പാഞ്ചാലിമേട് മരിയൻ കുരിശുമുടി-യാഥാർഥ്യമെന്ത് ?

സ്വന്തം ലേഖകന്‍
പീരുമേട് താലൂക്കില്‍ പെരുവന്താനം വില്ലേജില്‍പെട്ട പ്രകൃതിരമണീയമായ സ്ഥലമാണ് കണയങ്കവയല്‍ പാഞ്ചാലിമേട്. ഒരു നൂറ്റാണ്ടില്‍ താഴെ മാത്രം ചരിത്രമാണ് ഈ പ്രദേശത്തിനുള്ളത് എന്ന് പഴമക്കാര്‍ പറയുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളില്‍ വഞ്ചിപുഴ മഠത്തില്‍നിന്നും കള്ളിവയലില്‍ കെ സി എബ്രഹാം നാലായിരത്തിലധികം ഏക്കര്‍ സ്ഥലം വാങ്ങി ആയിരത്തി തൊള്ളായിരത്തി നാല്പത്തിയെട്ടില്‍ ഭാഗ ഉടമ്പടിപ്രകാരം പാഞ്ചാലിമേട് ഉള്‍പ്പെടുന്ന സ്ഥലം കെ.സി. എബ്രഹാമിന്‍റെ മകനായ ജോസ് എ കള്ളിവയലിന് ലഭിച്ചു. 1940 തോടുകൂടിയാണ് ജനങ്ങള്‍ കണയങ്കവയല്‍ ഭാഗത്തേക്ക് കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയത്. ഈ കാലഘട്ടത്തില്‍ ബഹു. കൂടംകുളത്ത് അച്ചനും ബഹു. പുത്തന്‍പറമ്പില്‍ അച്ചനും ഇവിടെയുള്ള വിശ്വാസികള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു.
പിന്നീട് 1954 ജനുവരി പത്തൊമ്പതാം തീയതി കണയങ്കവയല്‍ സെന്‍റ് മേരിസ് ഇടവക സ്ഥാപിതമാവുകയും പ്രഥമ വികാരി 1954 ജനുവരി 30ന് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. 1956-ലെ നോമ്പുകാലത്ത് കുരിശുമല കയറുന്നതിന് ആവശ്യമായ അനുവാദത്തിനായി വികാരിയച്ചന്‍റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ജോസ് എ. കള്ളിവയലിനെ സമീപിച്ചു. അദ്ദേഹം തനിക്ക് കുടുംബസ്വത്തായി കിട്ടിയ പാഞ്ചാലിമേട് മലയില്‍ കുരിശ് സ്ഥാപിക്കുന്നതിനും കുരിശിന്‍റെ വഴിയും ആരാധനയും നടത്തുന്നതിനുമായി ഇഷ്ടദാനമായി പള്ളിക്കു നല്‍കി. അവിടെ വര്‍ക്കി കുറിഞ്ഞിക്കാട്ടിന്‍റെയും കുടുന്തേന്‍ കുഞ്ഞേട്ടന്‍റെയും നന്ത്യാട്ട് കുഞ്ഞേപ്പു ചേട്ടന്‍റെയും നേതൃത്വത്തില്‍ ഇടവക അംഗങ്ങള്‍ കുരിശ് സ്ഥാപിച്ചു. അന്നുമുതല്‍ ഇന്നുവരെ യാതൊരു തടസ്സവും കൂടാതെ വിശ്വാസികള്‍ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും, ദുഃഖവെള്ളിയാഴ്ചകളിലും പാഞ്ചാലിമേട് മരിയന്‍ കുരിശുമുടിയിലേക്ക് തീര്‍ത്ഥാടനവും കുരിശിന്‍റെ വഴിയും നടത്തുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളെ തമസ്കരിച്ചുകൊണ്ടാണ് ചില സംഘങ്ങള്‍ ബോധപൂര്‍വ്വം ഇതൊരു കൈയേറ്റമായി ചിത്രീകരിച്ചു രംഗപ്രവേശനം ചെയ്തിരിക്കുന്നത്.
1963 ല്‍ ഭൂപരിഷ്കരണനിയമം പ്രാബല്യത്തില്‍ വരികയും ശ്രീ. ജോസ്. എ.കള്ളിവയലിന്‍റെ ഈ സ്ഥലം മിച്ചഭൂമിയായി 1976 ല്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ സ്ഥലങ്ങളെല്ലാം മിച്ചഭൂമിയായി ഏറ്റെടുത്തിരിക്കുന്നു എന്ന പ്രചാരണം നാട്ടിലാകെ പാട്ടായി. എന്നാല്‍ കണയങ്കവയല്‍ പള്ളിയുടെ കൈവശമിരുന്ന ഈ സ്ഥലം ഏറ്റെടുത്തതായി യാതൊരു വിവരവും നാളിതുവരെ പള്ളിയെ അറിയിച്ചിട്ടില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം ബോര്‍ഡിന്‍റെയും ടൂറിസത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ഈ സ്ഥലത്തിന്‍റെ ഉടമസ്ഥതയെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഉടലെടുത്തത്.
അമ്പലം: പഴമക്കാര്‍ പറയുന്നത്
ഇവിടുത്തെ ഹൈന്ദവ വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിനായി’ ശിവലോകം’ എന്ന പേരില്‍ കപ്പാലുവേങ്ങയില്‍, ഇപ്പോഴത്തെ ‘പറുദീസ’ റിസോര്‍ട്ടിന് സമീപം ഒരു ചെറിയ ഷെഡ് കെട്ടി അമ്പലമായി ഉപയോഗിച്ചുതുടങ്ങി. ഇതിന് നേതൃത്വം നല്‍കിയവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അമ്പലം നിര്‍മ്മിച്ചതിന്‍റെ പിറ്റേവര്‍ഷം ഹൈന്ദവ വിശ്വാസികള്‍ ഉത്സവം നടത്തി. ചില പ്രത്യേക സാഹചര്യത്താല്‍ കരിമ്പനാല്‍ കുടുംബത്തിന്‍റെ കൈവശത്തില്‍ നിന്ന് പിടിച്ചെടുത്ത മിച്ചഭൂമിയിലെ ഈ സ്ഥലം ഉത്സവത്തിന് വാഹനസൗകര്യം ഒരുക്കിയ ആളിന് നല്‍കി. പെരുവന്താനം പോലീസിന്‍റെ മധ്യസ്ഥതയില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഇതിനുശേഷം കുറെ നാളത്തേക്ക് ഈ പ്രദേശത്ത് അമ്പലം ഉണ്ടായിരുന്നില്ല. 1982 ല്‍ ചില ഹൈന്ദവ സഹോദരങ്ങള്‍ എത്തി ഇപ്പോഴുള്ള ആര്‍ച്ചിന് വലതുവശത്ത് താഴെയായി തിരി തെളിക്കുവാന്‍ ഉള്ള ക്രമീകരണങ്ങള്‍ ചെയ്തു. അതിനുശേഷം 1985 കാലഘട്ടത്തില്‍ കൊമ്പന്‍പാറ റോഡിന്‍റെ വലതുവശത്തായി പുല്ലുമേഞ്ഞ ഒരു ഷെഡ്ഡ് നിര്‍മ്മിച്ച് അവിടെ ഭജനയും പ്രാര്‍ത്ഥനകളും നടത്തിപ്പോന്നു. കുറച്ചു നാളുകള്‍ക്കു ശേഷം കറുകച്ചാലുകാരന്‍ സ്വാമിയുടെ നേതൃത്വത്തില്‍ വളളിയാംകാവ് ക്ഷേത്രത്തിലെത്തിയ ഭക്തര്‍ പാഞ്ചാലിമേട് സന്ദര്‍ശിക്കുകയും ഇപ്പോള്‍ അമ്പലം ഇരിക്കുന്ന മലമുകളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തിപ്പോരുകയും ചെയ്തു. പിന്നീട് പാഞ്ചാലിമേട്ടിലേക്ക് ആന എഴുന്നള്ളത്തോടുകൂടി ഉത്സവം നടത്തി. എന്നാല്‍ ഉത്സവത്തോടനുബന്ധിച്ച് കപ്പാലുവേങ്ങയില്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ മൂലം അമ്പലത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി, തുടര്‍ന്ന് കപ്പാലുവേങ്ങയില്‍ ഉള്ള വിശ്വാസികളുടെ നേതൃത്വത്തില്‍ അമ്പലം ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നീട് 2000 നുശേഷം നിലവിലുള്ള ചെറിയ അമ്പലം നിര്‍മ്മിച്ചു. അമ്പലത്തിനു പുറത്തുനിന്നുള്ള പൂജാരിമാരുടെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരുദിവസം പൂജകളും നടത്തിപ്പോന്നു.
എന്നാല്‍ 2013 സെപ്റ്റംബര്‍ ഇരുപത്തിനാലാം തീയതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഗസറ്റ് വിജ്ഞാപനത്തില്‍ലൂടെ കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചു തുടങ്ങി. അമ്പലം സ്ഥിതി ചെയ്യുന്ന ഈ പ്രദേശവും സമീപപ്രദേശങ്ങളും ഏറ്റെടുത്തു എന്ന് പറയുകയു, 2016 മുതല്‍ അമ്പലത്തിന്‍റെ വിപുലമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പുല്ലുമേഞ്ഞ ഷെഡിന് ഷീറ്റ് ഇടുകയും കിണര്‍ നിര്‍മ്മിക്കുകയും ഗ.ട.ഋ.ആ വൈദ്യുതി കണക്ഷന്‍ നല്‍കുകയും ചെയ്തിരിക്കുന്നു. കുടാതെ മുറിഞ്ഞപുഴ -മതമ്പ റോഡില്‍നിന്ന് കൊമ്പന്‍പാറ റോഡിന്‍റെ പ്രവേശന കവാടത്തില്‍ കമാനം നിര്‍മ്മിക്കുകയും ചെയ്തു.
പാഞ്ചാലിക്കുളം:
കള്ളിവയലില്‍കാരുടെ കയ്യില്‍നിന്നും ഏറ്റെടുത്ത മിച്ചഭൂമിയില്‍ പെട്ട സ്ഥലത്താണ് ഇപ്പോഴും അമ്പലം എന്ന് പഴമക്കാര്‍ പറയുന്നു. ഈ അമ്പലത്തിനു സമീപം അനര്‍ട്ടിന്‍റെ നേതൃത്വത്തില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കുകയും പിന്നീട് ഉപേക്ഷിച്ചു പോയതിന്‍റെയും അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്.
ഇവിടെയുള്ള രണ്ട് മലകളുടെയും ഇടയിലുള്ള നിരപ്പായ സ്ഥലത്ത് കള്ളിവയലില്‍ കുടുംബത്തിന്‍റെ ചെറിയ ഒരു താല്‍ക്കാലിക വീടും കന്നുകാലി കൂടും എരുമ കൂടും ഇരുന്നു. ഈ കൂടുകളുടെ തറ നികത്തുന്നതിന് ആവശ്യമായ മണ്ണ് കുഴിച്ചു എടുത്തപ്പോള്‍ ഉണ്ടായ കുഴികളില്‍ വെള്ളം സംഭരിച്ച് മൃഗങ്ങളുടെ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നു.ഇതിന്‍റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം.
ഈ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്തശേഷം 1990-കളില്‍ സര്‍ക്കാരിന്‍റെ ഇറിഗേഷന്‍ വകുപ്പിന്‍റെ പദ്ധതിയില്‍പ്പെടുത്തി ഒരു ചെക്ക് ഡാം നിര്‍മിച്ചു. പിന്നീട് രണ്ടായിരത്തിനുശേഷം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഉള്ള കുളങ്ങള്‍ നിര്‍മ്മിച്ചു. ഈ കുളങ്ങളിലെ വെള്ളം വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള സ്രോതസ്സായി ഇന്ന് ഉപയോഗിക്കുന്നു.
വാല്‍ക്കഷണം
പെരുവന്താനം പഞ്ചായത്തിന്‍റെ പ്രത്യേകിച്ച് മുറിഞ്ഞപുഴ, കണയങ്കവയല്‍, അമലഗിരി, പുറക്കയം, ചെറുവള്ളികുളം പ്രദേശങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഇവിടത്തെ ക്രിസ്തീയസമൂഹത്തിന്‍റെ സംഭാവനകളെ തമസ്കരിച്ചു കൊണ്ട് ഭരണാധികാരികളും നീതിപീഠവും മാധ്യമങ്ങളും അവരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. ക്രിസ്തീയവിശ്വാസികള്‍ ഇവിടെ വിശ്വാസത്തിന്‍റെ പ്രതീകമായി കുരിശുകള്‍ സ്ഥാപിച്ചു എന്നത് സത്യം തന്നെ. അന്ന് ഇത് ഒരു വ്യക്തിയുടെ, കുടുംബത്തിന്‍റെ സ്ഥലമായിരുന്നു. അന്ന് ഇവിടെ ദേവസ്വവും, ടൂറിസവും ഇല്ലായിരുന്നു. കുരിശുകള്‍ സ്ഥാപിച്ചപ്പോള്‍ ഇവിടെ ഭുപ്രകൃതിക്കു മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ മിച്ചഭൂമിയായി ഏറ്റെടുത്തതിനു ശേഷം, ഇന്ന് ഇവിടെ ടൂറിസത്തിന്‍റെയും ദേവസ്വത്തിന്‍റെയും അവകാശികള്‍ രംഗപ്രവേശം ചെയ്തപ്പോള്‍ ഭൂമിയെ പിളര്‍ത്തിയിരിക്കുന്നു. വ്യാപകമായി മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് ഭൂമിയെ തകര്‍ത്തിരിക്കുന്നു. വ്യാപകമായ രീതിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നു. ഇതാണോ പ്രകൃതിയോടുള്ള പ്രേമം? ഇവിടെയുള്ള ജലസ്രോതസ്സുകളെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു… കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടി തുടങ്ങിയിരിക്കുന്നു…. ഇതാണോ ജനസേവനം? ഇതാണോ വികസനം?

Leave a Reply