മുംബൈ: എല്‍ഗാര്‍ പരിഷദ് കേസുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആദിവാസി അവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് വൈദികനുമായ സ്റ്റാന്‍ സ്വാമി (83)യുടെ ജാമ്യാപേക്ഷ തള്ളി. മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് അപേക്ഷ നിരസിച്ചത്. സ്റ്റാന്‍ സ്വാമിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്നും അവയ്ക്ക് മതിയായ തെളിവുകളുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍.ഐ.എ കോടതിയില്‍ വാദിച്ചു.
ആക്രമണത്തിനു പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചന നടന്നിരുന്നുവെന്നാണ് എന്‍.ഐ.എയുടെ വാദം. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ എട്ടിനാണ് വൈദികനെ അറസ്റ്റു ചെയ്തത്. മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയെന്ന് എന്‍.ഐ.എ ആരോപിക്കുന്ന പെര്‍സിക്യുട്ടഡ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് സോളിഡാരിറ്റി കമ്മിറ്റി ഝാര്‍ഖണ്ഡിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയാണെന്നും നിയമ സഹായം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും സ്്റ്റാന്‍ സ്വാമി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
വൈദികനെ അറസ്റ്റു ചെയ്തതിലുടെ ഭരണഘടന അനുവദിക്കുന്ന വിധത്തില്‍ നിയമസഹായം ലഭ്യമാക്കുന്ന മനുഷ്യാവകാശ സംഘടനകളെയും പ്രവര്‍ത്തകരേയും ക്രിമിനല്‍ വത്കരിക്കാനാണ് പ്രോസിക്യുഷന്‍ ശ്രമിച്ചതെന്നും സ്റ്റാന്‍ സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഹായം നല്‍കുന്നത് നിയമവിരുദ്ധമായ കാര്യമോ നിയമവിരുദ്ധമായ സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതോ അല്ലെന്നും സ്റ്റാന്‍ സ്വാമി അപേക്ഷയില്‍ പറഞ്ഞിരുന്നു.
സ്റ്റാന്‍ സ്വാമി ഏതെങ്കിലും ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി പ്രോസിക്യൂഷന്‍ പറയുന്നില്ല. അദ്ദേഹത്തിന്റെ എഴുത്തുകളാണ് അദ്ദേഹത്തെ ലക്ഷ്യം വയ്ക്കാന്‍ കാരണം. അടുത്ത കാലത്ത് സമര്‍പ്പിച്ച കുറ്റപത്രത്തിലെ മുഴുവന്‍ കാര്യങ്ങളും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള സ്റ്റാന്‍സ്വാമി നിലവില്‍ ജയില്‍ ആശുപത്രിയില്‍ ആണെന്നും സഹതടവുകാരാണ് അദ്ദേഹത്തെ പരിപാലിക്കുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു.
2017 ഡിസംബര്‍ 31ന് പൂനെയിലെ ശനിവാര്‍വാഡ എല്‍ഗാര്‍ പരിഷദില്‍ നടന്ന സി.പി.ഐ മാവോയിസ്റ്റ് യോഗത്തിലാണ് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ കബീര്‍ കാല മഞ്ച് നടത്തിയ വിദ്വേഷ പ്രസംഗമാണ് വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തിയതെന്നും ഇത് 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് സംഘര്‍ഷത്തിന് ഇടയാക്കിയെന്നുമാണ് എന്‍.ഐ.എയുടെ ആരോപണം.

