ഒഡീഷയിലെ കന്ധമാലിൽ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ വധകുറ്റത്തിന് നിരപരാധികളായ 7 ക്രൈസ്തവർ 11 കൊല്ലം ജയിൽ ശിക്ഷ അനുഭവിച്ചശേഷം ഇപ്പോഴും വിചാരണ നേരിടുകയാണ്.
2008 ആഗസ്റ്റ് 23 – ലെ സ്വാമിയുടെ നിഗൂഢമായ കൊലപാതകം ഒരു ക്രിസ്ത്യൻ ഗൂഢാലോചനയാണെന്നു ആരോപിക്കപ്പെട്ട് നിരപരാധികളായ ഏഴ് പേർ -ഒരു ഊമയടക്കം ഇവരിൽ ആറു പേരും നിരക്ഷരർ – താമസിയാതെ അറസ്റ്റ് ചെയ്യപ്പെടുകയും 2013 ഒക്ടോബറിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയുമായിരുന്നു.
സാമിയുടെ കൊലപാതകത്തെ തുടർന്ന് ആഴ്ചകളോളം നീണ്ടുനിന്ന ആക്രമണപരമ്പരയിൽ നൂറോളം ക്രൈസ്തവർ കൊല്ലപ്പെടുകയും 300 പള്ളികളും 6000 ക്രിസ്ത്യൻ ഭവനങ്ങളും കൊള്ളയടിച്ചു അഗ്നിക്കിരയാക്കുകയും ചെയ്തു. ആക്രമണത്തില്‍ കന്യാസ്ത്രീ അടക്കമുള്ള നിരവധി ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിന്നു. സാമിയുടെ മൃതദേഹം വിലാപയാത്രയായി കന്ധമാലിലെ കുഗ്രാമങ്ങളിലൂടെ കൊണ്ടുനടന്ന് അവിടുത്തെ ഭൂരിപക്ഷം ഹിന്ദുക്കളിൽ- അവരിലേറെയും നിരക്ഷരർ- ക്രൈസ്തവർക്കെതിരായ പ്രതികാര വികാരം ആളിക്കത്തിച്ചു.
അതിവേഗ കോടതിയിലെ മൂന്നാമത്തെ ജഡ്ജി- രണ്ടു ജഡ്ജിമാരെ സ്ഥലം മാറ്റിയ ശേഷം – പ്രതിചേർത്ത ഏഴ് ക്രൈസ്തവരെയും കുറ്റക്കാരായികണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. വിശ്വാസ്യമായ യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ കെട്ടിച്ചമച്ച ക്രിസ്ത്യൻ ഗൂഢാലോചനാസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിധി.പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ നേതൃത്വം നൽകിയ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ഈ ആരോപണം വ്യാജമാണെന്ന് 2015 മധ്യത്തോടെ ജുഡീഷ്യൽ അന്വേഷണ കമ്മീഷനു മുമ്പാകെ സാക്ഷ്യപ്പെടുത്തി.
ക്രൈസ്തവ ഗൂഢാലോചന പ്രചാരണം വ്യാജമായിരുന്നുവെന്നും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ക്രൈസ്തവരെ ലക്ഷ്യമിട്ട് ഉന്നതതലത്തിൽ ആസൂത്രണം ചെയ്യുകയും ജന്മാഷ്ടമി രാത്രിയിൽ വാടകക്കൊലയാളികളെകൊണ്ട് നടപ്പാക്കുകയും ചെയ്ത കൊലപാതകമാണെന്നും,’സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്?’ എന്ന പുസ്തകം തെളിവുകൾ സഹിതം സമർത്ഥിക്കുന്നു.
ഒഡീഷ ഹൈക്കോടതിയിൽ, ഈ നിരപരാധികളുടെ ആപ്പീൽ 2013 നവംബർ മുതൽ തുടർച്ചയായി നീട്ടിക്കൊണ്ടിരിക്കുന്നത് മറ്റൊരു ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്.
അതുകൊണ്ട് നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഈ അപഹാസ്യത അവസാനിപ്പിക്കാനും ഏഴ് നിരപരാധികളെ വിട്ടയക്കാൻ നടപടികൾ സ്വീകരിക്കണം.

