എലിക്കുളം: ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങായി വീണ്ടും ‘മലനാട്’കോട്ടയം ജില്ലയിൽ ഇതാദ്യമായി അന്തരീക്ഷ വായുവിൽ നിന്ന് ഓക്സിജൻ ശേഖരിച്ച് ചികിത്സാ ആവശ്യത്തിനായി സിലിണ്ടറുകളിൽ നിറയ്ക്കുന്ന ആദ്യ പ്ലാന്റ് ഉടൻ പ്രവർത്തന സജ്ജമാകും.കോവിഡ് വ്യാപനം തുടങ്ങിയതിനുശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു പ്ലാന്റ് സജ്ജമാകുന്നത്.ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ പിന്തുണയോടെ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി എലിക്കുളം പഞ്ചായത്തിലെ തമ്പലക്കാട് സ്ഥാപിക്കുന്ന പ്ലാന്റിന്റെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. ഒരു ദിവസം 240 ഡി ടൈപ്പ് സിലിണ്ടറുകൾ ഇവിടെ നിറയ്ക്കാനാകും. ഓക്സിജൻ പ്ലാന്റുകൾ ഇല്ലാത്ത ആശുപത്രികൾക്കും ആംബുലൻസുകൾക്കും മറ്റുമുള്ള സിലിണ്ടറുകൾ നിറയ്ക്കുന്നതിന് മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഇതോടെ ഒഴിവാകും. അന്തരീക്ഷ വായുവിൽനിന്ന് ഓക്സിജൻ വേർതിരിച്ച് സിലിണ്ടറുകളിൽ നിറയ്ക്കുന്ന പ്ലാന്റുകൾ നിലവിൽ ജില്ലയ്ക്ക് ഏറ്റവുമടുത്തുള്ളത് മാവേലിക്കരയിലും എറണാകുളത്തുമാണ്. പുതിയ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ സമീ പജില്ലകൾക്ക് ആവശ്യമുള്ള സിലിണ്ടറുകളും ഇവിടെ നിറയ്ക്കാനാകും. പാറത്തോട് മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയാണ് പ്ലാന്റിന്റെ ചെലവ് പൂർണമായും വഹിക്കുന്നത്.
ജില്ലാ കളക്ടർ എം. അഞ്ജന ഇന്നലെ പ്ലാന്റ് സന്ദർശിച്ചു.മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ, ജോയിന്റ് ഡയറക്ടർ ഫാ. ആൽബിൻ പുൽത്തകിടിയേൽ ഡോ. വ്യാസ് സുകുമാരൻ, ഡോ. ഭാഗ്യശ്രീ, എൻ.എച്ച്. എം, എൻജിനിയർ സൂരജ് ബാലചന്ദ്രൻ തുടങ്ങിയവർ സന്നിഹി തരായിരുന്നു.

