യേശു നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു

ഒരു നാടിന്‍റെ മുഴുവന്‍ പേടിസ്വപ്നമായിരുന്നു ‘ഇറച്ചി ആല്‍ബി’നില്‍നിന്നും അനേകായിരങ്ങളുടെ രക്ഷകനായി മാറിയ ബ്രദര്‍ ആല്‍ബിനിലേക്കുള്ള ദൂരം വെറും ‘യേശു നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു’ എന്ന ഒരു പാവപ്പെട്ട കന്യാസ്ത്രീയുടെ നാവില്‍ നിന്നുതിര്‍ന്ന വാക്യത്തിന്‍റെ അകലം മാത്രം.
ഒരു സിനിമയില്‍ അവതരിപ്പിച്ചാല്‍പോലും അതിശയോക്തി എന്ന് പറയത്തക്കവിധത്തില്‍ സംഭവബഹുലമായ ആല്‍ബിന്‍റെ ജീവിതം പറയുമ്പോള്‍ ഒരിക്കലും അസ്തമിക്കാത്ത ദൈവസ്നേഹത്തിന്‍റെ നീളവും വീതിയും ആഴവും ഉയരവും ഗ്രഹിക്കുവാന്‍ നമുക്ക് ശക്തി ലഭിക്കും.
ചേര്‍ത്തല തങ്കി കടപ്പുറത്ത് ജനിച്ചുവളര്‍ന്ന ആല്‍ബിന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തം അപ്പനെ ആരോക്കെയോ ചേര്‍ന്ന് തല്ലിക്കൊന്നതിന്‍റെ ഹൃദയം തകര്‍ക്കുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജീവിതം പിച്ചവച്ച് തുടങ്ങിയത്. മൂന്നാം ദിവസം ശവം കരയ്ക്കടിഞ്ഞപ്പോള്‍, സ്കൂളിലേക്ക് രാവിലെ പോയ ആല്‍ബിനോട് നാട്ടുകാര്‍ പറഞ്ഞു ‘അപ്പന്‍റെ ശവം പൊങ്ങീട്ടുണ്ട്. അന്ന് കടല്‍ക്കരയില്‍ പാഠപുസ്തകം വലിച്ചെറിഞ്ഞതിനുശേഷം കൈകൊണ്ട് തൊട്ടിട്ടില്ല. നാടുവിട്ടുപോയി. പത്തൊമ്പത് വയസുവരെ തൃശൂരിലും പരിസരപ്രദേശങ്ങളിലുമായി ജീവിച്ചു. ജീവിക്കാന്‍വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. തിരിച്ച് സ്വന്തം നാട്ടില്‍ വന്നു. രണ്ടു വര്‍ഷത്തോളം ആലപ്പുഴ ഐ.എം.എസ് ധ്യാനകേന്ദ്രത്തില്‍ (അന്ന് ധ്യാനകേന്ദ്രം തുടങ്ങിയിട്ടില്ല. ആശ്രമംമാത്രം) സഹായിയായി നിന്നു. അപ്പോള്‍ ഒരു കയര്‍ഫാക്ടറിയില്‍ ജോലി കിട്ടി. ആല്‍ബിന്‍ എല്ലാവരോടും നന്നായി പെരുമാറുന്ന ഒരു ചെറുപ്പക്കാരനായിരുന്നു.
സ്ഥാപനത്തിന്‍റെ ഉടമസ്ഥന്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുകയും കൈകൂപ്പുകയും ചെയ്യുമായിരുന്നു. അദ്ദേഹം മുന്‍കയ്യെടുത്ത് ആല്‍ബിന് സ്വന്തമായി ഒരു കൊച്ചുകൂര ഉണ്ടാക്കിക്കൊടുത്തു. ഇരുപത്തൊന്നാമത്തെ വയസില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ കല്യാണവും കഴിച്ചു. വളരെ സമാധാനമായി മുമ്പോട്ടുപോകുമ്പോള്‍ നാടിലുള്ള തന്‍റെ അനുജനെയും ഇതേ സ്ഥാപനത്തില്‍തന്നെ മുതലാളി ജോലിക്കെടുത്തു. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അനുജന്‍ ഒരു പെണ്ണുമായി പ്രേമബന്ധത്തിലായി. ആല്‍ബിന്‍ അതിനെ എതിര്‍ത്തെങ്കിലും എതിര്‍പ്പ് വകവയ്ക്കാതെ അനുജന്‍ ആ പെണ്ണിനെ തന്നെ കല്യാണം കഴിച്ചു. പക്ഷേ, തുടക്കം മുതലെ കലഹമായി. അവള്‍ 9 മാസം ഗര്‍ഭിണിയായിരിക്കെ അവന്‍ അവളെ തല്ലിയതിന്‍റെ പേരില്‍ ആരോ വന്ന് അനുജനെ വിളിച്ചിറക്കിക്കൊണ്ടു പോയി തല്ലിക്കൊന്നു. പിറ്റേന്ന് ആല്‍ബിന്‍ രാവിലെ ജോലിക്ക് ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച കമ്പനിപ്പടിക്കല്‍ കിടക്കുന്ന അനുജന്‍റെ ശവശരീരം. തന്‍റെ അപ്പന്‍റെ അതേ ഗതി അനുജനും വന്നല്ലോ എന്നോര്‍ത്ത ആല്‍ബില്‍ സങ്കടം തീര്‍ത്താന്‍ കണ്ട മാര്‍ഗ്ഗം മദ്യമായിരുന്നു. കള്ളുഷാപ്പില്‍ പോയി മദ്യപിച്ച് നേരെ പോയത് അനുജനെ കൊന്നവരോട് പ്രതികാരം തീര്‍ക്കാനായിരുന്നു.
ആല്‍ബിന്‍ മറ്റൊരു മനുഷ്യനായ്, അല്ല ഒരു മൃഗമായി മാറുകയായിരുന്നു. കണ്ണില്‍കണ്ടവരോടെല്ലാം പക പിന്നീട് പെട്ടെന്നായിരുന്നു ‘വളര്‍ച്ച’ കൂലിത്തല്ലുകാരനായി, ഗുണ്ടയായി കൊലപാതകിയായി. 105 ക്രിമിനല്‍ കേസുകള്‍ ആല്‍ബിന്‍റെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായിജിസ്റ്റര്‍ ചെയ്യപ്പെട്ടു.
രാഷ്ട്രീയക്കാര്‍ക്കും പല മുതലാളിമാര്‍ക്കും എല്ലാം ആല്‍ബിനെ വേണ്ടപ്പെട്ടവനായി. ഇഷ്ടംപോലെ പണം, മദ്യം. നാട്ടിലെ രാജാവായതായി ആല്‍ബിന് സ്വയം തോന്നിതുടങ്ങി. ആ സമയത്താണ് ഇന്നും പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധനായ സുകുമാരക്കുറുപ്പ് ആല്‍ബിനെ തേടിയെത്തിയത് ആരുടെയെങ്കിലും ഒരു ശവം വേണമെന്ന ആവശ്യവുമായി. ആല്‍ബിന്‍ കൊട്ടേഷന്‍ ഏറ്റെടുത്തെങ്കിലും അതിനുമുമ്പേ സുകുമാരക്കുറുപ്പ് കാര്യം സാധിച്ചു.
ഇതിനിടയില്‍ ആദ്യം ജോലി ചെയ്തിരുന്ന ഫാക്ടറിയുടെ അടുത്തായി ഒരു ഇറച്ചിക്കട ആല്‍ബിന്‍ തുടങ്ങിയിരുന്നു. പല കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നിരുന്ന ഒരു പോലീസുകാരന്‍ ആല്‍ബിനെ മുതലെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അതൊരു കൊലപാതകസദൃശമായ സംഘട്ടനത്തിലെത്തി. ജയിലിലായി. ഓരോ തവണ ജയിലില്‍ പോകുമ്പോഴും ഉടന്‍തന്നെ ജാമ്യത്തിലിറങ്ങും. ജയില്‍ തനിക്കൊരു രണ്ടാം വീടുപോലെയായി.
എന്നാല്‍ ഇതിനിടയിലും ഭാര്യ മേരിയോട് ആല്‍ബിന് എന്നും സ്നേഹമായിരുന്നു. ഓരോ കൊലപാതകവും കഴിഞ്ഞ് വരുമ്പോഴും ഭാര്യയുടെ കാലില്‍വീണ് പൊട്ടിക്കരയുമായിരുന്നു. മൂന്ന് മക്കളും ജനിച്ചു.
ഒരു കേസില്‍ ജാമ്യത്തിലിറങ്ങി കൂട്ടുകാരുമൊത്ത് പുന്നപ്രയിലെ കള്ളുഷാപ്പില്‍ ഇരുന്ന് മദ്യപിച്ച് കൊണ്ടിരുന്നപ്പോള്‍ അന്നാട്ടില്‍ വളര്‍ന്നുവന്ന് കൊണ്ടിരുന്ന മറ്റൊരു ഗുണ്ടാനേതാവ് ‘പൊടിയന്‍’ ആല്‍ബിനെ തേടിയെത്തി. ഇവിടെ ഒരാള്‍ മാത്രം മതി എന്ന പ്രഖ്യാപനവുമായി. ആല്‍ബിന്‍ ആദ്യം അതിനെ അവഗണിച്ചെങ്കിലും തുടര്‍ന്ന് സംഘട്ടനമായി. ഒടുവില്‍ പൊടിയനെ കുത്തിമലര്‍ത്തി ചാകുന്നതുവരെ കാവലിരുന്നു. വന്‍പോലീസ് സന്നാഹം വന്ന് ആല്‍ബിനെ അറസ്റ്റ് ചെയ്തു. തലമുടി മുഴുവന്‍ നീക്കി തലമൊട്ടയടിച്ചു. മീശയും പുരികവും വടിച്ച്, വിലങ്ങണിയിച്ച് ആലപ്പുഴ ടൗണിലൂടെ നടത്തിയപ്പോള്‍ ചുറ്റും നിന്ന ജനം ആഹ്ലാദാരവം മുഴക്കി. പന്ത്രണ്ട് വര്‍ഷം ശിക്ഷ ലഭിച്ചു. ആദ്യത്തെ പരോളില്‍ പുറത്തിറങ്ങി. ഇനി ആല്‍ബിന്‍ പുറത്തിറങ്ങിയാല്‍ പല തലകളും വീഴുമെന്ന് ഭയന്ന അനേകര്‍ കൂടി ആല്‍ബിന്‍റെ രണ്ട് കാലും കയ്യും തല്ലിയൊടിച്ചു. നെഞ്ചില്‍ കത്തികുത്തിയിറക്കി. മരിച്ചെന്ന് കരുതി ശവത്തിന്‍റേമേല്‍ ഓല വെട്ടിയിട്ടു. വിവരമറിഞ്ഞ് ഓടിയെത്തിയ ഭാര്യ മേരി കെട്ടിപ്പിടിച്ച് കരയുമ്പോള്‍ ആല്‍ബിന്‍ കണ്ണ് തുറന്ന് പറഞ്ഞു ‘എനിക്കൊന്നും പറ്റിയിട്ടില്ല’. ആശുപത്രിയില്‍ കൊണ്ടുപോയാ മതി. ആശുപത്രിയില്‍നിന്നും നേരെ വീട്ടിലേക്ക്. സഹായിക്കാന്‍ ആരുമില്ല. കൊടും പട്ടിണി. ഒരു മനുഷ്യന്‍പോലും തിരിഞ്ഞുനോക്കുന്നില്ല.
ഒരു ദിവസം ആല്‍ബിന്‍ രണ്ടാം ജന്മത്തിലേക്ക് കാലെടുത്തുവച്ച ദിവസം. രണ്ട് കന്യാസ്ത്രീകള്‍ ആല്‍ബിനെ തേടിവന്നു. കര്‍മ്മലീത്താമഠത്തിലെ സിസ്റ്റര്‍ ആനി സ്കറിയയും മദര്‍ പുഷ്പയും. അവര്‍ ആല്‍ബിനോട് പറഞ്ഞു. യേശു നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു. ഞങ്ങളും. ജീവിതത്തില്‍ ആദ്യമായി തന്നെപ്പോലൊരു ക്രിമിനലിനെ നോക്കി ആരെങ്കിലും ഇങ്ങനെ പറയണമെങ്കില്‍ അവര്‍ക്ക് ഭ്രാന്തുണ്ടാവണം. അതേ, കര്‍ത്താവിനോടുള്ള സ്നേഹം കൊണ്ട് വട്ട് പിടിച്ചവര്‍തന്നെ. ആല്‍ബിന്‍ പൊട്ടിക്കരഞ്ഞ് പറഞ്ഞു. എനിക്ക് കുമ്പസാരിക്കണം ഐ.എം.എസ്സില്‍ നിന്നും അച്ചന്‍ വന്നു. ആല്‍ബിന് അന്ത്യകൂദാശ കൊടുക്കാന്‍ അച്ചന്‍ വന്നതാണെന്ന് നാട്ടുകാര്‍ കരുതി. സകല പാപങ്ങളും കര്‍ത്താവ് ക്ഷമിച്ചു എന്ന തിരിച്ചറിഞ്ഞ ആല്‍ബിന്‍ പരോള്‍ കഴിഞ്ഞ് തിരിച്ചു പോയത് ഒരു പുതിയ മനുഷ്യനായിട്ടായിരുന്നു. 1984-ല്‍ വീണ്ടും ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ ഇറങ്ങിയ ദിവസം തന്നെ കളമശേരിയില്‍വച്ച് നടക്കുന്ന ദേശീയ കരിസ്മാറ്റിക് ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍പോയി. കല്‍വന്‍ഷന്‍റെ മൂന്നാം ദിവസം, ജയിലില്‍നിന്നു വന്ന താന്‍ കുടുംബത്തോടൊപ്പം കഴിയണ്ടതല്ലേ എന്ന ചിന്തയില്‍ വീട്ടില്‍ പോകാന്‍ ഗെയിറ്റിന് വെളിയില്‍ ഇറങ്ങുമ്പോള്‍ മൈക്കില്‍കൂടി ഇങ്ങനെ കേള്‍ക്കുന്നു. “കൊലപാതകേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍നിന്നും വന്ന് ധ്യാനം കൂടുന്ന ആല്‍ബിന്‍ എന്ന മകനെ കര്‍ത്താവ് അനുഗ്രഹിക്കുന്നു. അനേകായിരങ്ങള്‍ക്ക് സാക്ഷ്യമായി കര്‍ത്താവ് അവനെ മാറ്റുന്നു.” തന്നെക്കുറിച്ചാണല്ലോ ഈ പറയുന്നത് എന്ന് ശ്രദ്ധിച്ച ആല്‍ബിന്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. ഒരു വലിയ പ്രകാശഗോളം തന്‍റെ അടുത്തേക്ക് വരുന്നു. അടുത്തുവന്നപ്പോള്‍ അതൊരു വൈദികന്‍ ആണെന്ന് മനസ്സിലായി. ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന പ്രസ്ഥാനത്തിന്‍റെ തലതൊട്ടപ്പനായ ജോര്‍ജ് കുറ്റിക്കല്‍ അച്ചനായിരുന്നത്. അച്ചന്‍ ആല്‍ബിനെ പരിചയപ്പെട്ടു. മുട്ടുകുത്തി നിന്ന് ആല്‍ബിന്‍റെ പാദങ്ങളില്‍ ചുംബിച്ചു. ‘ദൈവമേ എന്തായിത്’ കര്‍ത്താവിന്‍റെ ഒടുങ്ങാത്ത സ്നേഹത്താല്‍ പിടിക്കപ്പെട്ട ആല്‍ബിന്‍ അലറിക്കരഞ്ഞു.
വീണ്ടും തിരിച്ച് ജയിലിലേക്ക്. പിന്നീടുള്ള കാലം നെയ്യാര്‍ഡാമിലുള്ള ഓപ്പണ്‍ ജയിലില്‍ ആയിരുന്നു. അവിടെ വച്ച് ബഹു. കുറ്റിക്കല്‍ അച്ചന്‍റെ നേതൃത്വത്തില്‍ എല്ലാ മതസ്ഥര്‍ക്കുംവേണ്ടി ശാന്തിഭവന്‍ എന്ന പേരില്‍ പ്രാര്‍ത്ഥനാലയം ആരംഭിച്ചു. 1997 ജനുവരി 26 ന് പന്ത്രണ്ട് കൊല്ലത്തെ ശിക്ഷ കഴിഞ്ഞ് ആല്‍ബിന്‍ പുറത്തിറങ്ങി.
തനിക്കുമുമ്പെന്നും തനിക്ക് ശേഷമെന്നും കാലത്തെ പകുത്തുമാറ്റിയ യേശുക്രിസ്തു ആല്‍ബിന്‍റെ ജീവിതത്തെയും തിരിച്ചെഴുതി. ജീവിതത്തില്‍ ചെയ്തു പോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം എന്ന പോലെ തെരുവില്‍ അലയുന്ന മാനസിക രോഗികളെ കണ്ടെത്തി കൊണ്ടുവന്ന് അവര്‍ക്ക് സ്നേഹവും, പരിചരണവും നല്ല ഭക്ഷണവും മരുന്നും എല്ലാം നല്‍കുവാന്‍ തുടങ്ങി. ഏറ്റവും എളിയരീതിയില്‍ വാടകക്കെട്ടിടത്തില്‍ ആരംഭിച്ച പുന്നപ്രയിലെ ശാന്തിഭവന്‍ ഇന്ന് നൂറുകണക്കിന് പേരുടെ അഭയസങ്കേതമാണ്. ഓരോ ദിവസവും ദൈവപരിപാലനയില്‍ മാത്രം ആശ്രയിച്ച് മുമ്പോട്ടു പോകുമ്പോള്‍ ആല്‍ബിന് കൂട്ടായിട്ട് ഭാര്യ മേരിയുമുണ്ട്. ബഹു.ജോര്‍ജ് കുറ്റിക്കലച്ചന്‍ തൃശൂര്‍ ചെന്നായ്പ്പാറയില്‍ ആരംഭിച്ച ആകാശപ്പറവകളുടെ സ്ഥാപനം ഉത്ഘാടനം ചെയ്യാന്‍ വി. മദര്‍ തെരേസ വന്നപ്പോള്‍ അന്ന് അമ്മ അനുഗ്രഹിച്ച് ആശീര്‍വദിച്ചു കൊടുത്ത ജപമാലയാണ് ആല്‍ബിന്‍ ഇന്നും ധരിക്കുന്നത്.
ആല്‍ബിന്‍റെ ജീവിതത്തില്‍ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളുടെ വളരെ ചെറിയ ഒരു രത്നച്ചുരുക്കം മാത്രമാണിത്. എല്ലാം എഴുതാന്‍ ദര്‍ശകന്‍റെ മുഴുവന്‍ പേജുകളും തന്നെ മതിയാകാതെ വരും.
ബഹു. ഷാജി തുമ്പേച്ചിറയില്‍ അച്ചന്‍ എഴുതിയ ഒരു പാട്ടിന്‍റെ വരികള്‍ ആണിപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്. “അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല…”

Leave a Reply