ഇരട്ടി മധുരം നുകർന്ന് ഇരട്ട സഹോദരിമാർ

പങ്കുവയ്ക്കപ്പെടുന്ന സന്തോഷം ഇരട്ടിക്കും എന്നു നാം കേട്ടിട്ടുണ്ട്. അതിന് അടിവരയിടുവോളം കാഞ്ഞിരപ്പള്ളി രൂപത പൊടിമറ്റം ഇടവകയിലെ വെട്ടിക്കൽ കുടുംബം ഇപ്പോൾ അതിരറ്റ സന്തോഷത്തിലാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു നേട്ടം കരസ്ഥമാക്കിയാണ് വെട്ടിക്കൽ രാജു മാത്യുവിന്റെയും റീനയുടെയും മക്കളായ ലിയ ട്രീസാ ജോർജും ലിസാ മറിയം ജോർജും നാടിന് അഭിമാനമായി തീർന്നിരിക്കുന്നത്.

ലിയ ട്രീസാ ജോർജും ലിസാ മറിയം ജോർജും

എം.ജി. സർവ്വകലാശാലയുടെ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചറിലാണ് ഇരട്ട സഹോദരിമാരായ ഇവർ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കേൾക്കുമ്പോൾ അവിശ്വസനീയം അല്ലേ? എങ്ങനെ രണ്ടുപേർക്കും ഒരുപോലെ മാർക്ക് ലഭിച്ചു? പല സെമസ്റ്ററുകളിൽ മത്സരിച്ചു പഠിച്ചതിനാൽ മാർക്കിൽ നേരിയ വ്യത്യാസമുണ്ടെങ്കിലും റാങ്ക് സ്ഥാനം നിർണ്ണയിക്കുന്ന ക്യുമുലേറ്റീവ് ക്രഡിറ്റ് പോയിൻ്റ് ആവറേജ് (CGPA) ഇരുവർക്കും 8.43 ഉം A ഗ്രേഡും ലഭിച്ചതോടെയാണ് ഇരുവരും ഒന്നിച്ച് റാങ്കിലേക്ക് നടന്നടുത്തത്. മുൻ സെമസ്റ്ററുകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ചതിനാൽ റാങ്ക് പ്രതീക്ഷ ഉണ്ടായിരുന്നു എന്ന് അവർ പറയുന്നു. എങ്കിലും ഒന്നാം റാങ്ക് അതും രണ്ടുപേർക്കും ഒന്നിച്ച് ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായാണ്.

റാങ്കിലേക്ക് നടന്നടുത്ത വഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇവർക്ക് പറയാനുള്ളത്, പ്രാർത്ഥിച്ചതിന്റെയും പരസ്പ‌രം സഹായിച്ചതിന്റെയും പ്രോത്സാഹിപ്പിച്ചതിന്റെയും കഥയാണ്. പരീക്ഷയ്ക്കു കുറച്ചു ദിവസം മുമ്പുതന്നെ നോട്ട്സ് റെഡിയാക്കും. ടെക്സ്റ്റിനു പുറമേ നോട്ട്സ് ഉപയോഗിച്ചാണ് പഠിച്ചിരുന്നത്. പഠിച്ചവ പരസ്‌പരം പറഞ്ഞ് കൊടുക്കും. അതൊക്കെയാണ് പരീക്ഷ നന്നായി എഴുതാൻ സഹായിച്ചത് എന്ന് ഈ സഹോദരിമാർ പങ്കുവയ്ക്കുന്നു. നന്നായി അധ്വാനിച്ചു, പഠിച്ചു അതിലുപരി നന്നായി പ്രാർത്ഥിച്ചു. അതിനു ചേർന്ന ഒരു പ്രതിഫലം ദൈവം നല്കിയതാണെന്ന് ഇവർ ഉറച്ചുവിശ്വസിക്കുന്നു.

ഒന്നാം ക്ലാസ് മുതൽ ഒന്നിച്ച് പഠിച്ചുവന്ന ഇവർ പത്താം ക്ലാസിൽ full A+ നേടി വിജയിച്ചിരുന്നു.