വത്തിക്കാൻ സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ദുരിതബാധിതരെ സഹായിക്കാനുമായി പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം ലഭ്യമാക്കിയത് 11.7 മില്യൺ ഡോളറിന്റെ സഹായം. പൗരസ്ത്യസഭകളുടെ സാന്നിധ്യമുള്ള ഇന്ത്യയുൾപ്പെടെയുള്ള 21 രാജ്യങ്ങളിലായാണ് സഹായം വിതരണം ചെയ്തതെന്ന് ഇതുസംബന്ധിച്ച രേഖകൾ വ്യക്തമാക്കുന്നു. മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ മുതൽ വെന്റിലേറ്ററും ഭക്ഷ്യവസ്തുക്കളുംവരെ ലഭ്യമാക്കുന്നുണ്ട്.
ഇസ്രായേൽ, പലസ്തീൻ, ഗാസാ, ജോർദാൻ എന്നിങ്ങനെ വിശുദ്ധനാട് ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് സഹായധനം ഏറ്റവും കൂടുതൽ ലഭ്യമാക്കിയത്^ 4.1 മില്യൺ ഡോളർ. കോവിഡ് പരിശോധനാ കിറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവയ്‌ക്കൊപ്പം കുട്ടികൾക്ക് പഠിക്കാനുള്ള സ്‌കോളർഷിപ്പും കുടുംബങ്ങൾക്കായുള്ള ഭക്ഷ്യവസ്തുക്കളും ഈ രാജ്യങ്ങളിൽ വിതരണം ചെയ്തു. സിറിയ, ഇന്ത്യ, എത്യോപ്യ, ഇറാക്ക്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ ഭക്ഷണസാധനങ്ങളും തെർമോമീറ്റർ, മാസ്‌ക്കുകൾ തുടങ്ങിയവയും നൽകിയിട്ടുണ്ട്.
അർമേനിയ, ബെലാറസ്, ബൾഗേറിയ, ഈജിപ്ത്, എരിത്രിയ, ജോർജിയ, ഗ്രീസ്, ഇറാൻ, കസാഖിസ്ഥാൻ, മാസിഡോണിയ, പോളണ്ട്, റൊമാനിയ, ബോസ്‌നിയ, ടർക്കി, ഉക്രൈൻ എന്നിവയാണ് സഹായം ലഭിച്ച മറ്റ് രാജ്യങ്ങൾ. കൂടാതെ വിവിധ രൂപതകൾക്ക് ദിവ്യബലിയും മറ്റ് പ്രാർത്ഥനകളും തൽസമയം വിശ്വാസികളിൽ എത്തിക്കാനുള്ള സൗകര്യവും ഒരുക്കി. ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ’, ‘പൊന്തിഫിക്കൽ മിഷൻ ഫോർ പാലസ്റ്റീൻ’ എന്നീ എജൻസികളിലൂടെയാണ് സഹായത്തിന്റെ വലിയശതമാനവും വിതരണം ചെയ്തത്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കാത്തലിക് റിലീഫ് സർവീസ്, കാരിത്താസ് ഇന്റർനാഷണലിസ്, എയിഡ് ടു ദ ചർച്ച് ഇൻ നീഡ് എന്നീ സന്നദ്ധ സംഘടനകളും അമേരിക്കൻ, ഇറ്റാലിയൻ മെത്രാൻ സമിതികൾ അടക്കമുള്ളവയുടെ പിന്തുണയോടെയാണ് സഹായപദ്ധതികൾ ലഭ്യമാക്കുന്നത്. സഹായ പദ്ധതികൾ ഏപ്രിലിൽ പ്രഖ്യാപിച്ചശേഷം, ഇതുവരെ നടപ്പാക്കിയ കാര്യങ്ങൾ വിശദമാക്കുന്ന രേഖകൾ പൗരസ്ത്യ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലിയാനാർഡോ സാന്ദ്രി ഫ്രാൻസിസ് പാപ്പയ്ക്ക് കൈമാറി.
