അപകടം മണക്കുന്ന കൗമാരപ്രണയങ്ങള്‍


പ്രണയം അത് ഹൃദ്യമായ ഒരനുഭൂതിയാണ്. സര്‍വ്വസൃഷ്ടിജാലങ്ങളും പ്രണയത്തിന്‍റെ സൗരഭ്യം പൊഴിക്കുന്നുണ്ട്. ആരെയും ഒന്നിനെയും പ്രണയിക്കാതെ ഒരുവനും ജീവിക്കുവാന്‍ സാധിക്കുകയില്ല. കാരണം അത് അവനില്‍ അന്തര്‍ലീനമാണ്. ദൈവം ഭൂമിയെയും അതിലെ നിവാസികളെയും അഗാധമായി പ്രണയിച്ചിരുന്നു. ഈ പ്രണയത്തിന്‍റെ അലയടികള്‍ വിശുദ്ധഗ്രന്ഥത്തില്‍ നാം കാണുന്നുണ്ട്. ആരംഭത്തില്‍ ആദം മുതല്‍ അവസാനം ഈശോ വഴി തിരുസഭയിലൂടെ പ്രണയത്തിന്‍റെ ഈ മഴപ്പെയ്ത്ത് തോരാതെ പെയ്തിറങ്ങുന്നു. പ്രണയത്തെ അതിന്‍റെ പൂര്‍ണാര്‍ത്ഥത്തില്‍ കാണുവാന്‍ കഴിയുന്നത് യഹൂദയായിലെ ആ മുപ്പത്തിമൂന്നുകാരന്‍റെ ജീവിതത്തിലാണ്. തന്‍റെ ജീവന്‍ നല്കി അവിടുന്ന് നമ്മെ പ്രണയിച്ചു. ആ ദിവ്യപ്രണയം ഇന്നും അനുസ്യൂതം നിര്‍ഗ്ഗളിച്ചുകൊണ്ടിരിക്കുന്നു.
പ്രണയത്തിന്‍റെ പച്ചകെടാത്ത ഹൃദ്യമായ ഭാവങ്ങളെയും ആന്തരികസത്തയെയുമൊക്കെ വല്ലാതെ മുറിപ്പെടുത്തുന്നതാണ് ആധുനികലോകത്തിന്‍റേതായ പ്രണയചിന്താധാരകള്‍. വിവരസാങ്കേതികവിദ്യയും ബൗദ്ധികമണ്ഡലങ്ങളും കുത്തനേ കുതിച്ചുകയറിയെങ്കിലും ജീവിതമൂല്യങ്ങള്‍ക്ക് വലിയ ശോഷണം സംഭവിച്ചിട്ടുണ്ട്. ആധുനികതത്വചിന്തകളും ചലച്ചിത്രവിനോദമേഖലകളും സ്നേഹത്തിന്‍റെ അഥവാ പ്രണത്തിന്‍റെ വിശുദ്ധി പ്രസരിക്കുന്ന മുഖത്തെ മലീമസമാക്കിയിട്ടുണ്ട്. കുട്ടികളിലും കൗമാരക്കാരിലും പ്രണയം ഒരു കുരുക്കായി വരിഞ്ഞു മുറുകുന്നു.പ്രണയത്തിന്‍റെ വിഷവിത്തുകള്‍ പതിച്ച് താറുമാറായ കൗമാരജീവിതങ്ങളും ശിഥിലമാകുന്ന കുടുംബബന്ധങ്ങളും ഇന്ന് സര്‍വ്വസാധാരണമാണ്. ദൈവത്തിന്‍റെ സ്വന്തം നാട് എന്നവകാശപ്പെടുന്ന കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രണയത്തിന്‍റെ പേരില്‍ യുവതിയെ ചുട്ടുകൊന്ന കൊടുംക്രൂരതയും മറ്റു സംഭവങ്ങളും മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. അപകടം പതിയിരിക്കുന്ന പ്രണയപടുക്കുഴികളില്‍ വീണൊടുങ്ങുന്ന കൗമാരക്കാരും ഇന്ന് ഏറി വരുന്നു. കേവലം അധമവികാരങ്ങളെ പ്രസരിപ്പിക്കുന്നതിനുള്ള ചാലകമായി മാത്രം പ്രണയത്തെ കാണുന്ന ശൈലിയാണ് ഇന്ന് പുതുതലമുറയ്ക്കുള്ളത്. ഇത്തരം ചിന്താഗതികളിലേക്ക് ആധുനികതലമുറയെ കൊണ്ടെത്തിച്ചതിനുള്ള വലിയ പങ്ക് സാമൂഹികസമ്പര്‍ക്കമാധ്യമങ്ങളും മാറിയ ജീവിതരീതികളും വഹിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം തിരസ്കരിക്കാനാവില്ല. തിരിച്ചറിയുക ഇത്തരം അപകടങ്ങളേ. സ്നേഹം തഴച്ചു വളരുന്ന പ്രണയാര്‍ദ്രമായ മൂല്യാധിഷ്ഠിതമായ പുതുതലമുറയെ വാര്‍ത്തെടുക്കുവാന്‍ മതങ്ങളും കുടുംബവും സമൂഹവും അറിവു പകരുന്ന അധ്യാപകരും അക്ഷീണം പരിശ്രമിക്കേണ്ടതുണ്ട്.

Leave a Reply