തിരുവനന്തപുരം; സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണിന് ശേഷം ഇന്നു മുതല്‍ വീണ്ടും നിയന്ത്രണങ്ങളില്‍ ഇളവ്. പ്രാദേശിക തലത്തിലാവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും നടപ്പാക്കുന്നത്.
അതിനിടെ ബുധനാഴ്ചത്തെ അവലോകന യോഗത്തിനു ശേഷം കൂടുതല്‍ ഇളവുകളില്‍ തീരുമാനമുണ്ടായേക്കും. ടിപിആര്‍ വളരെ കുറവുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. കൂടാതെ വാരാന്ത്യ ലോക്ഡൗണ്‍ തുടരുമോ എന്നതിലും തീരുമാനമുണ്ടാകും. ഈ മാസം 23 വരെയാണ് നിലവിലെ നിയന്ത്രണങ്ങള്‍.
ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുറയുന്നെങ്കിലും പ്രതീക്ഷിച്ചത് പോലെ കുറവില്ല.
ഇതിനോടകം ടിപിആര്‍ പത്തില്‍ താഴെക്ക് എത്തുമെന്ന് കണക്കുകൂട്ടിയെങ്കിലും നിലവില്‍ പത്ത് ശതമാനം കടന്ന് തന്നെയാണ് കണക്കുള്ളത്. അതിതീവ്ര വ്യാപനമേഖലകളുടെ എണ്ണം കുറയുന്നതാണ് ആശ്വാസം. നിലവില്‍ 16 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തില്‍ കൂടുതല്‍ ടിപി നിരക്കുള്ളത്. എട്ട് ശതമാനത്തിനും മുപ്പത് ശതമാനത്തിനും ഇടയില്‍ ടിപിആര്‍ ഉള്ള മേഖലകളാണ് സംസ്ഥാനത്ത് എന്‍പത് ശതമാനവും. ഇത് കുറക്കുന്നതാവും കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിര്‍ണ്ണായകം. ടിപിആര്‍ വളരെ കുറവുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതിലും ബുനനാഴ്ചത്തെ വിലയിരുത്തലിന് ശേഷമാകും തീരുമാനം.

