍ ആകെയങ്ങു കുഴങ്ങി. ഇക്കാര്യങ്ങളില്‍ ഒന്നും എനിക്ക് വ്യക്തമായ ബോധ്യം ഇല്ലല്ലോയെന്നോര്‍ത്തു ശരിക്കും നിരാശയും സങ്കടവുമൊക്കെ വന്നു. എന്തായാലും ആ നല്ല സുഹൃത്തിന്‍റെ സഹായത്തോടെ തന്നെ ലിറ്റര്‍ജി അഥവാ ആരാധനാക്രമത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഞാന്‍ നിരന്തരം ശ്രമിച്ചു. അങ്ങനെ നമ്മുടെ മാതൃസഭയായ സിറോ മലബാര്‍ സഭ യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി ഇറക്കിയ ‘സിറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലനഗ്രന്ഥം’ എന്ന പുസ്തകം ലഭിക്കുകയും അത് ഒരുപാട് അറിവുകള്‍ എനിക്ക് നല്‍കുകയും ചെയ്തു. എനിക്ക് ലഭിച്ച അറിവുകളുടെ ഒരു സംഗ്രഹം ഞാന്‍ തുടര്‍ന്ന് പറയാം. അതിനു മുന്‍പ് ഇത് വായിക്കുന്ന എല്ലാവരും സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വിശ്വാസപരിശീലനം ഗ്രന്ഥം എത്രയും പെട്ടന്ന് മേടിച്ചു വായിക്കണം എന്ന ഒരപേക്ഷയും കൂടിയുണ്ട്. നമ്മുടെ രൂപതയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നല്ലതണ്ണിയിലെ നസ്രാണി റിസേര്‍ച്ച് സെന്‍ററില്‍ നടത്തപ്പെടുന്ന ആരാധനാക്രമത്തില്‍ അധിഷ്ഠിതമായ ധ്യാനവും നമ്മെ പോലുള്ള സാധാരണക്കാര്‍ക്ക് യഥാര്‍ത്ഥ മെശിയാനിക ആധ്യാത്മികതയിലേയ്ക്കുള്ള വഴി കാട്ടിയാണ്.
ഇനി കാര്യത്തിലേക്ക് കടക്കാം. ആരാധനാക്രമത്തിലധിഷ്ഠിതമായ നമ്മുടെ ആധ്യാത്മികതയെക്കുറിച്ചു പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് ആദ്യം ലഭിച്ച ഒരു സഭാ രേഖ ആയിരുന്നു ‘പരിശുദ്ധ കുര്‍ബാനയര്‍പ്പണവും ‘ദൈവ സ്തുതികള്‍’ അഥവാ യാമപ്രാര്‍ത്ഥനകളുമാണ് മെശിയാനിക ആധ്യാത്മികതയുടെ (CHRISTIAN SPIRITUALITY) അടിത്തറയും നട്ടെല്ലും’ (രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആരാധനാക്രമം) എന്നത്. അങ്ങനെ അത് മനസിലായതോടെ ആദ്യഘട്ടമായി ചെയ്തത് സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയായ യാമനമസ്കാരങ്ങള്‍ ശ്രദ്ധയോടെയും ഭക്തിയോടെയും കഴിയുന്നത്ര അനുഷ്ഠിക്കുക എന്നതായിരുന്നു. പൗരസ്ത്യ ആധ്യാത്മികതയും ദൈവശാസ്ത്രവുമൊക്കെ ലിറ്റര്‍ജിയില്‍ നിന്നു നാമറിയാതെ തന്നെ നമുക്ക് ലഭിക്കുമെന്നും ആ സുഹൃത്തു പറഞ്ഞിരുന്നു. ഞാനിക്കാര്യങ്ങള്‍ ആരംഭിച്ചത് സിറോ മലബാര്‍ സഭയുടെ ആരാധനാവത്സരത്തിലെ കൈത്താക്കാലത്തായിരുന്നു. കൈത്താക്കാലം വ്യാഴത്തിലെ യാമ നമസ്കാരത്തിലെ ചില ഈരടികളും പ്രാര്‍ത്ഥനകളും എനിക്ക് അന്നു പ്രാര്‍ത്ഥനയെക്കുറിച്ചു പുതിയ വെളിച്ചം നല്‍കി.
എല്ലാമെല്ലാം നല്‍കില്ല
നല്ലവ മാത്രം മക്കള്‍ക്കായ്
വല്ലഭനീശന്‍ നല്‍കീടും
ചോദിക്കും മുമ്പന്യൂനം
നമ്മുടെ ആശകള്‍ അറിയുമവന്‍
വിജ്ഞാനത്തിന്‍ നിറവല്ലൊ …
(ഒനീസാ ദ് വാസര്‍ )
മ്ശം: ഗത്സെമനില്‍ തനിക്കു
വേണ്ടി പിതാവിന്‍റെ പക്കല്‍ സമര്‍പ്പിച്ച ഏക പ്രാര്‍ത്ഥന തിരസ്കൃതമായിട്ടും, നിത്യ പിതാവിന്‍റെ തിരുവിഷ്ടത്തിനു തന്നെത്തന്നെ വിധേയനാക്കി ദൈവഹിതത്തിനു ഞങ്ങളെ തന്നെ സമര്‍പ്പിക്കുവാന്‍ ഞങ്ങള്‍ക്ക് മാതൃക തന്ന കര്‍ത്താവേ, ഞങ്ങളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കുന്ന പിതാവിന്‍റെ മുന്നില്‍ അതിഭാഷണം കൂടാതെ രഹസ്യമായി പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ ഉദ്ബോധിപ്പിച്ച കര്‍ത്താവേ,
സമൂ : പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.
സഭയുടെ പ്രാര്‍ത്ഥനയില്‍ പരിശീലിപ്പിക്കപ്പെടുന്നവര്‍ക്ക് മാത്രമേ വ്യക്തിപരമായിപ്പോലും ശരിയായി പ്രാര്‍ത്ഥിക്കുവാനും പ്രാര്‍ത്ഥനാജീവിതം നയിക്കുവാനും സാധിക്കുകയുള്ളൂ എന്നു സീറോ മലബാര്‍ സഭയുടെ ആരാധനക്രമ വിശ്വാസ പരിശീലനഗ്രന്ഥം ഖണ്ഡിക 467 ല്‍ വായിച്ചത് ഞാനപ്പോള്‍ ഓര്‍ത്തു. എന്നാല്‍ സഭയുടെ ഈ ഔദ്യോഗിക പ്രാര്‍ത്ഥനയെക്കുറിച്ചു ഇന്ന് ഭൂരിഭാഗം നസ്രാണി മക്കള്‍ക്കും അറിവില്ലല്ലോ എന്ന വസ്തുതയും സങ്കടത്തോടെ ഞാനോര്‍ത്തു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇതിനെപ്പറ്റിയുള്ള കാനന്‍ നിയമവും എനിക്ക് ലഭിച്ചു.
വിശ്വാസികള്‍ക്ക് യാമപ്രാര്‍ത്ഥനയുടെ അര്‍ത്ഥവും മൂല്യവും മനസ്സിലാക്കിക്കൊടുക്കുന്നതിനും അവര്‍ അതിനെ ഇഷ്ടപ്പെടുന്നതിനും, അതില്‍ പങ്കെടുത്ത് ആധ്യാത്മിക പോഷണം നേടുന്നതിനും ഉത്തരവാദപ്പെട്ടവര്‍ അവര്‍ക്കു സാധിക്കുന്നതിന്‍റെ പരമാവധി ചെയ്യേണ്ടതാണെന്നും സഭ അനുശാസിക്കുന്നു. (പൗരസ്ത്യസഭകളുടെ കാനന്‍നിയമം 289. 2 ഉദ്ബോധനം 98)
യാമ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും മൂല്യവും മനസ്സിലാക്കിക്കൊടുക്കുന്നതിനും അവര്‍ അതിനെ ഇഷ്ടപ്പെടുന്നതിനും, അതില്‍ പങ്കെടുത്ത് ആദ്ധ്യാത്മിക പോഷണം നേടുന്നതിനും ഉത്തരവാദപ്പെട്ടവര്‍ അവര്‍ക്കു സാധിക്കുന്നതിന്‍റെ പരമാവധി ചെയ്യേണ്ടതാണെന്നും സഭ കാനന്‍നിയമത്തില്‍ കൂടി പോലും അനുശസിച്ചിട്ടു ഉത്തരവാദിത്തപ്പെട്ടവര്‍ എന്ന് സഭ ഉദ്ദേശിക്കുന്ന മെത്രാന്മാര്‍, വൈദികര്‍, ആത്മീയ ഗുരുക്കന്മാര്‍, വിശ്വാസപരിശീലകര്‍, മാതാപിതാക്കന്മാര്‍ എന്നിവര്‍ സാധിക്കുന്നതിന്‍റെ പരമാവധി പോയിട്ട് പത്തു ശതമാനം എങ്കിലും കാനന്‍നിയമം അനുസരിക്കുവാനുള്ള മനസ് കാണിച്ചിട്ടുണ്ടോ എന്നു ഞെട്ടലോടെ മനസ്സില്‍ സ്വയം ചോദിച്ചു.
ഇനി ഞാന്‍ ഈ കാലയളവ് കൊണ്ടു മനസിലാക്കിയ ചില വസ്തുതകള്‍ കൂടി ചുരുക്കി പറയട്ടെ. ലളിതമായി പറഞ്ഞാല്‍ ആരാധനാവത്സരം, കൂദാശകള്‍, യാമ പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയിലൂടെയുള്ള ദൈവാരാധനയാണ് ആരാധനാക്രമം അഥവാ ലിറ്റര്‍ജി. ആരാധനാക്രമത്തിന്‍റെ കേന്ദ്രബിന്ദു പരിശുദ്ധ കുര്‍ബാനയാണ്. മറ്റു കൂദാശകള്‍, യാമ പ്രാര്‍ത്ഥനകള്‍, ആരാധനാക്രമാവത്സരത്തിലെ ആചരണങ്ങള്‍ എന്നിവ ആരാധനാക്രമത്തില്‍ ഉള്‍പ്പെടുന്നു. സഭയുടെ വിശ്വാസത്തിന്‍റെ ഉറവിടങ്ങളായ വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യവും ആരാധനാക്രമത്തില്‍ ഒന്നിച്ചു ചേരുന്നു. സഭാ ജീവിതത്തിന്‍റെ ഉറവിടം ആരാധനാക്രമം ആണ്. ആരാധനാക്രമം മിശിഹായുടെ പൗരോഹിത്യ ധര്‍മ്മത്തിന്‍റെ നിര്‍വ്വഹണം ആണ് (ആരാധനാക്രമം 7). സഭയുടെ ഒരു പ്രവര്‍ത്തനവും വൈശിഷ്ട്യത്തിലും ഫലദായകത്വത്തിലും ആരാധനാ തിരുക്കര്‍മ്മങ്ങളെ പിന്നിലാക്കാന്‍ പോന്നവയല്ല. സഭയുടെ സകല ശക്തിയും നിര്‍ഗ്ഗളിക്കുന്നത് ആരാധനാക്രമത്തില്‍ നിന്നു തന്നെ (ആരാധനാക്രമം 10).
സഭയുടെ ആരാധനാക്രമം ഭൂതം, ഭാവി, വര്‍ത്തമാന കാലത്തെയും ദേശ വ്യത്യാസങ്ങളെയും അതിലംഘിക്കുന്ന ദൈവത്തിന്‍റെ അത്ഭുതാവഹമായ ഒരു സംവിധാനമാണ്. കാലമെന്ന വസ്തുത ആരാധനാക്രമത്തില്‍ തികച്ചും അപ്രസക്തമാക്കപ്പെടുന്നു. ഈശോ മിശിഹായുടെ മൗതിക ശരീരം ആണ് തിരു സഭ. സഭാംഗങ്ങള്‍ ഈ ശരീരത്തിലെ അവയവങ്ങളും (1കോറി 12:12-31). ലോകാവസാനംവരെയും മിശിഹായെ ലോകത്തിനു അനുഭവവേദ്യമാക്കുന്നതിനാണ് മിശിഹായുടെ തുടര്‍ച്ച തന്നെയായ സഭ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ഇതാ ലോകാവസാനം വരെ എന്നാളും ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും (മത്തായി 28:20). മിശിഹാ സംഭവം യഥാര്‍ത്ഥത്തില്‍ പ്രഘോഷിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും അനുഭവവേദ്യമാകുന്നതും തിരുസഭയില്‍ ആണ്. സഭാ ജീവിതത്തിന്‍റെ ഉറവിടം ആരാധനക്രമവുമാണ്. ആരാധനക്രമത്തില്‍ അധിഷ്ഠിതമാണ് യഥാര്‍ത്ഥ മെശിയാനിക ആധ്യാത്മികത (CFR.LITURGY 10). എല്ലാ സഭാ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യവും വിശ്വാസികളെ സജീവ ദൈവാരാധനക്ക് ഒരുക്കുക എന്നതാണ്. തിരുസഭ എന്നാല്‍ ഈശോ മിശിഹാ തന്നെയാണ് (നട 26:14,15). യഥാര്‍ത്ഥ മെശിയാനിക ആദ്ധ്യാത്മികതയില്‍ ജീവിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവനു ദൈവാനുഭവം മിശിഹാനുഭവവും മിശിഹാനുഭവം സഭാനുഭവവും ആയിരിക്കും. ഈ സഭാനുഭവം ദൈവാരാധന അനുഭവമാണ്. അതായത് സഭ അടിസ്ഥാനപരമായി ദൈവാരാധനാ സമൂഹമാണ്. ലിറ്റര്‍ജിയെക്കുറിച്ചുള്ള അറിവ് മിശിഹായെകുറിച്ചുള്ള അറിവാണ്, സഭയെക്കുറിച്ചുള്ള അറിവാണ്. സഭ മിശിഹായുടെ തുടര്‍ച്ചയും മൗതിക ശരീരവും ആണല്ലോ. ശ്ലീഹന്മാരുടെ കാലത്തോളം തന്നെ പഴക്കമുള്ള ഏറ്റവും പുരാതനമായ കലര്‍പ്പില്ലാത്ത മെശിയാനിക ആധ്യാത്മികതയായ പൗരസ്ത്യസുറിയാനി ആരാധനക്രമം ആണ് നമ്മുടെ മാര്‍ തോമാ നസ്രാണി സഭ അഥവാ സീറോ മലബാര്‍ സഭയുടേത്. അതിന്‍റെ അനന്യതയും ദൈവശാസ്ത്ര സമ്പന്നതയും ആഴത്തില്‍ മനസിലാക്കുവാന്‍ സഭാ പിതാക്കന്മാരുടെ പ്രബോധനവും മൂലഭാഷയായ സുറിയാനി ഭാഷയെക്കുറിച്ചുള്ള അറിവും നമ്മെ സഹായിക്കുന്നു.
മെശിയാനിക ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവും മിശിഹായില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന രക്ഷാകരരഹസ്യങ്ങളുടെ യഥാര്‍ത്ഥ അവതരണവുമാണ് ലിറ്റര്‍ജിയില്‍ വിശിഷ്യാ പരിശുദ്ധ കുര്‍ബാനയില്‍ നടക്കുന്നത്. കാല ദേശ വ്യത്യാസങ്ങള്‍ക്ക് അതീതമായി മിശിഹായുടെ യഥാര്‍ത്ഥ സാന്നിധ്യം സഭയില്‍ സന്നിഹിതമാക്കുന്നതും വിശ്വാസികള്‍ക്ക് അവിടുന്ന് അനുഭവവേദ്യനാകുന്നതും പ്രധാനമായും പരിശുദ്ധ കുര്‍ബാനയിലൂടെയാണല്ലോ. മിശിഹായില്‍ സംലഭ്യമാകുന്ന വലിയ രക്ഷയുടെ അനുഭവം ആണ് പരിശുദ്ധ കുര്‍ബാനയിലൂടെ സഭാ മക്കള്‍ സ്വന്തമാക്കുന്നത്. പരിശുദ്ധ റൂഹായാല്‍ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയുമാണ് പരിശുദ്ധ കുര്‍ബാനയില്‍ ഈ ദൈവികരഹസ്യങ്ങള്‍ മനുഷ്യരായ നാം അനുസ്മരിക്കുകയും അനുഷ്ഠിക്കുകയും അങ്ങനെ സത്യമായും നാം അതില്‍ പങ്കുകാരാക്കപ്പെടുകയും ചെയ്യുന്നത്. പരിശുദ്ധ കുര്‍ബാനാ വേളയില്‍ ആദ്യം മുതല്‍ അവസാനം വരെ ഉച്ചരിക്കപ്പെടുന്ന വാക്കുകളും ഉപയോഗിക്കപ്പെടുന്ന വസ്തുക്കളും സ്ഥലങ്ങളും ആചാരാനുഷ്ഠാനങ്ങളും പങ്കെടുക്കുന്ന വ്യക്തികളുമെല്ലാം അവയുടെ ബാഹ്യാര്‍ത്ഥത്തിനു അപ്പുറമുള്ള വലിയ ദൈവിക രഹസ്യങ്ങളിലേക്കാണ് നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നതെന്നുള്ള ബോധ്യം അത്യാവശ്യം ആണ്. അതിനാല്‍ ഇവയുടെ അര്‍ത്ഥവും പ്രതീകാത്മകതയും വ്യക്തമായി പഠിച്ചു മനസിലാക്കിയാല്‍ മാത്രമേ പരിശുദ്ധ കുര്‍ബാനയില്‍ വെളിപ്പെടുന്ന അതിനിഗൂഢമായ ദൈവികരഹസ്യങ്ങള്‍ അല്പമെങ്കിലും ഗ്രഹിക്കുവാനും പരിശുദ്ധ കുര്‍ബാന വിരസമാകാതെ അനുഭവവേദ്യമാക്കുവാനും സാധിക്കൂ.
ഈശോമിശിഹായില്‍ കേന്ദ്രീകൃതമായ രക്ഷാകരചരിത്രം മുഴുവന്‍ പുനരവതരിപ്പിക്കുന്ന പരിശുദ്ധ റാസാ (മനുഷ്യ ബുദ്ധിക്കു അഗ്രാഹ്യമായ വിശുദ്ധ രഹസ്യം) ആണ് പരിശുദ്ധ കുര്‍ബാന. ആരാധനാക്രമത്തില്‍ അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങളെ സൂചിപ്പിക്കുന്നതിന് ദൃശ്യമായ അടയാളങ്ങളും പ്രതീകങ്ങളും ഉപയോഗിക്കുന്നു. അടയാളങ്ങളും പ്രതീകങ്ങളും തമ്മില്‍ അര്‍ത്ഥത്തിന്‍റെയും പ്രാധാന്യത്തിന്‍റെയും അടിസ്ഥാനത്തില്‍ ഗണ്യമായ വ്യത്യാസം ഉണ്ട്. അടയാളങ്ങള്‍ അദൃശ്യ യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ പ്രതീകങ്ങള്‍ അദൃശ്യ യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുക മാത്രമല്ല സന്നിഹിതമാക്കുകയും ചെയ്യുന്നു. ബലിപീഠം, ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെയും കര്‍ത്താവിന്‍റെ കബറിടത്തിന്‍റെയും അടയാളം മാത്രമല്ല, പ്രതീകവുമാണ്. ആയതിനാല്‍ ദൈവിക സിംഹാസനമെന്ന യാഥാര്‍ത്ഥ്യവും കര്‍ത്താവിന്‍റെ കബറിടമെന്ന യാഥാര്‍ത്ഥ്യവും ബലിപീഠത്തില്‍ സത്യമായി ഭവിക്കുന്നു. അതുപോലെ തന്നെയാണ് മാര്‍ സ്ലീവായും. മാര്‍ സ്ലീവാ ഉത്ഥിതനീശോയുടെയും റൂഹാദ്ക്കുദിശായുടെയും അടയാളം മാത്രമല്ല, പ്രതീകവുമാണ്. അതിനാല്‍ ഉയര്‍ത്തെഴുന്നേറ്റ ഈശോയും റൂഹാദ്ക്കുദിശായും സഭയുടെ ലിറ്റര്‍ജിയില്‍ സത്യമായും യാഥാര്‍ത്ഥ്യമാകുന്നു. മിശിഹാ നേരിട്ട് തന്നെയോ മിശിഹായുടെ തുടര്‍ച്ചയും അവിടുത്തെ മൗതിക ശരീരവുമായ തിരുസഭയോ ആണ് അദൃശ്യങ്ങളായ ദൈവിക കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ആരാധനാക്രമത്തില്‍ ദൃശ്യ പ്രതീകങ്ങള്‍ തിരഞ്ഞെടുത്തത് (ആരാധനാക്രമം 33).
അദൃശ്യനായ ദൈവത്തെ നമുക്ക് ദൃശ്യനാക്കുന്നതും അനുഭവ വേദ്യനാക്കുന്നതും ഈശോമിശിഹാ ആണ്. ചരിത്രത്തിലൂടെ വെളിപ്പെടുത്തപ്പെട്ടവനെങ്കിലും ഇന്നും ബാഹ്യനയനങ്ങള്‍ക്ക് ഈശോ മിശിഹായെ അനുഭവവേദ്യമാക്കുന്നത് പരിശുദ്ധ സഭ ആണ്. അതിനാല്‍ മിശിഹാ പിതാവിന്‍റെ കൂദാശ ആയിരിക്കുന്നത് പോലെ തന്നെ സഭ മിശിഹായുടെ കൂദാശയാണ്. രക്ഷാ കര്‍മ്മത്തെ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും പുനരാവിഷ്ക്കരിക്കുമ്പോള്‍ ചരിത്രത്തില്‍ യാഥാര്‍ത്ഥ്യമായതും ലോകാവസാനത്തോളം അനുഭവവേദ്യമാകുന്നതുമായ രക്ഷയാണ് ആഘോഷിക്കപ്പെടുന്നത്. സമയത്തിന്‍റെ മൂന്നു മാനങ്ങളും ഇവയിലെല്ലാം കാണാം. ഭൂതകാല സംഭവങ്ങളും അവയുടെ അനുസ്മരണവും (മിശിഹായില്‍ നിറവേറിയ രക്ഷാകര രഹസ്യങ്ങള്‍); വര്‍ത്തമാനകാലവും ദൈവാരാധനയും (സഭ ഇന്ന് രക്ഷാകര രഹസ്യങ്ങള്‍ ആഘോഷിക്കുന്നത്); ഭാവികാലവും മുന്നാസ്വാദനവും (ഭാവിയില്‍ സമ്പൂര്‍ണമാകേണ്ട സ്വര്‍ഗ്ഗീയ ആരാധനയുടെ മുന്നാസ്വാദനം). ഈശോ മിശിഹായില്‍ കേന്ദ്രീകൃതമായ രക്ഷാകരചരിത്രം മുഴുവന്‍ പുനരവതരിപ്പിക്കുന്ന പരിശുദ്ധ റാസയുടെ (മനുഷ്യബുദ്ധിക്കു അഗ്രാഹ്യമായ വിശുദ്ധ രഹസ്യം എന്നാണ് റാസയെന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം) ഭാഗങ്ങളും പ്രതീകാത്മകതയും താഴെ കൊടുക്കുന്നു.
ആമുഖ ശുശ്രൂഷ : മനുഷ്യാവതാരം,
പഴയ നിയമ പ്രതീക്ഷകള്‍,
ഈശോയുടെ രഹസ്യ ജീവിതം

വചന ശുശ്രൂഷ : പരസ്യ ജീവിതം
ഒരുക്ക ശുശ്രൂഷ : പീഡാനുഭവം
അനാഫൊറ : മരണം, ഉത്ഥാനം
റൂഹാക്ഷണം : റൂഹാദ്കുദിശായുടെ ആഗമനം
അനുരഞ്ജനശുശ്രൂഷ : പാപമോചനത്തിനുള്ള ക്ഷണം
ദൈവൈക്യശുശ്രൂഷ : സുവിശേഷത്തില്‍ വിശ്വസിച്ചു രക്ഷ പ്രാപിച്ച സഭാ തനയര്‍
ഹൂത്താമ്മ : സ്വര്‍ഗ്ഗാരോഹണം,
രണ്ടാമത്തെ ആഗമനത്തിലുള്ള പ്രതീക്ഷ
ഇത്രയും വസ്തുതകള്‍ മനസിലാക്കിയെങ്കില്‍ ഒന്നു ചിന്തിക്കു. ഒരു സമൂഹത്തില്‍, പ്രസ്ഥാനത്തില്‍, സ്ഥാപനത്തില്‍ ജീവിക്കുമ്പോള്‍, ജോലി ചെയ്യുമ്പോള്‍ അവിടുത്തെ ഭാഷയും പ്രതീകങ്ങളുടെ അര്‍ത്ഥവും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെയല്ലേ? ഉദാഹരണത്തിന്, ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ബാങ്കിലെ സാങ്കേതിക പദങ്ങളുടെയും പ്രതീകങ്ങളുടെയും അര്‍ത്ഥം അറിഞ്ഞിരിക്കണം. അതല്ലെങ്കില്‍ വണ്ടി ഓടിക്കുന്ന ഒരുവന് ട്രാഫിക് പ്രതീകങ്ങള്‍ മനസിലാക്കാന്‍ സാധിച്ചില്ലങ്കില്‍ ഒരു പക്ഷെ അവന്‍റെ ജീവന്‍തന്നെ അവനു നഷ്ടപ്പെട്ടേക്കാം. ഇതുപോലെ തന്നെയാണ് ആത്മീയജീവിതത്തെയും നമ്മള്‍ സമീപിക്കേണ്ടത്. നമ്മുടെ യഥാര്‍ത്ഥ യാത്ര നിത്യതയിലേക്കുള്ള യാത്ര ആണ്. നമ്മുടെ എറ്റവും പരമപ്രധാനമായ ലക്ഷ്യത്തിലേക്കുള്ള യാത്ര ആണത്. നമ്മള്‍ ജനിച്ച നിമിഷം മുതല്‍ ഈ യാത്ര നമ്മള്‍ തുടങ്ങിയിരിക്കുന്നു . ശരാശരി 30000 ദിവസം മാത്രം നീണ്ടു നില്ക്കുന്ന ഈ ചെറിയ യാത്രയുടെ പകുതി നമ്മളില്‍ പലരും പിന്നിട്ടവരാകാം. ഇനി അപ്പോള്‍ വെറും 15000 ദിവസം മാത്രം. എന്തിനേറെ പറയുന്നു. നാളെ ഈ യാത്ര അവസാനിക്കുമോയെന്നു പോലും നിസാരരായ നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അതൊന്നും ഓര്‍ക്കാന്‍ കൂട്ടാക്കാത്ത ജീവിതവ്യഗ്രത നിറഞ്ഞ നമ്മുടെ ഇന്നത്തെ അവസ്ഥ ലജ്ജിപ്പിക്കുന്നതാണ്. സുഖഭോഗാദികളില്‍ വ്യാപരിച്ചു ഭൗതികമായ പലതിന്‍റെയും പിന്നാലെ ആര്‍ത്തിയോടെ സ്വാര്‍ത്ഥരായി മത്തു പിടിച്ചു പായുന്ന നമ്മള്‍ യഥാര്‍ത്ഥ ലക്ഷ്യം തന്നെ മറന്നു.
പൗരസ്ത്യസുറിയാനി സഭയായ നമ്മുടെ മാര്‍ തോമാ നസ്രാണി സഭയുടെ അഥവാ സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ മൂലഭാഷയായ, നമ്മുടെ ഈശോയുടെ മാതൃഭാഷ കൂടിയായ ക്രിസ്ത്യന്‍ അറമായിക് എന്നറിയപ്പെടുന്ന പൗരസ്ത്യ സുറിയാനി ഇന്ന് വൈദികര്‍ക്കു പോലും അറിയാത്ത ദുരവസ്ഥ. പള്ളിയിലെ മദ്ബഹാ വിരി നാടകത്തിന്‍റെ കര്‍ട്ടന്‍ പോലെ ഒന്ന് ആണന്നു കരുതുന്ന യുവജനങ്ങള്‍. വൈദികന്‍ കാസയും പീലാസയും ശോശപ്പ കൊണ്ടു മൂടന്നത് കാണുമ്പോള്‍ ആ തൂവാല പോലത്തെ സാധനം എന്താണന്ന് ചോദിക്കുന്ന കുഞ്ഞിനോട് പൊടി വീഴാതിരിക്കാന്‍ മൂടി വെക്കുന്ന തുണി ആണ് കുഞ്ഞേ എന്നു പറഞ്ഞു തടിതപ്പുന്ന വല്യപ്പച്ചന്‍മാര്‍. മദ്ബഹയിലെ കൊതുകിനെയും മറ്റു പ്രാണികളെയും ഓടിക്കാനാണ് ധൂപാര്‍പ്പണം എന്ന് സ്വന്തം മക്കള്‍ക്ക് ശാസ്ത്രീയമായി പറഞ്ഞു കൊടുക്കുന്ന ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും. എന്‍ട്രന്‍സ് കോച്ചിങ്ങിനും വിഡിയോ ഗെയിമുകള്‍ക്കുമിടയില്‍ മാര്‍ തോമാ നസ്രാണി എന്ന തന്‍റെ സ്വത്വം പോലും മനസിലാക്കാതെ ജീവിച്ചു തെറ്റായ പ്രേമ ബന്ധങ്ങളില്‍ കുടുങ്ങി ഈശോയെപ്പോലും ഉപേക്ഷിച്ചു വീട് വിട്ടിറങ്ങുന്ന ന്യൂജെന്‍ അഭിനവ നസ്രാണി യുവത്വം.
ഇങ്ങനെ വഴി തെറ്റുന്ന ആത്മീയത കണ്ടു ഉള്ളില്‍ നെരിപ്പോടോടെ കഴിയുന്ന സഭയെ സ്നേഹിക്കുന്ന അനേകം വൈദികരും അല്‍മായരും ഇന്ന് ഉണ്ട് എന്നും എന്‍റെ അന്വേഷണത്തിലൂടെ മനസിലാക്കാന്‍ സാധിച്ചു. അവരുടെ വിലയേറിയ വാക്കുകള്‍ കേള്‍ക്കാന്‍ സഭാ സമൂഹം ഒന്നടങ്കം തയ്യാറാകണം. ആദിമ സഭയിലെ വിശ്വാസ പരിശീലനമായിരുന്ന ആരാധനാക്രമത്തില്‍ അധിഷ്ഠിതമായ വിശ്വാസ പരിശീലനം അഥവാ മിസ്റ്റഗോജിക്കല്‍ കാറ്റക്കെസിസ് എത്രയും വേഗം വീണ്ടെടുക്കണം. അങ്ങനെ പരിശുദ്ധ കുര്‍ബാനയര്‍പ്പണവും യാമ നമസ്കാരങ്ങളും നമ്മുടെ ആദ്ധ്യാത്മിക ജീവിതം പുഷ്ടിപെടുത്തി തുടങ്ങിയാല്‍, സഭയുടെ വിശ്വാസ പ്രകാശനമായ ദൈവാരാധന അഥവാ ലിറ്റര്‍ജി നമ്മുടെ ആദ്ധ്യാത്മിക ജീവന്‍റെ പോഷണം ആയി മാറിയാല്‍ പിന്നെ മറ്റു തരത്തിലുളള അനാവശ്യ ഭക്താഭ്യാസങ്ങളിലേയ്ക്കും പ്രസ്ഥാനങ്ങളിലേയ്ക്കും വ്യക്തികളിലേയ്ക്കും ഒന്നും നാം വലിച്ചിഴക്കപ്പെടുകയില്ല . അങ്ങനെ നമ്മുടെ ഇടവക സമൂഹങ്ങളും സന്യാസ ഭവനങ്ങളും ദേവാലയ കര്‍മ്മങ്ങളും കുടുംബപ്രാര്‍ത്ഥനയും വളരെ സജീവമാകും. നമ്മുടെ സമൂഹം ആദിമസഭാ സമൂഹം പോലെ ആയിത്തീരുകയും ചെയ്യും. നമ്മുടെ അനുഭവ കേന്ദ്രം എപ്പോഴും ഈശോ മിശിഹായും ആയിരിക്കും. ദൈവാരാധനാ കര്‍മ്മങ്ങള്‍ സത്യത്തില്‍ നമ്മുടെ സ്വന്തം അസ്ഥിത്വാഘോഷങ്ങളായി മാറി കഴിയുമ്പോള്‍, അവ ഒരിക്കലും വിരസമാവുകയില്ല; അനുഭവ സാക്ഷാത്ക്കരണത്തിനായി നാനാവഴിക്കു ഇടവകപള്ളി വിട്ടു പന്തലുകളും ഹാളുകളും തേടി പരക്കം പായേണ്ടതായും വരില്ല.അങ്ങനെയെങ്കില്‍ നമ്മുടെ പൂര്‍വികരേ പോലെ ആത്മീയമായി ഉയര്‍ന്നു നമുക്കും ഇങ്ങനെ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാന്‍ സാധിക്കും. എന്‍റെ എല്ലാമെല്ലാമായ ഈശോയെ, ഞാന്‍ തിന്മ ചെയ്യാതിരിക്കുന്നത് നരകത്തില്‍ പോകും എന്നുള്ള പേടി കൊണ്ടാണെങ്കില്‍ നരക കവാടങ്ങള്‍ എനിക്കായി തുറന്നാലും. ഞാന്‍ നന്മ ചെയ്യുന്നത് സ്വര്‍ഗം ലഭിക്കാന്‍ വേണ്ടി മാത്രമെണെങ്കില്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ എനിക്കെതിരെ അടച്ചാലും. മറിച്ചു ഞാന്‍ നന്മ ചെയ്യുന്നതും തിന്മ ചെയ്യാതിരിക്കുന്നതും ഈ സര്‍വ്വചരാചരങ്ങളോടും എല്ലാറ്റിനുമുപരി നിന്നോടുമുള്ള സ്നേഹം കൊണ്ടാണെങ്കില്‍ എനിക്കായി മരിച്ച ആ യഥാര്‍ത്ഥ സ്നേഹത്തെ മതിയാവോളം ആരാധിക്കാന്‍, ചങ്കുപറിച്ചു സ്നേഹിക്കാന്‍, നീ ആയിരിക്കുന്നിടത്തേയ്ക്ക് ഞാന്‍ വരുന്നു. നീ എവിടെ ഉണ്ടോ അതാണ് എന്‍റെ സ്വര്‍ഗ്ഗം. നിന്നെ കണ്ടെത്താന്‍ പറ്റാത്ത സ്ഥലമെല്ലാം എനിക്ക് നരകം തന്നെയാണെന്‍റെ ഈശോയെ…
ദൈവാരാധന മനുഷ്യ അസ്തിത്വത്തിന്‍റെ ഭാഗം തന്നെയാണന്നുള്ള തിരിച്ചറിവില്‍ സമയത്തിന്‍റെ പരിമിതികള്‍ക്ക് ഉള്ളില്‍ ജീവിക്കുന്ന നിസാരരായ നമുക്ക് ഭൂത, ഭാവി, വര്‍ത്തമാനകാലങ്ങളുടെ പരിമിതികളെ അതിലംഘിച്ചു നിത്യ പുരോഹിതനായ ഈശോയുടെ ബലിയിലും സ്വര്‍ഗ്ഗീയ ആരാധനയിലും പങ്കുചേരാന്‍ സാധിക്കുന്ന വിധത്തില്‍ അലൗകികതയിലേക്ക് കടക്കാനായി ദൈവം സ്ഥാപിച്ചിരിക്കുന്ന കവാടമാണ് കൗദാശികജീവിതമെന്ന ഉറച്ച ബോധ്യത്തില്‍ ആ ദൈവിക സംവിധാനത്തില്‍ ഒട്ടും തന്നെ മായം ചേര്‍ക്കാന്‍ ആരെയും അനുവദിക്കാതെ യാമശ്രുശൂഷകള്‍ കഴിയുന്നത്ര നിര്‍വഹിച്ചു, പരിശുദ്ധ കുര്‍ബാന പൂര്‍ണതയിലര്‍പ്പിച്ചു, മദ്ബഹാ കേന്ദ്രീകൃതമായ ആരാധനാക്രമത്തില്‍ അധിഷ്ഠിതമായ യഥാര്‍ത്ഥ മെശിയാനിക ആധ്യാത്മികതയിലേക്ക് നമുക്ക് ഉയരാം. അങ്ങനെ ജീവിതപ്രശ്നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടങ്ങള്‍ക്കുപകരം എല്ലാ വെല്ലുവിളികളെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള ആത്മീയകരുത്തു നാം ആര്‍ജ്ജിക്കും. പ്രതികാരദാഹിയായ അങ്ങകലെയുള്ള ഭയപ്പെടുത്തുന്ന ദൈവത്തിനു പകരം പൂര്‍ണമായും സ്നേഹമായ ദൈവത്തെ, വാത്സല്യത്തോടെ നമ്മെ ഉള്ളംകയ്യില്‍ കൊണ്ടു നടക്കുന്ന ദൈവത്തെ, നാം അനുഭവിച്ചറിയും. അങ്ങനെ ആരാധനാക്രമത്തില്‍ അധിഷ്ഠിതമായ യഥാര്‍ത്ഥ മെശിയാനിക ആധ്യാത്മികതയിലൂടെ വളര്‍ന്നു ചങ്കൂറ്റത്തോടെ മിശിഹായ്ക്ക് സാക്ഷ്യം വഹിക്കാന്‍ പരിശുദ്ധ റൂഹാ നമുക്ക് തെളിവും വെളിവും നല്‍കട്ടെ. ബാവായ്ക്കും പുത്രനും റൂഹാദ്ക്കുദിശായ്ക്കും സ്തുതി. ആമേന്‍.

Leave a Reply