മായമില്ലാത്ത ‘മിയാ’കാവലില്ലാത്ത കടയില്‍!

ഉപഭോക്താക്കളെ ഇത്രത്തോളം കണ്ണടച്ച് വിശ്വസിക്കുന്ന മറ്റൊരു സംരംഭകന്‍ എവിടെയെങ്കിലും കാണുമോയെന്ന് സംശയമാണ്. കടയില്‍ എഴുതിയിരിക്കുന്ന ഒരു വാചകം ആരുടെയും കണ്ണില്‍ പതിയും. ‘നിനക്കൊരാളെ
പറ്റിക്കാന്‍ കഴിയുന്നുവെങ്കില്‍ നീ ആലോചിക്കേണ്ടത്
അയാളെത്ര മണ്ടനാണ് എന്നല്ല, അയാള്‍ നിന്നെ എത്രമാത്രം വിശ്വസിക്കുന്നു എന്നാണ്.’ ഇതാണ് റോജിയെന്ന സംരംഭകന്റെ മനസ്.

പാലക്കാട്ടെ ആദിവാസി യുവാവായിരുന്നു മധു. വിശന്നുവലഞ്ഞ അവന്‍ ഒരുനാള്‍ കടയില്‍ നിന്നും അനുവാദമില്ലാതെ അരിയെടുത്തു. നാട്ടുകാര്‍ ‘അരിക്കള്ളനെ’ പിടിച്ച് നടുറോഡില്‍ മര്‍ദ്ദിച്ചുകൊന്ന സംഭവം നാം മറക്കില്ല. കച്ചവടക്കാര്യത്തില്‍ ആര്‍ക്കും ആരോടും ദയയും വിട്ടുവീഴ്ചയും കടപ്പാടുമില്ല. വിപണിയില്‍ മൊട്ടുസൂചി മുതല്‍ വജ്രക്കല്ല് വരെ വില്‍പ്പന നടത്തുന്നവര്‍ക്ക് ഉപഭോക്താക്കളില്‍നിന്നും കൃത്യമായി പണം ലഭിക്കുമെന്ന് യാതൊരുറപ്പുമില്ല.
‘വിശ്വാസം – അതല്ലേ’ എല്ലാം എന്നു പറഞ്ഞാലും, ജനങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്ന ഒരു സംരംഭകന്‍ കാഞ്ഞിരപ്പള്ളി പൊടിമറ്റത്തുണ്ട്. ഉപഭോക്താക്കള്‍ ഏറേക്കാലമായി തങ്ങളുടെ അടുക്കളയിലെ ഒഴിവാക്കാനാവാത്ത വിഭവമായി മാറ്റിയ ‘മിയാ’ ചപ്പാത്തി വിപണിയിലെത്തിച്ച റോജി കരിപ്പാപ്പറമ്പിലാണ് ആ താരം.
കോളജ് വിദ്യാഭ്യാസത്തിനുശേഷം വിദേശത്തായിരുന്നു റോജിയ്ക്ക് ജോലി. ഭാര്യ അവിടെ നേഴ്‌സും. ഇരുവരും മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്ക് നീങ്ങുന്ന കാലം. അപ്പോഴാണ് തന്റെ പിതാവിന് ആരോഗ്യപ്രശ്‌നങ്ങളും ചികിത്സയും വേണ്ടിവരുന്നത്. കൂടുതല്‍ ചിന്തിച്ചില്ല, തങ്ങളുടെ തൊഴിലും ഭാവിയുമല്ല വലുത് മാതാപിതാക്കളുടെ പരിചരണമാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ് ഇവര്‍ നാട്ടിലേയ്ക്ക് വിമാനം കയറി.
നാട്ടില്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നതായിരുന്നു പിന്നീടുള്ള ലക്ഷ്യം. ജീവിതശൈലിരോഗങ്ങള്‍ നമ്മുടെ ഭക്ഷണക്രമത്തെ മാറ്റിമറിക്കുന്ന പശ്ചാത്തലം. മായമില്ലാത്ത രുചിയുള്ള ചപ്പാത്തി നിര്‍മ്മിച്ചാല്‍ അത് ജനം സ്വീകരിക്കുമെന്ന് റോജി തീരുമാനമെടുത്തു. ഇതിന്റെ ബാലപാഠങ്ങള്‍ പലരില്‍നിന്നും പഠിച്ചു, മനസ്സിലാക്കി. അതിനായുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചു. ‘മിയാ’ എന്നു പേരു നല്കി 10 വര്‍ഷം മുമ്പ് പൊടിമറ്റത്ത് ചെറിയ തോതില്‍ ചപ്പാത്തി നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. മിയാ – എന്നതിന് പല അര്‍ത്ഥമുണ്ടെങ്കിലും ‘പ്രിയപ്പെട്ടത്’ എന്ന വാക്കിന് കൂടുതല്‍ പ്രാധാന്യം നല്കി.
നേട്ടവും കോട്ടവും, പ്രതിസന്ധികളും വെല്ലുവിളികളും പ്രാരംഭകാലത്ത് മിയയ്ക്ക് നേരിടേണ്ടി വന്നു. ഇവയെല്ലാം അതിജീവിച്ച് റോജി തന്റെ സംരംഭം മുന്നോട്ടുനീക്കി.
ചപ്പാത്തി കേടുകൂടാതെ സൂക്ഷിക്കാനായി രാസവസ്തുക്കള്‍ ചപ്പാത്തിയില്‍ ചേര്‍ക്കുന്നില്ലായെന്നതാണ് ‘മിയയെ’ വിപണിയില്‍ വേറിട്ടു നിറുത്തുന്നത്. അധികാരികളുടെ നിയമപ്രകാരമുള്ള അംഗീകാരവും ഭക്ഷ്യസുരക്ഷാനിയമങ്ങളുമെല്ലാം പാലിച്ചുകൊണ്ടാണ് ഈ ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്.
അതിരാവിലെ നാലുമണിയോടെ യന്ത്രസഹായത്തോടെ ചപ്പാത്തി നിര്‍മ്മാണം ആരംഭിക്കും. റോജിയുടെ മേല്‍നോട്ടത്തില്‍ 9 ജീവനക്കാരും കൈത്താങ്ങായി കൂടെയുണ്ട്. രാവിലെ 5 മണിമുതല്‍ ചപ്പാത്തി വിതരണവാഹനങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് നീങ്ങിത്തുടങ്ങും. ചങ്ങനാശേരി, പാലാ, ഈരാറ്റുപേട്ട, പൊന്‍കുന്നം… എന്നിവിടങ്ങളിലെല്ലാം ഉപഭോക്താക്കള്‍ മിയയെ കാത്തിരിക്കുകയാണ്. കാരണം, രുചിയും, ഗുണവും തനിമയുമുള്ള ‘മിയ’ അവരുടെ പ്രഭാതഭക്ഷണമാണ്. സമയനിഷ്ഠയും ഉത്തരവാദിത്വവും മിയയുടെ മുഖമുദ്രയാണ്.
കാഞ്ഞിരപ്പള്ളി – മുണ്ടക്കയം പാതയില്‍ 26-ാം മൈല്‍ ജംഗ്ഷനിലും പൊടിമറ്റം ഓട്ടോ സ്റ്റാന്‍ഡിനു സമീപവും മിയയ്ക്ക് വില്‍പ്പനശാലകളുണ്ട്. ഇതിന്റെ വിപണനശൈലി ആരെയും ആകര്‍ഷിക്കുന്നു; ഒപ്പം, റോജിയെന്ന സംരംഭകനെ വ്യത്യസ്തനാക്കുന്നു. പകല്‍ 12 മണിമുതല്‍ വൈകിട്ട് 6 മണിവരെ കടയില്‍ വില്‍പ്പനക്കാരില്ല, കാവല്‍ക്കാരില്ല. മിയാ ചപ്പാത്തി പായ്ക്കറ്റുകളിലാക്കി ഉപഭോക്താക്കള്‍ക്കായി കൗണ്ടറില്‍ വയ്ക്കുന്നു. തൊട്ടുചേര്‍ന്ന് ഒരു പ്ലാസ്റ്റിക്ക് പണപ്പെട്ടിയും ഉണ്ട്. ആവശ്യക്കാര്‍ക്ക് ചപ്പാത്തിയെടുത്ത് പായ്ക്കറ്റ് ഒന്നിന് നിശ്ചിത തുകപ്രകാരം പെട്ടിയില്‍ നിക്ഷേപിച്ചു മടങ്ങാം. കൂടാതെ, കൗണ്ടറിന്റെ മുകളില്‍ ഒരു താക്കോല്‍ കാണാം. ഈ താക്കോല്‍ എടുത്ത് കട തുറന്ന് ആര്‍ക്കും അകത്ത് കയറാം. അലമാരയില്‍ വില്‍പ്പനയ്ക്കായി കരുതിയിട്ടുള്ള മായം ചേര്‍ക്കാത്ത മല്ലി, മഞ്ഞള്‍, മുളക് തുടങ്ങിയ കറിപൗഡറുകള്‍ എടുത്ത് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയ നിരക്കില്‍ പെട്ടിയിലിട്ട് താക്കോല്‍ യഥാസ്ഥാനത്ത് വച്ച് മടങ്ങാം. വൈകുന്നേരം 6 മണിയോടെ കൗണ്ടര്‍ കാലിയാകുമെന്നതാണ് റോജിയുടെ അനുഭവം.
ഉപഭോക്താക്കളെ ഇത്രത്തോളം കണ്ണടച്ച് വിശ്വസിക്കുന്ന മറ്റൊരു സംരംഭകന്‍ എവിടെയെങ്കിലും കാണുമോയെന്ന് സംശയമാണ്. കടയില്‍ എഴുതിയിരിക്കുന്ന ഒരു വാചകം ആരുടെയും കണ്ണില്‍ പതിയും. ‘നിനക്കൊരാളെ പറ്റിക്കാന്‍ കഴിയുന്നുവെങ്കില്‍ നീ ആലോചിക്കേണ്ടത് അയാളെത്ര മണ്ടനാണ് എന്നല്ല, അയാള്‍ നിന്നെ എത്രമാത്രം വിശ്വസിക്കുന്നു എന്നാണ്.’ ഇതാണ് റോജിയെന്ന സംരംഭകന്റെ മനസ്. കൂടുതല്‍ നേട്ടത്തിനും ലാഭത്തിനുമായി പലരും റോജിയെ വലവീശിയെങ്കിലും അതില്‍ ഈ സംരംഭകന്‍ കുരുങ്ങിയില്ല, വഴങ്ങിയില്ല. ഗുണമേന്മയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇദ്ദേഹം തറപ്പിച്ചുപറയുന്നു.
മിയാ ചപ്പാത്തി ബിസിനസില്‍ റോജിയോടൊപ്പം ഭാര്യ റ്റിന്റുവും മക്കളായ റിയ മരിയയും റയന്‍ റോജിയും താങ്ങായി, തണലായി നിലകൊള്ളുന്നു. ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവുമുള്ള ജീവനക്കാര്‍ ‘മിയയുടെ’ നെടുംതൂണാണ്. ഇവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനും ഈ സംരംഭകന്‍ ശ്രദ്ധിക്കുന്നു.
ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത കാലമാണിത്. വ്യാപാരസ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറ പലപ്പോഴും പ്രയോജനപ്പെടണമെന്നില്ല. സാഹചര്യം എന്തായാലും, ചപ്പാത്തി ചക്കാത്തില്‍ കൈക്കലാക്കാന്‍ ആരും മുതിരില്ലെന്ന് റോജി സാക്ഷ്യപ്പെടുത്തുന്നു. നമുക്കായി ചപ്പാത്തി കരുതിവയ്ക്കുന്ന ‘ആളില്ലാക്കട’ സത്യത്തിന്റെ, വിശ്വാസത്തിന്റെ, നന്മയുടെ പ്രതീകമാണ്.
കഠിനാധ്വാനമാണ് ജീവിതവിജയത്തിന് എളുപ്പവഴി. ഒപ്പം ദൈവകൃപയും – റോജി പറയുന്നു. ദൃഢനിശ്ചയവും അല്പം ബുദ്ധിമുട്ടാനുള്ള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കും ഏതു സംരംഭവും ഉയരത്തിലെത്തിക്കാന്‍ കഴിയുമെന്ന് ‘മിയാ ചപ്പാത്തിയിലൂടെ’ റോജി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.