ഫാ. ജോര്‍ജ് ഡി. വെള്ളാപ്പള്ളി: പൗരോഹിത്യത്തിലെ ഒരു പത്തരമാറ്റ്‌

മാതാപിതാക്കള്‍ക്കു ഏകമകനാവുക, സഹോദരിമാരുമില്ല. ബാല്യം മുതലുള്ള മോഹവും സ്വപ്‌നവും മാത്രമല്ല, വളരെ തീക്ഷണമായ പ്രാര്‍ത്ഥനയും ഒരു വൈദികനാകാനാവുക എന്നതായിരുന്നു. രണ്ടും കല്പിച്ചു സെമിനാരിയില്‍ ചേര്‍ന്നു. ആലുവാ സെമിനാരിയില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി പട്ടം സ്വീകരിക്കാറായപ്പോള്‍ വീണ്ടും ആത്മപരിശോധനയുടെ സംഘര്‍ഷവും സന്ദേഹവും ഉണ്ടായി എന്നതാണ് ശരി. മാതാപിതാക്കള്‍ക്കടുത്തേക്കു തിരിയെപ്പോകണമോ താന്‍ തന്നെ തെരഞ്ഞെടുത്ത ആത്മീയ വഴിയില്‍ തന്നെ മുന്നോട്ടു പോകണമോ? അച്ചന്‍ തന്റെ ആത്മസംഘര്‍ഷങ്ങളെ സ്വന്തം ആത്മീയ ഗുരുവും ഇടയനുമായ അന്നത്തെ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിനോട് പങ്കുവയ്ക്കുന്നു. തീരുമാനം ഉടനുണ്ടായി. ഡീക്കനായി തുടരാനും നിയോഗിക്കുന്ന പള്ളിയില്‍ കുര്‍ബ്ബാന ചൊല്ലുന്നതൊഴികെ എല്ലാ ശുശ്രൂഷകളിലും വികാരിയച്ചനെ സഹായിക്കാനും നിര്‍ദ്ദേശിച്ചു. തീരുമാനമെടുക്കാന്‍ അഞ്ചു വര്‍ഷമെടുത്തു.
പവ്വത്തില്‍ പിതാവില്‍ നിന്നു തന്നെ പട്ടമേറ്റ അച്ചന്‍ വേദപുസ്തകം പറഞ്ഞതുപോലെ കലപ്പയില്‍ കൈവച്ചതില്‍പ്പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല!
അച്ചന്‍ ഡീക്കനായിരുന്ന കാലത്താണ് 1975-76 ല്‍ കേരള മദ്യവര്‍ജന പ്രസ്ഥാനത്തില്‍ ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുന്നത്. മുന്‍ കേന്ദ്ര മന്ത്രി ലക്ഷ്മി എന്‍. മേനോന്‍ പ്രസിഡന്റ്, പ്രഫ. എം.പി. മന്മഥന്‍ സാര്‍ ഉപാധ്യക്ഷന്‍. വെട്ടം തോമസ് സാറും റവ. കുര്യാക്കോസ് പാറയ്ക്കലച്ചനും സെക്രട്ടറിമാര്‍. മലബാറില്‍ നിന്നും ഫാ. തോമസ് തൈത്തോട്ടവും മാത്യു എം. കണ്ടവും റീജിയണല്‍ കണ്‍വീനര്‍മാര്‍. ഞാനന്ന് മദ്യവര്‍ജന യുവജന പ്രസ്ഥാനത്തിന്റെ കണ്‍വീനറാണ്. ഒപ്പം ഡോ. ജോസ് പാറക്കടവിലും പില്ക്കാലത്ത് ദ്രോണാചാര്യ പദവിയിലെത്തിയ പ്രൊഫ. സണ്ണി തോമസും ജോര്‍ജ് വെള്ളാപ്പള്ളി അച്ചനുമൊക്കെ മദ്യവര്‍ജനരംഗത്ത് സജീവമായിരുന്ന കാലം.
അച്ചന്‍ പൊതുരംഗത്ത് കൂടുതല്‍ സജീവമായത് 1981 ല്‍ നവഭാരതവേദി പ്രസ്ഥാനം ആരംഭിച്ച ശേഷമാണ്. ഡോ. സുകുമാര്‍ അഴീക്കോടു സാറായിരുന്നു വേദിയുടെ പ്രസിഡന്റ്. ഡി.സി. കിഴക്കേമുറിയും സുഗതകുമാരി ടീച്ചറും ആര്‍.എം. മനയ്ക്കലാത്തും വൈസ് പ്രസിഡന്റുമാരായി. വെള്ളാപ്പള്ളി അച്ചന്‍ ട്രഷറര്‍. ഞാന്‍ ജനറല്‍ സെക്രട്ടറിയും പ്രഫ. ജോസ് പാറക്കടവില്‍ സെക്രട്ടറിയും. ഇത്തരം ഒരു വേദി ആരംഭിച്ചതിന്റെ പിന്നിലുള്ള വ്യക്തിയും അതിന്റെ ശക്തിയും അന്ന് ജോര്‍ജ് വെള്ളാപ്പള്ളി അച്ചനായിരുന്നുവെന്നതാണ് സത്യവും യാഥാര്‍ത്ഥ്യവും.
അച്ചന്‍ എന്നും ഒരു ഗാന്ധി ഭക്തനായിരുന്നു. ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ക്രിസ്തു സിദ്ധാന്തങ്ങള്‍ കണ്ട ഒരു യഥാര്‍ത്ഥ ദാര്‍ശനികനായിരുന്നു അച്ചനെന്നു പറയാം. ജയപ്രകാശ് നാരായണന്റെയും മൊറാര്‍ജി ദേശായിയുടെയും കടുത്ത ആരാധകനും അടുത്ത മിത്രവുമായിരുന്നു അച്ചന്‍. അച്ചനും ഈ ദേശീയ നേതാക്കളും തമ്മില്‍ നിരന്തരം എഴുത്തുകുത്തുകളും ഉണ്ടായിരുന്നുവെന്നതാണ് സത്യം. ജെ.പി.യുടെ മരണവാര്‍ത്തയറിഞ്ഞു കരയുന്ന ജോര്‍ജ് അച്ചന്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. ഒന്നാംതരം പ്രഭാഷകനായിരുന്ന അച്ചന്‍ നല്ല സംഘാടകനുമായിരുന്നു. സൗഹൃദങ്ങളെ ഇത്രമേല്‍ വില വച്ചിരുന്നവര്‍ വളരെ വിരളമാണെന്നു പറയണം. അച്ചന്റെ പൗരോഹിത്യ ജൂബിലിക്കു വന്ന് ഡോ. സുകുമാര്‍ അഴിക്കോട് നടത്തിയ പ്രഭാഷണം ആത്മീയതയെക്കുറിച്ചുള്ള ഒരു പുതിയ വ്യാഖ്യാനമായിരുന്നു. അച്ചന്‍ എവിടെയൊക്കെ ഇടവക ശുശ്രൂഷചെയ്തോ അവിടെയെല്ലാം ഡോ. അഴീക്കോടും ആര്‍.എം. മനയ്ക്കലാത്തും സുഗതകുമാരി ടീച്ചറുമൊക്കെ ഓരോരോ സന്ദര്‍ഭങ്ങളില്‍ ചെന്നു പ്രസംഗിച്ചിരുന്നതും എന്റെ ഓര്‍മയിലുണ്ട്. അച്ചന്റെ ആത്മീയത അതിരുകളെ അതിവര്‍ത്തിച്ച സ്‌നേഹത്തിന്റെയും പരിഗണനയുടെയും കരുതലിന്റെയുമായിരുന്നു. ജാതി-മത ഭേദചിന്തകളൊന്നും അതിനു വേലികെട്ടിയിരുന്നുമില്ല. അടിസ്ഥാനപരമായി അച്ചന്‍ ഒരു യഥാര്‍ഥ ആത്മീയനായിരുന്നു. നല്ലഭക്തന്‍. ഉറച്ച വിശ്വാസി. സഭയുടെ നിയമങ്ങളും വെള്ളാപ്പള്ളി അച്ചന്‍ ഒരിക്കലും തെറ്റിച്ചിരുന്നില്ല. 1948 ഡിസംബര്‍ 26 നായിരുന്നു ജനനം. ഇത്ര ചിട്ടയോടെ ജീവിച്ച പുരോഹിതര്‍ വളരെ കുറവായിരിക്കണം.
അച്ചന്‍ രോഗബാധിതനായപ്പോള്‍ അച്ചന്റെ ഉല്‍ക്കണ്ഠ 98 വയസ്സായ തന്റെ അമ്മയെക്കുറിച്ചു മാത്രമായിരുന്നു. അപ്പോഴും വിശ്വാസത്തിന്റെ ഇളകാത്ത കപ്പലായിത്തന്നെ അച്ചന്‍ ജീവിതത്തിന്റെ മറുകരയിലേക്കു താന്‍ വിശ്വസിച്ചവന്റെ കൈപിടിച്ചു കടന്നുപോയി എന്നതാണ് അച്ചന്‍ നമുക്കായി അവശേഷിപ്പിച്ച വിശ്വാസ മാതൃക എന്നതില്‍ രണ്ട് പക്ഷമുണ്ടാകുവാനിടയില്ല. പ്രണാമം.