ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ ചെയര്‍മാനായി ദിനേശ് കുമാര്‍ ഖര നിയമിതനായേക്കും. അദ്ദേഹം നിലവില്‍ ബാങ്കിന്റെ ഗ്ളോബല്‍ ബാങ്കിംഗ്, ഉപസ്ഥാപനങ്ങള്‍, അസോസിയേറ്റ് ബാങ്കുകള്‍ എന്നിവയുടെ ചുമതലയുള്ള മാനേജിംഗ് ഡയറക്‌ടറാണ്.
പൊതുമേഖലാ ബാങ്കുകളുടെ തലവന്മാരെ തിരഞ്ഞെടുക്കുന്ന ബാങ്ക്സ് ബോര്‍ഡ് ബ്യൂറോയാണ് (ബി.ബി.ബി) കേന്ദ്രസര്‍ക്കാരിന് ഖരയുടെ പേര് ശുപാര്‍ശ ചെയ്‌തത്. നിലവിലെ ചെയര്‍മാനായ രജനീഷ് കുമാര്‍ ഒക്‌ടോബറില്‍ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ ബി.ബി.ബി നടപടികളെടുത്തത്.
എസ്.ബി.ഐയുടെ മാനേജിംഗ് ഡയറക്‌ടര്‍മാരായ ഖര, സി.എസ്. ഷെട്ടി, അര്‍ജിത് ബസു, അശ്വനി ഭാട്ടിയ എന്നിവരുമായി ബി.ബി.ബി അഭിമുഖം നടത്തി.

