2019 ലെ കണക്കനുസരിച്ച് ജര്‍മ്മനിയിലെ 83.6 മില്യണ്‍വരുന്ന ജനസംഖ്യയില്‍ ഏതാണ്ട് 55% ക്രിസ്ത്യാനികളുണ്ട്. അതില്‍ 22.6 മില്യണ്‍ കത്തോലിക്കരും (27.2%) 20.7 മില്യണ്‍ സഭക്കാരും 20.7 മില്യണ്‍ ലൂഥറന്‍ പ്രൊട്ടസ്റ്റന്‍റ് സഭക്കാരും കൂടാതെ 1.5 മില്യണ്‍ ഓര്‍ത്തഡോക്സ് സഭയിലും 3 ലക്ഷത്തോളം സ്വതന്ത്രസഭാംഗങ്ങളുമുണ്ട്. ഇന്ന് ജര്‍മനിയില്‍ ഏതാണ്ട് 22500 കത്തോലിക്കാ പള്ളികളും ഏകദേശം 20500 പ്രൊട്ടസ്റ്റന്‍റ് ദേവാലയങ്ങളുമുണ്ടെന്നാണ് കണക്ക്.ഞാന്‍ ജോലി ചെയ്തിരുന്ന ഒരു ഇടവകയിലെ ഒരു കപ്പേള സാമാന്യം വലിയ ഒരു തുകമുടക്കി പുനരുദ്ധരിക്കുന്നതു സഭയുടെ അംഗസംഖ്യയും പങ്കാളിത്തവും മാത്രമല്ല വരുമാനവും കുറഞ്ഞുവരുന്ന ഈ കാലത്ത് ആവശ്യമാണോ എന്ന എന്‍റെ ചോദ്യത്തിന് അവിടെ വിശ്രമജീവിതം നയിച്ചിരുന്ന അച്ചന്‍ തന്ന മറുപടി, സഭയ്ക്കു ക്രൈസ്തവസംസ്കാരവും കലയും സംരക്ഷിക്കാനുള്ള ഒരു ദൗത്യംകൂടിയുണ്ട് എന്നായിരുന്നു. ഓരോ ഗ്രാമത്തിലും ഉയര്‍ന്നുനില്‍ക്കുന്ന ദേവാലയങ്ങള്‍ ദൈവവിശ്വാസം നിശ്ശബ്ദമായി പ്രഘോഷിക്കുന്നുണ്ട്, എല്ലാ ഞായറാഴ്ചയും കുര്‍ബാനയ്ക്കു വരുന്നില്ലാത്തവരും അവരുടെ പള്ളിയെക്കുറിച്ച് അഭിമാനമുള്ളവരാണെന്നുമൊക്കെ ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്. ദേവാലയങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും നടത്തുന്ന കാര്യത്തില്‍ സഭാധികാരികള്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. നികുതിവരുമാനത്തിന്‍റെ നല്ലൊരുഭാഗം അതിനായി വിനിയോഗിക്കുന്നുമുണ്ട്.എന്നുവച്ചാല്‍ ജര്‍മനിയില്‍ ക്രൈസ്തവദേവാലയങ്ങള്‍ വില്‍ക്കുകയോ മറ്റുപയോഗങ്ങള്‍ക്കായി മാറ്റുകയോ ചെയ്യുന്നേയില്ല എന്നാണോ? അല്ല, കുറെ പള്ളികള്‍ നിരവധിയായ കാരണങ്ങളാല്‍ അങ്ങനെ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇടവകാംഗങ്ങള്‍ ജോലിക്കായി മറ്റു സ്ഥലങ്ങളിലേക്കു പോയതുമൂലം ഉപയോഗമില്ലാതായവ, വൈദികരുടെ എണ്ണം കുറഞ്ഞതുകൊണ്ടും യാത്രാസൗകര്യം വര്‍ധിച്ചതുകൊണ്ടും കുര്‍ബാന ഇല്ലാതായ പള്ളികള്‍ തുടങ്ങി മറ്റനേകം കാരണങ്ങളാല്‍ ചിലവ പൊളിച്ചുകളയുകയും മറ്റുള്ളവ കിന്‍ഡര്‍ഗാര്‍ട്ടന്‍, വൃദ്ധസദനങ്ങള്‍, സോഷ്യല്‍ സെന്‍ററുകള്‍, റെസ്റ്റോറന്‍റുകള്‍ തുടങ്ങിയവയായി മാറ്റുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനെന്നല്ല ഒരു ദേവാലയംപോലും ബാറുകളോ നിശാക്ലബ്ബുകളോ ആക്കി മാറ്റിയതായി കേട്ടിട്ടില്ല.അംഗസംഖ്യയിലും ആനുപാതികമായി വരുമാനത്തിലും വന്നുകൊണ്ടിരിക്കുന്ന കുറവിന്‍റെ പശ്ചാത്തലത്തില്‍, അനേക തലമുറകളുടെ വിശ്വാസത്തിന്‍റെ സജീവ സാക്ഷ്യമായി നിലകൊള്ളുന്ന ദേവാലയങ്ങളില്‍ ഏതൊക്കെ പരിപാലിച്ചുനിര്‍ത്താന്‍ കഴിയുമെന്നുള്ള വേദനാജനകമായ തീരുമാനമെടുക്കുകയെന്നതു വരുംകാലങ്ങളിലും വിശ്വാസികളുടെയും സഭാധികാരികളുടെയും മുമ്പിലുള്ള വെല്ലുവിളിതന്നെയാണ്.ഇവിടെ പരാമര്‍ശിക്കപ്പെടുന്ന പ്രസംഗത്തിലെ ധ്വനിപോലെ ലാഘവബുദ്ധിയോടെയോ നിസ്സംഗതയോടെയോ ഒന്നുമല്ല, തികച്ചും ഗൗരവമായി ബന്ധപ്പെട്ട എല്ലാവരുമായി എല്ലാ സാധ്യതകളും വിലയിരുത്തിയ ശേഷമാണ് ഏത് ഇടവകയ്ക്കും വേദനാജനകമായ ഈ കടുത്ത തീരുമാനം എടുക്കുന്നത് എന്നുള്ളതാണ് പ്രസക്തമായ വസ്തുത.മാത്രമല്ല, ഒരു ദേവാലയം അതിന്‍റെ നിര്‍മ്മിതിലക്ഷ്യത്തില്‍നിന്നു മാറ്റുന്നതിന് വ്യക്തമായ നടപടിക്രമങ്ങള്‍ എല്ലായിടത്തും സഭയ്ക്കുണ്ട്. കത്തോലിക്കാ പള്ളികളെ സംബന്ധിച്ചാണെങ്കിലും വത്തിക്കാനില്‍നിന്നുള്ള നിര്‍ദേശത്തില്‍ നിശാക്ലബുകള്‍ പോലെയുള്ള കാര്യങ്ങള്‍ ലക്ഷ്യമിടുന്നവരുടെ കൈയില്‍ എത്തിച്ചേരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് വ്യക്തമായി പറയുന്നുണ്ട്. പ്രൊട്ടസ്റ്റന്‍റ് സഭകള്‍ക്കും സമാനമായ കരുതലുണ്ട്.യൂറോപ്പിലെ ക്രൈസ്തവസഭയെക്കുറിച്ചും വിശ്വാസജീവിതത്തെക്കുറിച്ചും മുന്‍വിധി കലര്‍ന്ന ചില സാമാന്യവത്കരണങ്ങളുടെ ചുവടുപിടിച്ചു നടത്തിയ യുവനേതാവിന്‍റെ പരാമര്‍ശം പൊതുപ്രവര്‍ത്തനത്തിലെ പരിചയത്തിന്‍റെയും പക്വതയുടെയും കുറവാണോ, ബോധപൂര്‍വമായ ഒരു നിലപാടിന്‍റെ ബഹിര്‍സ്ഫുരണമാണോ, അതോ ശ്രോതാക്കളെ സുഖിപ്പിക്കണം എന്നതല്ലാതെ ഒരു നിലപാടും ഇല്ലാത്തതുകൊണ്ടാണോ – എന്തായാലും തികച്ചും ഖേദകരവും കലുഷിതവുമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സാമൂഹികന്തരീക്ഷത്തില്‍ തികച്ചും നിരുത്തരവാദപരവും വിവേകശൂന്യവും ആയിപ്പോയി എന്ന് പറയാതെ വയ്യ. ക്രൈസ്തവരുടെ വികാരത്തെക്കുറിച്ചല്ലെങ്കിലും സ്വന്തം കുടുംബത്തിന്‍റെ പാരമ്പര്യത്തെക്കുറിച്ചെങ്കിലും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു.
ഫാ. വര്‍ഗീസ് പുത്തന്‍ചിറ ജര്മ്മനി
