വെള്ളം കുടിക്കാൻ മടിയാണോ? എന്നാൽ മൂത്രത്തിൽ കല്ലിനെ സൂക്ഷിക്കുക

പ്രസവവേദനയേക്കാള്‍ വലിയ വേദന ഇല്ലെന്നാണ് നാം പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ രൂക്ഷമായതൊന്ന് ഉണ്ടെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. അത് മൂത്രാശയകല്ലുകള്‍ മൂലമുള്ള വേദനയാണ്. 5 മുതല്‍ 10 ശതമാനം ജനങ്ങളില്‍ ഇതു കണ്ടുവരുന്നു. വേനല്‍ക്കാലത്താണ് പലപ്പോഴും കിഡ്നി സ്റ്റോണ്‍ ശക്തി പ്രാപിക്കുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് മാത്രമല്ല വെള്ളം കുടിച്ചില്ലെങ്കില്‍ ഏത് കാലാവസ്ഥയിലും സ്റ്റോണ്‍ ഉണ്ടാകാം.
എന്താണ് മൂത്രാശയകല്ലുകള്‍?
വൃക്കയിലോ, മൂത്രവാഹിനിയിലോ, മൂത്രസഞ്ചിയിലോ കാണപ്പെടുന്ന കല്ലിനെയാണ് മൂത്രത്തില്‍ കല്ല് എന്ന് പറയുന്നത്. കാല്‍സ്യം, യൂറിക് ആസിഡ്, ഓക്സലേറ്റ്, ഫോസ്ഫേറ്റ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്‍റെയും ശേഖരമാണ് ഇവ. ശരീരത്തില്‍ മതിയായ ജലാംശം ഇല്ലാതെ വരുമ്പോള്‍, മൂത്രം കൂടുതല്‍ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വര്‍ദ്ധിക്കുകയും, അത് പിന്നീട് കല്ലുകളായി മാറുകയും ചെയ്യുന്നു.
കല്ലുകള്‍ ഏത് വലുപ്പത്തിലും രൂപത്തിലും ആകാം. ഒരു ചെറിയ മണല്‍ത്തരിയോളം തുടങ്ങി ഒരു ടെന്നീസ് ബോളിന്‍റെ വലിപ്പം വരെയാകാം. മിനുസമുള്ള കല്ലുകളും, കൂര്‍ത്ത് മിനുസമില്ലാത്തതുമായ കല്ലുകളുമുണ്ട്. മിനുസമുള്ളവ മൂലമുള്ള വേദന കുറവായിരിക്കും, എന്നാല്‍ കൂര്‍ത്ത കല്ലുകള്‍ മൂലമുള്ള വേദന കൂടുതലായിരിക്കും; അവ തനിയെ പുറത്തുപോകാനുള്ള സാധ്യത കുറവുമായിരിക്കും.
തരങ്ങള്‍ڈ:-
പ്രധാനമായും 5 തരത്തിലുള്ള കല്ലുകളാണുള്ളത്.
1. കാല്‍സ്യം കല്ലുകള്‍ :- 70 മുതല്‍ 80 ശതമാനം വരെ. അവ കൂടുതലും കാത്സ്യം ഓക്സലേറ്റ് കല്ലുകളാണ്; എന്നാല്‍ കാത്സ്യം ഫോസ്ഫേറ്റ് കല്ലുകളുമുണ്ട്.
2. യൂറിക് ആസിഡ് കല്ലുകള്‍:- ഇത് മൃഗങ്ങളുടെ മാംസം അമിതമായി കഴിക്കുന്നവരില്‍ കണ്ടുവരുന്നു. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ചെയ്യുന്നവരിലും ഇത് കാണാറുണ്ട്.
3. സ്ട്രൂവൈറ്റ് കല്ലുകള്‍:- 10 മുതല്‍ 15 ശതമാനം വരെ. മഗ്നീഷ്യം അമോണിയം ഫോസ്ഫേറ്റ് കല്ലുകളാണിവ. വൃക്കയിലെ അണുബാധമൂലം ഇത് രൂപപ്പെടാം. സ്ത്രീകളിലും ഇത് കൂടുതലായി കണ്ടുവരാറുണ്ട്.
4. സിസ്റ്റീന്‍ കല്ലുകള്‍
5. സ്റ്റാംഗ് ഹോണ്‍ കല്ലുകള്‍:- ഇത്തരം കല്ലുകള്‍ ദീര്‍ഘകാലം വൃക്കയില്‍ ഇരുന്ന് അറിയാതെ പോകാറുണ്ട്; അങ്ങനെ വൃക്കയ്ക്ക് തകരാറ് സംഭവിക്കാം.
കാരണങ്ങള്‍ :-
എല്ലാവരിലും കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെങ്കിലും ചില പ്രത്യേക ഘടകങ്ങള്‍ കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത കൂട്ടുന്നു.
1. ശരീരത്തില്‍ ജലാംശം കുറയുക:- ഇത് ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമൂല മോ, ശരീരത്തില്‍നിന്ന് അമിതമായി, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ജലാംശം നഷ്ടപ്പെടുന്നതുമൂലമോ ആകാം.
2. ചൂടുകൂടുതലുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍
3. കിടപ്പുരോഗികളില്‍
4. തുടര്‍ച്ചയായി മൂത്രാശയത്തിലണുബാധ ഉണ്ടാകുന്നവര്‍ക്ക്.
5. പുരുഷന്മാര്‍ക്ക്: 75 ശതമാനം കല്ലുകളും കാണുന്നത് പുരുഷന്മാരിലാണ്; 20 മുതല്‍ 70 വയസ്സുവരെ ഉള്ളവരില്‍.
6. അമിതവണ്ണം
7. ചില വിറ്റാമിനുകളുടെ അഭാവം
8. ജനിതക കാരണങ്ങള്‍: കുട്ടികളില്‍ കാണുന്ന കല്ലുകള്‍ ചിലപ്പോള്‍ പാരമ്പര്യമായി ഉണ്ടാകുന്നതാണ്.
9. ശരീരത്തിലെ കാത്സ്യത്തിന്‍റെ തോത് നിയന്ത്രിക്കുന്ന പാരതൈറോയ്ഡ് ഗ്രന്ഥിയുടെ അസുഖങ്ങള്‍ മൂലം.
10. ചില രോഗങ്ങളുടെ ഭാഗമായി. ഉദാ: കുടലിനെ ബാധിക്കുന്ന ക്രോണ്‍സ് ഡിസീസ്, ഗൗട്ട്, പ്രമേഹം.
11. ചില മരുന്നുകളുടെ ഉപയോഗം. ഉദാ: അന്‍റാസിഡ്
ലക്ഷണങ്ങള്‍:-
കല്ലിന്‍റെ വലിപ്പം, രൂപം, പ്രകൃതി ഇവ അനുസരിച്ച് ലക്ഷണങ്ങളില്‍ മാറ്റങ്ങളുണ്ടാകാം. എന്നാല്‍ പൊതുവായ ചില ലക്ഷണങ്ങള്‍ ഇവയാണ്.
1. അതികഠിനമായ വേദന:- ഇതാണ് പ്രധാന ലക്ഷണം. മൂത്രപഥത്തിലെ കല്ലുകള്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരു ഭാഗത്തേക്കു നീങ്ങുമ്പോഴാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. ഇതിനെ റീനല്‍ കോളിക് അഥവാ യൂറിട്രിക് കോളിക് എന്നു പറയുന്നു. വൃക്കയില്‍നിന്ന് കല്ലുകള്‍ മൂത്രവാഹിനിയിലേക്ക് ഇറങ്ങി തടസ്സം സൃഷ്ടിക്കുന്നു. അതോടെ വേദനയുടെ തുടക്കമായി. വേദനയുടെ കാഠിന്യം കല്ലിന്‍റെ ഘടന, കല്ല് എവിടെ സ്ഥിതി ചെയ്യുന്നു എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു. ഇത് ഇടയ്ക്കിടെ വിട്ടുവിട്ട് വരുന്ന ഒന്നായി തുടങ്ങി പെട്ടെന്ന് അസഹനീയമായി തീരും. ഇത് കുറച്ചു മിനിറ്റുകളോ കുറച്ച് മണിക്കൂറുകളോ നീളുന്നു. നട്ടെല്ലിന്‍റെ വശത്തുനിന്ന് ആരംഭിച്ച് അടിവയറ്റിലേക്ക് പടരുന്നതാണ് വേദന. ഏതു വശത്തെ വൃക്കയിലാണോ കല്ല് ആ വശത്ത് മാത്രമാണ് വേദന അനുഭവപ്പെടുക. ഇരുന്നാലും കിടന്നാലും മാറാത്ത കടുത്ത വേദനയാണ് ഉണ്ടാകുന്നത്. മൂത്രാശയത്തിനും മൂത്രസഞ്ചിക്കും ഇടയില്‍ കല്ല് എത്തുമ്പോള്‍, വേദന മൂത്രമൊഴിക്കുമ്പോള്‍ അനുഭവപ്പെടാം.
2. മൂത്രതടസ്സം:- കല്ലുകള്‍ തടസ്സം സൃഷ്ടിക്കുന്നതുമൂലം മൂത്രസഞ്ചിയിലേക്കുള്ള മൂത്രത്തിന്‍റെ പ്രവാഹം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യാം. മാത്രമല്ല ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്നുള്ള തോന്നലുമുണ്ടാകാം. കല്ലുമൂലമുള്ള തടസ്സം കാരണം മൂത്രവാഹിനിയുടെ മുകള്‍ഭാഗം വികസിക്കുകയും വൃക്കയില്‍ നീര്‍ക്കെട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.
3. മൂത്രത്തില്‍ രക്താംശം:- പരുപരുത്ത കല്ലുകള്‍, പ്രത്യേകിച്ച് ഓക്സലേറ്റ് കല്ലുകള്‍ മൂത്രവാഹിനികളില്‍ ഉരഞ്ഞുനീങ്ങുന്നതുമൂലം രക്തം പൊടിഞ്ഞ് മൂത്രത്തില്‍ രക്തത്തിന്‍റെ അംശം കാണാം.
4. ഛര്‍ദ്ദി, ഛര്‍ദ്ദിക്കാനുള്ള തോന്നല്‍5. പനിയും വിറയലും: കല്ല് വന്നു തടഞ്ഞ് മൂത്രതടസ്സം ഉണ്ടാക്കി ചിലപ്പോള്‍ അണുബാധയുണ്ടാകാം; അങ്ങനെ പനിയും വിറയലും ഉണ്ടാകുന്നു.
6. മൂത്രത്തില്‍ കൂടി കല്ല് പുറത്ത് പോകുക.
7. വേദനയോടൊപ്പം ശരീരം വിയര്‍ക്കുക.
8. പ്രത്യേകിച്ച് ഒരു ലക്ഷണങ്ങളും പ്രകടമാകാതെ ഉള്ളിലിരിക്കുന്ന കല്ലുകളുമുണ്ട്. മറ്റേതെങ്കിലും ആവശ്യത്തിന് സ്കാന്‍ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. വലിയ കല്ലുകള്‍ വൃക്കയില്‍തന്നെ ഇരുന്നാല്‍ വേദന ഉണ്ടാകില്ല, എന്നാല്‍ അത് ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കാം.
9. കല്ലുകള്‍ മൂത്രാശയ അണുബാധയും മൂത്രാശയ തടസ്സവും ഉണ്ടാക്കി താല്ക്കാലികമോ സ്ഥായിയോ ആയ വൃക്ക തകരാര്‍ ഉണ്ടാക്കാം.
രോഗനിര്‍ണ്ണയം:-
1. മൂത്രപരിശോധന: മൂത്രത്തില്‍ രക്തം കാണാം; പഴുപ്പുണ്ടെങ്കില്‍ കണ്ടുപിടിക്കാം.
2. എക്സ്റേ:- 80 ശതമാനം കല്ലുകളും കാല്‍സ്യം ഓക്സലേറ്റ് കല്ലുകളായതുകൊണ്ട് അവ എക്സ്റേയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ യൂറിക് ആസിഡ് കല്ലുകള്‍ എക്സ്റേയില്‍ കണ്ടെന്നു വരില്ല.
3. സ്കാനിങ്:- അള്‍ട്രാസൗണ്ട് സ്കാന്‍, സി ടി സ്കാന്‍, മരുന്ന് കുത്തിവച്ച് എടുക്കുന്ന സി.ടി. യൂറേഗ്രാം മുതലായവ കല്ലുകളെ കണ്ടെത്താന്‍ സഹായിക്കുന്നു. കല്ലുകളുടെ വലുപ്പം അവ ഇരിക്കുന്ന സ്ഥലം, അവ മൂലം ഉള്ള തടസ്സം, വൃക്കയിലും മൂത്രവാഹിനിയിലുമുള്ള വീക്കം മുതലായവ സ്കാനിങ്ങില്‍ കാണാന്‍ സാധിക്കും.
തടയാന്‍:-
ഒരിക്കല്‍ കല്ലുണ്ടായാല്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്; അത് 50-70 ശതമാനം വരെയുണ്ട്. എന്നാല്‍ ശ്രദ്ധിച്ചാല്‍ അത് തടയാന്‍ സാധിക്കും.
1. ധാരാളം വെള്ളം കുടിക്കുക. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് രണ്ടരമുതല്‍ മൂന്ന് ലിറ്റര്‍വരെ വെള്ളം കുടിക്കണം.
2. വെള്ളം കുടിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് മൂത്രമൊഴിക്കുന്നതും. ഒരു ദിവസം രണ്ട് മുതല്‍ രണ്ടര ലിറ്റര്‍ മൂത്രം ഒഴിക്കണം. മൂത്രത്തിന്‍റെ നിറം കണ്ടാല്‍ വെള്ളം ആവശ്യത്തിന് കുടിക്കുന്നുണ്ടോ എന്നറിയാം. മൂത്രം തെളിഞ്ഞ നിറമായിരിക്കണം. തെളിഞ്ഞ മൂത്രത്തില്‍ എല്ലാ പദാര്‍ത്ഥങ്ങളുടെയും വീര്യം കുറവായിരിക്കും. ഇത് കല്ലുണ്ടാക്കുന്നതിനെ തടയാന്‍ സഹായിക്കും. മഞ്ഞയോ കടുംനിറമോ ഉള്ള മൂത്രമാണെങ്കില്‍ വെള്ളം കുടിക്കുന്നത് പോരാ എന്നര്‍ത്ഥം.
3. കായികവും ശാരീരികവുമായ അധ്വാനം ചെയ്യുന്നവരും ധാരാളം വെള്ളം കുടിക്കണം. വിയര്‍പ്പിലൂടെ ധാരാളം ജലാംശം ശരീരത്തില്‍നിന്ന് നഷ്ടപ്പെടുന്നതിനാലാണിത്.
4. നാരങ്ങാവെള്ളവും ഓറഞ്ച് ജ്യൂസും കുടിക്കുന്നത് കല്ലുകളുണ്ടാകുന്നത് തടയും.
5. ഭക്ഷണക്രമീകരണം:- പ്രോട്ടീണിന്‍റെയും ഉപ്പിന്‍റെയും അളവ് കുറയ്ക്കുക.
6. കൃത്രിമ ശീതളപാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക.
7. ഓക്സലേറ്റ് കൂടുതലുള്ള ആഹാരങ്ങള്‍, ഉദാ: കശുവണ്ടി, കട്ടന്‍ചായ, ഡാര്‍ക്ക് ചോക്ലേറ്റ് മുതലായവ കുറയ്ക്കുക.
8. മൃഗങ്ങളില്‍നിന്നുള്ള പ്രോട്ടീന്‍: പ്രത്യേകിച്ചും പ്രായം കുറഞ്ഞ ചെറിയ മൃഗങ്ങളുടെ മാംസം അധികം കഴിക്കരുത്. അതിനുപകരം കോളിഫ്ളവര്‍, പട്ടാണി, അവോക്കാഡോ തുടങ്ങിയവയില്‍ കാണുന്ന പ്രോട്ടീന്‍ കൂടുതലായി കഴിക്കുക.
9. വിറ്റാമിന്‍ സപ്ലിമെന്‍റുകള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.

  1. നെയ്യ് അധികമുള്ള മത്സ്യങ്ങളുടെ ഉപയോഗം കുറയ്ക്കുക.
    1. ഐസ്ക്രീം, കൊഴുപ്പുള്ള ഭക്ഷണം എന്നിവ കുറയ്ക്കുക.
    2. മുട്ട, പരിപ്പുകള്‍, വെള്ള അരി, തൊലികളഞ്ഞ ആപ്പിള്‍, മുന്തിരി, കോളിഫ്ളവര്‍ തുടങ്ങിയവ പോലെ കുറഞ്ഞ അളവില്‍ ഓക്സലേറ്റ് ഉള്ള ആഹാരങ്ങള്‍ കഴിക്കുക.
    3. ധാരാളം പച്ചക്കറികളും, നാരുകളും, പഴവര്‍ഗ്ഗങ്ങളും പ്രത്യേകിച്ച് നാരകവര്‍ഗ്ഗത്തിലുള്ള പഴങ്ങള്‍ കഴിക്കുക.
    4. മൂത്രത്തില്‍ അണുബാധകളുണ്ടെങ്കില്‍ അവ സമയത്ത് ചികിത്സിച്ചു മാറ്റണം.
    5. ഞാവല്‍പ്പഴം യൂറിക് ആസിഡ് കല്ലുകളെ പ്രതിരോധിക്കും.
    6. ശരീരഭാരം നിയന്ത്രിക്കുക: രാത്രി വളരെ വൈകി ഭക്ഷണം കഴിക്കാതിരിക്കുക. അമിതവണ്ണം വൃക്കക്കല്ലിന്‍റെ ഒരു കാരണക്കാരനാണ്.
      ചികിത്സ:
      ചെറിയ കല്ലുകള്‍ മൂത്രത്തില്‍ കൂടിതന്നെ പോകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് 5 മില്ലിമീറ്റര്‍ വരെയുള്ളവ. എന്നാല്‍ 7 മില്ലീമീറ്റര്‍ വരെ വലിപ്പമുള്ള 50 ശതമാനം കല്ലുകളും മൂത്രത്തില്‍കൂടി പോകാം. അതിനായി ദിവസേന 2 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കുക. മൂത്രത്തില്‍ കൂടി പോകാന്‍ ബുദ്ധിമുട്ടുള്ള കല്ലുകളെ വിവിധതരം നൂതന ശസ്ത്രക്രിയാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മാറ്റുന്നു.
      ചആ: മൂത്രത്തില്‍ കല്ലിന് വേദന സംഹാരികള്‍ ഉപയോഗിക്കുന്നതിനുമുമ്പ് വൃക്കയുടെ പ്രവര്‍ത്തനം കൃത്യമാണോ എന്ന് അറിഞ്ഞിരിക്കണം. അതിനാല്‍ സ്വയം ചികിത്സ നടത്തുന്നത് കൂടുതല്‍ അപകടത്തില്‍ എത്തിച്ചേക്കാം.
      ഡോ. അനിറ്റ് ജോസഫ്

Leave a Reply