ആത്മീയതയിലെ അപകടങ്ങള്‍

ആത്മീയതയിലെ അപകടങ്ങള്‍

ക്രൈസ്തവആത്മീയമേഖലയ്ക്ക്, വിശ്വാസജീവിതത്തിന് ആഴമേറിയ ഒരു അടിസ്ഥാനമുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിലും വചനത്തിലും അധിഷ്ഠിതമായ ഒരു അടിസ്ഥാനമാണതിനുള്ളത്. എന്നാല്‍, ഈ അടുത്ത കാലത്ത് അതിനെയെല്ലാം തകിടംമറിക്കുന്ന അന്ധവിശ്വാസത്തിലേക്കും വിശ്വാസരാഹിത്യത്തിലേക്കുമൊക്കെ വിശ്വാസികള്‍ നീങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് വേദനാജനകമായ ഒരു കാര്യമാണ്. കൂടോത്രം, മന്ത്രവാദം, ക്ഷുദ്രപ്രയോഗം തുടങ്ങിയ പൈശാചികപ്രവണതകള്‍ ചെയ്യുന്ന രീതി എല്ലാ സ്ഥലങ്ങളിലുമുള്ളതായി കേട്ടിട്ടുണ്ട്. ഇത്തരം അന്ധവിശ്വാസങ്ങളും പൈശാചികപ്രവൃത്തികളും മനുഷ്യനന്മയ്ക്കുവേണ്ടിയല്ല മറിച്ച് മനുഷ്യനാശത്തിനായി പലരും ചെയ്യാറുമുണ്ട്. അന്ധവിശ്വാസങ്ങളില്‍ ആഴപ്പെട്ടുനില്ക്കുന്ന വ്യക്തികള്‍ക്ക് ഇവയൊക്കെ നാശത്തിനു കാരണമായിത്തീരാറുമുണ്ട്. എന്നാല്‍, അടുത്തകാലത്ത് ഇതുമായി ബന്ധപ്പെട്ട് ക്രൈസ്തവവിശ്വാസികളെ വഴിതെറ്റിച്ച് ഇത്തരം അന്ധവിശ്വാസങ്ങള്‍കൊണ്ടു മുതലെടുത്ത് മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന ചില വ്യാജപ്രവാചകന്മാര്‍ കൂടുതല്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട് എന്നതു വിശ്വാസികള്‍ എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.
വി. മത്തായി സുവിശേഷകനിലൂടെ കര്‍ത്താവു വ്യക്തമായി പറയുന്നു: ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട് അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്. കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍ പോലെ ആയിരിക്കും മനുഷ്യപുത്രന്‍റെ ആഗമനം. ശവമുള്ളിടത്ത് കഴുകന്മാര്‍ വന്നുകൂടും (മത്താ. 24:23-28).
പഴയനിയമകാലത്ത് രണ്ടുതരം പ്രവാചകന്മാരുണ്ടായിരുന്നു. സത്യപ്രവാചകന്മാരുണ്ടായിരുന്നു. സത്യപ്രവാചകന്മാരും വ്യാജപ്രവാചകന്മാരും. സത്യപ്രവാചകന്മാര്‍, ദൈവം പറയുന്ന കാര്യങ്ങള്‍ ജനത്തെ അറിയിക്കുവാനും ജനത്തിന്‍റെ കാര്യങ്ങള്‍ ദൈവത്തെ അറിയിക്കുവാനും ദൈവത്തിനും ജനത്തിനും മധ്യേ നില്ക്കുന്നവരാണ്. ഇവിടെ ജനത്തിനിഷ്ടമുള്ളതാണെങ്കിലും അനിഷ്ടമായതാണെങ്കിലും അവര്‍ ജനത്തെ അറിയിക്കും. എന്നാല്‍ വ്യാജപ്രവാചകന്മാര്‍ സ്തുതിപാഠകരാണ്. അവര്‍ക്കു രണ്ടു പ്രത്യേകതകളുണ്ട്.
– അവര്‍ ജനത്തിനിഷ്ടമുള്ളതാണ് പറയുന്നത്. രാജാക്കന്മാരുടെ ഇഷ്ടമനുസരിച്ചു പ്രവചിക്കുന്നവരാണിവര്‍.
– അവര്‍ ഉപജീവനത്തിനുവേണ്ടിയാണ് പ്രവാചകവൃത്തി ചെയ്തിരുന്നത് (ആമോ. 7:12).
ആത്മീയമേഖലയില്‍ ഭാവി പറയുന്ന ധാരാളം പ്രവാചകന്മാര്‍ ഇന്നു രംഗത്തുണ്ട്. വഴിയരികിലിരിക്കുന്ന കാക്കാലന്മാര്‍ തത്തയെക്കൊണ്ട് കാര്‍ഡ് എടുപ്പിച്ച് ഭാവി പറയുന്നതുപോലെ ദൈവവചനം തുറന്നുവച്ച് ഭാവി പറയുന്ന ആളുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. എന്താണു കഴിഞ്ഞ കാലത്തു സംഭവിച്ചത്, നാളെ എന്തു സംഭവിക്കും എന്നൊക്കെ പ്രവചിക്കുന്നവരുടെ അടുത്തേക്ക് ആളുകള്‍ ഓടിക്കൂടുന്ന കാലമാണിത്. സാധാരണജനങ്ങള്‍ക്ക് അതുമതി. അതുകൊണ്ടാണ് മത്താ 24:28 ല്‍ പറയുന്നത് ശവമുള്ളിടത്ത് കഴുകന്മാര്‍ വന്നുകൂടും. ഇവിടെ ശവം എന്നു സൂചിപ്പിക്കുന്നത്, ബലഹീനരായ ജനത്തെയാണ്. അവരുടെ ബലഹീനതയെ ചൂഷണം ചെയ്ത് ഉപജീവനം നടത്തുന്ന കഴുകന്മാരെ നാം തിരിച്ചറിയണം.
എന്തു ഭക്ഷിക്കും എന്തു പാനം ചെയ്യും എന്തു ധരിക്കും എന്നു വിചാരിച്ച് നിങ്ങള്‍ ആകുലരാകേണ്ട. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത് (മത്താ 6:31-32) എന്നു കര്‍ത്താവു പറയുമ്പോള്‍ അതിന്‍റെ അര്‍ത്ഥം മനസ്സിലാക്കി ജീവിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ഇത്തരം പ്രവാചകന്മാരുടെ അടുത്തേക്കു പോകുന്നവര്‍ തങ്ങള്‍ വിജാതീയരാണ് എന്ന് അവരറിയാതെ സ്വയം പ്രഘോഷിക്കുകയാണ്. പിന്നെ നാം വിശ്വാസികളാണ് എന്നു പറയുന്നതിന് എന്തര്‍ത്ഥമാണുള്ളത്? കര്‍ത്താവു പറയുന്നു: “നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും” (മത്താ. 6:33). എന്നാല്‍, കര്‍ത്താവിന്‍റെ ഈ പ്രബോധനത്തില്‍ വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. അതിലും വിശ്വാസം വ്യാജപ്രവാചകന്മാരുടെ പ്രബോധനത്തിലാണ്. അവിടുത്തെ രാജ്യം സ്നേഹത്തിന്‍റെ രാജ്യമാണ്. അവിടുത്തെ നീതി എല്ലാവരെയും എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ്. ഇവ രണ്ടും പ്രായോഗികമാക്കിയാല്‍ വിശ്വാസജീവിതത്തില്‍ വളരുവാന്‍ എളുപ്പമാണ്. ഇവ രണ്ടും അനുഭവിച്ചുകൊണ്ടുള്ള ജീവിതമാണ് സ്വര്‍ഗ്ഗീയജീവിതം. കര്‍ത്താവു പറയുന്നു; നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും (മത്താ. 24:12).
കാണുന്നതെല്ലാം പൈശാചികമാണെന്നു പറഞ്ഞ് ജനത്തെ വഞ്ചിക്കുന്ന ഇക്കൂട്ടരുടെ പിറകേ നാം പോകരുത്. പിശാചില്ലെന്നല്ല. പിശാചുമുണ്ട്, പൈശാചിക പ്രവണതകളുമുണ്ട്. അതുകൊണ്ടാണല്ലോ എല്ലാ മനുഷ്യരും നന്മയ്ക്കു പകരം തിന്മ ചെയ്യുന്നതും നന്മയുടെ വിളനിലമാകേണ്ട പവിത്രമായ കുടുംബബന്ധങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത്. അധര്‍മ്മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുറഞ്ഞുപോകും (മത്താ 24:12). ഈ അധര്‍മ്മം വിതയ്ക്കുന്നത് അഥവാ വര്‍ദ്ധിപ്പിക്കുന്നത് പിശാചാണ്. എന്നാല്‍, ജീവിതത്തിലുണ്ടാകുന്ന അനര്‍ത്ഥങ്ങളെല്ലാം പൈശാചികമാണെന്നു പറയുന്നതു ശരിയല്ല. മനുഷ്യനിലുള്ള സ്വാഭാവികപ്രവണതകളെ നാം മറക്കരുത്. മനുഷ്യന്‍റെ വിവേകവും വിശ്വാസവുമാണ് അവനെ നയിക്കേണ്ടത്. അതു പരിശുദ്ധാത്മാവു നല്കുന്നതാണ്. ചില സഹനങ്ങളിലൂടെ നാം കടന്നുപോകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെങ്കില്‍ അതു പൈശാചികമാണെന്നു പറയാന്‍ പാടില്ല. ഒരുപക്ഷേ, അതൊരു രോഗമായിരിക്കാം, ഒരു കടബാധ്യതയായിരിക്കാം, ഏതെങ്കിലും കഷ്ടനഷ്ടമായിരിക്കാം. ഇപ്രകാരം പല തരത്തിലുള്ള പ്രതിസന്ധികളെ ദൈവത്തിലാശ്രയിച്ച് അതിജീവിച്ച് മുന്നോട്ടുപോകുന്നതാണ് യഥാര്‍ത്ഥക്രൈസ്തവവിശ്വാസം. അതു പ്രത്യാശയിലുള്ള ജീവിതമാണ്, സ്നേഹാധിഷ്ഠിതജീവിതമാണ്. അതു ദൈവഹിതമറിഞ്ഞുള്ള ജീവിതമാണ്. അതായത്, ദൈവികപുണ്യങ്ങളില്‍ പദമൂന്നിയ ജീവിതം. നേരേ മറിച്ച് ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം പൈശാചികമാണെന്നും കൂടോത്രമാണെന്നും ക്ഷുദ്രപ്രയോഗമാണെന്നുമൊക്കെ പറഞ്ഞാല്‍ ബലഹീനരായ ജനങ്ങള്‍ എളുപ്പത്തില്‍ വിശ്വസിച്ചേക്കാം. എല്ലാം പൈശാചികമാണെന്നു പറയുന്നതാണ് ജനങ്ങള്‍ക്കും ഇഷ്ടമെന്നു തോന്നുന്നു. ഇത്തരത്തില്‍ മനുഷ്യരെ അന്ധവിശ്വാസികളാക്കാന്‍ എളുപ്പമാണ്. എന്നാല്‍ അവരെ ദൈവവിശ്വാസികളാക്കാനോ വിശ്വാസത്തില്‍ വളര്‍ത്താനോ അത്ര എളുപ്പമല്ല. മറ്റുള്ളവരെ വിശ്വാസത്തിലും ആത്മീയതയിലും വളര്‍ത്താനാണ് എല്ലാവരും പരിശ്രമിക്കേണ്ടത്.
ഇന്നു മനുഷ്യന്‍ ഒരു പരിധിവരെ വികാരങ്ങളുടെ തലത്തില്‍ മാത്രം ജീവിക്കുന്നവരാണ്. വിശ്വാസം വികാരങ്ങള്‍ക്കു വഴിമാറിക്കൊടുക്കുന്ന ജീവിതം അല്ലെങ്കില്‍ വികാരങ്ങള്‍ക്കുവേണ്ടി വിശ്വാസത്തെ മാറ്റിവയ്ക്കുന്ന ജീവിതം. അതുകൊണ്ടുതന്നെയാണ് ധ്യാനകേന്ദ്രങ്ങളില്‍ വൈകാരികമായി ഉണര്‍ത്തപ്പെടുമ്പോള്‍ ഉണര്‍വ്വുണ്ടാകുകയും ധ്യാനം കഴിഞ്ഞ് ഏതാനും നാളുകള്‍ കഴിയുമ്പോള്‍ ആ വൈകാരികഭാവം നഷ്ടമാകുകയും ചെയ്യുന്നത്. ഈ ഉണര്‍വ്വ് ഒരു വ്യക്തിയെ ആത്മീയമായോ വിശ്വാസപരമായോ വളര്‍ത്തണമെന്നു നിര്‍ബന്ധമില്ല. ചിലപ്പോള്‍ ചിലര്‍ക്ക് അതു സഹായകമായേക്കാം.
ധ്യാനകേന്ദ്രങ്ങള്‍ വൈകാരികതയെക്കാള്‍ കൂടുതല്‍ വിശ്വാസതലത്തില്‍ ജനങ്ങളെ വളര്‍ത്താനാണു പരിശ്രമിക്കേണ്ടത്. വിശ്വാസത്തില്‍ ഒരാള്‍ വളരുമ്പോഴാണ് ധ്യാനത്തിന് യഥാര്‍ത്ഥഫലമുണ്ടാകുന്നത്. വൈകാരികഭാവങ്ങള്‍ ക്ഷണികമാണ്. വിശ്വാസമാണ് നിലനില്ക്കുന്നത് വിശ്വാസമുള്ള വ്യക്തിക്ക് ഏതു ജീവിതസാഹചര്യങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയും. ദൈവത്തിലാശ്രയിച്ചു മുന്നോട്ടു നീങ്ങാന്‍ കഴിയും. അതിനായി ജനങ്ങള്‍ പ്രാപ്തരാകണം. അല്ലെങ്കില്‍ അവര്‍ പ്രാപ്തരാക്കപ്പെടണം.
ആത്മീയമേഖലയില്‍ നേതൃത്വം കൊടുക്കുന്നവര്‍ വൈദികരായാലും സന്ന്യസ്തരായാലും അല്മായരായാലും ദൈവത്തിലാശ്രയിച്ചു മുന്നോട്ടുനീങ്ങുവാന്‍ ജനത്തെ സജ്ജരാക്കണം. അനുദിനജീവിതസാഹചര്യങ്ങളെ, അതു ദുഃഖമായാലും സന്തോഷമായാലും, പൈശാചികതയായിക്കാണാതെ, ദൈവഹിതമായിക്കണ്ട്, സന്തോഷത്തോടെ സ്വീകരിച്ച് മുന്നോട്ടു നീങ്ങാന്‍ വിശ്വാസികള്‍ക്കു കഴിയത്തക്ക രീതിയിലുള്ള ആത്മീയ നേതൃത്വമാണ് സഭയ്ക്കാവശ്യം. സഹനങ്ങളും വേദനകളുമുണ്ടാകുമ്പോള്‍ അതു മാറ്റിത്തരണേ എന്നാണ് എല്ലാവരും പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍, ഈശോ നമ്മെ പഠിപ്പിച്ചതുപോലെ, നിന്‍റെ ഹിതമെങ്കില്‍ അതു വഹിച്ചുകൊണ്ടു പോകാന്‍ ശക്തിതരണേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. “സ്വന്തം കുരിശു വഹിക്കാതെ എന്‍റെ പിന്നാലെ വരു ന്നവന് എന്‍റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ല” (ലൂക്കാ 14:26).

ഫാ. ജെയിംസ് പന്നാംകുഴി OSB

Leave a Reply