നാം അറിയാതെ തകരുന്ന കുടുംബങ്ങൾ

ഫാ. ഫിലിപ്പ് വട്ടയത്തിൽ 

കുടുംബങ്ങള്‍ തകരാനും തളരാനും കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ എന്തും കാരണമാകാം. ചിലപ്പോള്‍ ഏറ്റവും നല്ല കാര്യങ്ങള്‍ പോലും എന്നതാണ് സത്യം. ഏറ്റവും നല്ല കാര്യങ്ങള്‍ പോലും വിവേകത്തോടെ, ഉചിതമായി ഉപയോഗിച്ചില്ലെങ്കില്‍ അത് കുടുംബത്തിന്‍റെ നാശത്തിന് കാരണമാകാം. ഏതാനും ചില കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അതിന്‍റെ നിഷേധാത്മക ഭാവത്തെക്കുറിച്ച് ആകുലപ്പെടാതെ ഭാവാത്മകമായി എങ്ങനെ കൈകാര്യം ചെയ്യാം എന്ന് ചിന്തിക്കുന്നതാകും ഉചിതം.

ദൈവം ക്യുവിലാണ്
കുടുംബങ്ങളുടെ ദൈവാഭിമുഖ്യം കുറഞ്ഞു പോയിരിക്കുന്നു എന്നതുതന്നെയാണ് കുടുംബങ്ങളുടെ തകര്‍ച്ചയുടെ പ്രധാന കാരണം. നമ്മുടെ കുടുംബങ്ങളുടെ മുന്‍ഗണനയില്‍ ദൈവവും ആദ്ധ്യാത്മികതയും എത്രാമത്തെ സ്ഥാനത്താണ് എന്ന് ചിന്തിച്ചാല്‍ നമുക്ക് ഇത് വ്യക്തമാകും. ദൈവത്തിന്‍റെ പ്രഥമവും പ്രധാനവുമായ സ്ഥാനത്തേക്ക് മറ്റ് പലതും കടന്നു വന്നപ്പോള്‍ അവ കുടുംബബന്ധങ്ങളെത്തന്നെ ഉലച്ചുകളഞ്ഞു. മക്കളുടെ പഠനത്തെ ഗൗരവമായി നമ്മുടെ സമൂഹം എടുത്തത് അങ്ങേയറ്റം ശ്ലാഹനീയമാണ്. പക്ഷേ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പഠനമാണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിപ്പോയപ്പോള്‍ വിശ്വാസവും കൂദാശകളും വിശ്വാസ പരിശീലനവും കുടുംബപ്രാര്‍ത്ഥനയും എല്ലാം പിന്‍നിരയിലേയ്ക്ക് തള്ളപ്പെട്ടു.


വികലമായ കുടുംബങ്ങൾ
ആത്മാവ് വളരാതെ തല മാത്രം വളര്‍ന്ന മക്കളുടെ വ്യക്തിത്വം മാത്രമല്ല കുടുംബങ്ങളും വികലമായിപ്പോകുന്നു. ആദ്ധ്യാത്മികത ജീവിതത്തിന്‍റെ ഭാഗമാകാതെ ആഘോഷം മാത്രമായി പോകുന്നത് മനസ്സിലാക്കാന്‍ വിവാഹ അവസരങ്ങളും തിരുനാളാഘോഷങ്ങളും ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി.
പരീക്ഷ അടുത്ത് വരുന്നതുകൊണ്ട്, മത്സര പരീക്ഷ വരുന്നതുകൊണ്ട്, പരിശീലന പരിപാടി ഉള്ളതുകൊണ്ട്, കുട്ടിയെ പള്ളിയില്‍, വിശ്വാസപരിശീലനത്തിന്, ധ്യാനത്തിന് ഒക്കെ അയയ്ക്കാനാവില്ല എന്ന നിലപാടെടുക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്ക് വ്യക്തമായി നല്‍കുന്ന സന്ദേശം ജീവിതത്തില്‍ ദൈവത്തിനു നല്‍കേണ്ട സ്ഥാനം മേല്‍പ്പറഞ്ഞവയ്ക്കൊക്കെ വളരെ താഴെയാണ് എന്നത് തന്നെ അല്ലേ? ദൈവാലയവും, സഭയും, വിശ്വാസവുമായി ബന്ധപ്പെട്ട് അവര്‍ക്ക് ലഭിക്കുന്ന എല്ലാ മൂല്യങ്ങള്‍ക്കും-മാതാപിതാക്കളെ ബഹുമാനിക്കണം എന്നതുള്‍പ്പെടെ – അത്രയ്ക്ക് വിലയേ മക്കള്‍ നല്‍കൂ എന്നത് മാതാപിതാക്കള്‍ മറക്കരുത്.
അല്പകാലം മുമ്പുവരെ കൂടൂംബത്തിലെ ഞായറാഴ്ച ടൈംടേബിള്‍ വി.കുര്‍ബ്ബാനയുടെയും, വിശ്വാസപരിശീലനത്തിന്‍റെയും ഒക്കെ സമയമനുസരിച്ച് ക്രമീകരിച്ചിരുന്നെങ്കില്‍ ഇന്ന് കുറച്ച് പേര്‍ക്കെങ്കിലും കുര്‍ബ്ബാനയും സണ്‍ഡേസ്കൂളും മറ്റ് കാര്യങ്ങള്‍ കഴിഞ്ഞ് സമയമുണ്ടെങ്കില്‍ മാത്രം സംബന്ധിക്കാവുന്ന കാര്യങ്ങളായി മാറിയിരിക്കുന്നു. ഇതിന്‍റെ പരിണിത ഫലം വരും വര്‍ഷങ്ങളില്‍ നമ്മുടെ കുടുംബങ്ങള്‍ നേരിടേണ്ടി വരും എന്നത് നിസ്തര്‍ക്കമാണ്.


നാം കുഴിക്കുന്ന  കുഴി
സ്വാര്‍ത്ഥതയും പിടിവാശിയും അഹങ്കാരവും ഏകോദരസഹോദരങ്ങളാണ്. ഒരു കുടുംബത്തില്‍ ഇവ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ വിവരണാതീതമാണ്. പലപ്പോഴും കുടുംബ സ്നേഹത്തിന്‍റെയോ, സഹോദരസ്നേഹത്തിന്‍റെയോ ഒക്കെ മുഖം മൂടി അണിഞ്ഞാണ് ഇവ പ്രത്യക്ഷപ്പെടുന്നത് എന്നുമാത്രം. അമ്മായിയമ്മ-മരുമകള്‍. നാത്തൂډാര്‍ തമ്മില്‍, മാതാപിതാക്കള്‍-മക്കള്‍, സഹോദരങ്ങല്‍ തമ്മില്‍ ഈ ബന്ധങ്ങളിലെല്ലാമുള്ള പ്രശ്നങ്ങള്‍ക്കും പിന്‍പില്‍ തിډയുടെ ഈ ത്രിമൂര്‍ത്തികള്‍ ഉണ്ട്. മാതാപിതാക്കള്‍ മക്കളിലേയ്ക്ക് അവരറിയാതെ പകര്‍ന്നു കൊടുക്കുന്നതാണ് പലപ്പോഴും ഈ തിډകള്‍. കൂട്ടുകാര്‍ക്ക് കൊടുക്കരുത് എന്നു പറഞ്ഞ് ചൊക്ലറ്റ് കുട്ടിക്ക് കൊടുക്കുമ്പോള്‍, കുട്ടികളുടെ വാശികള്‍ക്ക് മുമ്പില്‍ വഴങ്ങിക്കൊടുക്കുമ്പോള്‍ മക്കളെ പൊങ്ങച്ചത്തിന്‍റെ കോലം കെട്ടി എഴുന്നള്ളിക്കുമ്പോള്‍ സ്വാര്‍ത്ഥതയുടെയും പിടിവാശിയുടെയും അഹങ്കാരത്തിന്‍റെയും ഞാറ്റടി നാം അവരില്‍ ഒരുക്കിക്കഴിഞ്ഞു. കാലാന്തരത്തില്‍ അവ മാതാപിതാക്കളെതന്നെ തിരിഞ്ഞുകൊത്തും. പ്രായമായ മുതിര്‍ന്നവര്‍, രോഗികളായ മാതാപിതാക്കള്‍ ശല്യമായി ഭാരമായി മാറും. ഇതൊക്കെ കണ്ടു വളരുന്ന മൂന്നാം തലമുറയും നാലാം തലമുറയും ഒക്കെ എന്ത് മനോഭാവവും നിലപാടുമായിരിക്കും ബന്ധങ്ങളെയും കുടുംബത്തെയും കുറിച്ച് എടുക്കുക?


ഞാനും ഞാനും
സുഖവും സൗകര്യങ്ങളും മാത്രം ജീവിത കേന്ദ്രമാകുന്ന വ്യക്തികളുടെ സമൂഹമായി കുടുംബങ്ങള്‍ മാറുന്നുണ്ടോ എന്നത് ന്യായമായ സംശയമാണ്. മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ ജീവിത പങ്കാളിക്കോ സഹോദരങ്ങള്‍ക്കോ ഒക്കെ വേണ്ടി ചില സുഖങ്ങള്‍ മാറ്റി വയ്ക്കാനോ വേണ്ടെന്നു വയ്ക്കാനോ പങ്കു വയ്ക്കാനോ ഉള്ള മനോഭാവം കുറഞ്ഞുവരുന്നില്ലേ. ജീവിത പങ്കാളിയോട് അവിശ്വസ്തത, കാണിക്കുന്നവര്‍, ഭര്‍ത്താവിനെയോ, ഭാര്യയെയോ, കുഞ്ഞുമക്കളെയോ ഒക്കെപ്പോലും ഉപേക്ഷിച്ച് ജനിച്ചു വളര്‍ന്ന കുടുംബം ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്ന മക്കള്‍ ഒക്കെ സുഖാന്വേഷണ ത്വരയില്‍ കുടുംബങ്ങള്‍ നശിപ്പിക്കുന്നവരാണ്. പരസ്പരമോ ഒരാളെങ്കിലുമോ അംഗീകരിക്കാതെയും വില നല്കാതെയും കഴിയുന്ന കുടുംബാംഗങ്ങളാണെങ്കില്‍ ഇവയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയാണ്. ഓരോ വ്യക്തിക്കും താന്‍ ഈ കുടുംബത്തിന്, കുടുംബാംഗങ്ങള്‍ക്ക് വേണ്ടപ്പെട്ടവനാണ്/വേണ്ടപ്പെട്ടവളാണ്, മറ്റുള്ളവര്‍എന്നെ, എന്‍റെ അഭിപ്രായങ്ങളെ വിലമതിക്കുന്നു, എനിക്ക് ഈ വീട്ടില്‍ ഒരു സ്ഥാനമുണ്ട് എന്നൊക്കെ അവസ്ഥ ഉള്ള കുടുംബങ്ങളിലാണ് ബന്ധങ്ങള്‍ ശക്തമാവുക. ബന്ധങ്ങളുടെ കണ്ണികള്‍ക്കിടയില്‍ വിടവുണ്ടെങ്കില്‍ അവ ഊര്‍ന്നു പോകാന്‍ സാദ്ധ്യത കൂടുതലാണ്. മേല്‍പ്പറഞ്ഞ അപകടസാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും വളരെ വലിയ ഒരു പങ്കുണ്ട്. തനിക്ക് സുഖം തരുന്ന കാര്യത്തിന്‍റെ അഭാവം അത് ഭക്ഷണമാകട്ടെ, വസ്ത്രമാകട്ടെ, വാഹനമാകട്ടെ, മറ്റ് സുഖ സൗകര്യങ്ങളാകട്ടെ കുടുംബ സമാധാനം തകര്‍ത്തിട്ടാണെങ്കിലും പരിഹരിക്കേണ്ടതാണ് എന്ന നിലപാടിലേയ്ക്ക് അനേകം ആളുകള്‍ എത്തിച്ചേരുന്നത് എന്തുകൊണ്ടാണ്.


എല്ലാം അങ്ങ് പറയുന്നപോലെ
മാധ്യമങ്ങളാണ് ഇന്ന് കുടുംബങ്ങളെ ഭരിക്കുന്നത്. ടി.വി.പ്രോഗ്രാമുകള്‍ക്കനുസരിച്ച് വീട്ടിലെ ഭക്ഷണ, പ്രാര്‍ത്ഥനാസമയങ്ങള്‍ മാറുന്നത് ഏറ്റവും ചെറിയ ഉദാഹരണങ്ങളാണ്. നമ്മുടെ വീട്ടില്‍ നമ്മെക്കാള്‍ ഏറെ സംസാരിക്കുന്നത് പുറത്ത് നിന്നുമുള്ളവരാണ് – സ്ക്രീനിലൂടെ പ്രത്യക്ഷപ്പെടുന്നവരാണ് എന്നതല്ലേ സത്യം. പ്രത്യേകിച്ച് സന്ധ്യാസമയങ്ങളില്‍ നമ്മുടെ ഏറ്റവും നല്ല ആശയവിനിമയത്തിന്‍റെ കുടുംബസദസ്സിന്‍റെ പ്രാര്‍ത്ഥനയുടെ ڇപ്രൈം ടൈംڈ അവര്‍ മോഷ്ടിച്ചു കൊണ്ടു പോയി; അല്ല നാം അവര്‍ക്ക് അത് അടിയറവച്ചു. ڇപ്രൈം ടൈംڈ എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ടി.വി. കാണുന്ന സമയം എന്ന നിഷ്കളങ്ക ധാരണ വേണ്ട. നമ്മുടെ ബോധ-ഉപബോധ മനസ്സുകളുടെ അതിര്‍വരമ്പ് ഏറ്റവും ചെറുതാകുന്ന; യാഥാര്‍ത്ഥ്യങ്ങളെയും അയാഥാര്‍ത്ഥ്യങ്ങളെയും വലിയ വ്യത്യാസമില്ലാതെ നമ്മുടെ മനസ്സ് സ്വീകരിക്കുന്ന സമയമാണ് സായംകാലം എന്ന മനഃശാസ്ത്ര വീക്ഷണം ഗൗരവമായി കണക്കാക്കേണ്ടതാണ്. വിഷം വിളമ്പുന്ന ചാനല്‍ ചര്‍ച്ചകള്‍, സീരിയലുകളിലെ ധാര്‍മ്മിക അപചയങ്ങള്‍ ഒക്കെ സത്യമെന്നപോലെ നമ്മുടെ മനസ്സുകള്‍ സ്വീകരിക്കുമ്പോള്‍ അപകടം അത്ര ചെറുതല്ല.


കാശുകൊടുത്ത്  മേടിച്ച പണി
നിങ്ങളുടെ സ്വീകരണമുറിയിലെ മേശപ്പുറത്ത് കിടക്കുന്ന പത്ര മാസികകള്‍ ഒന്ന് ശ്രദ്ധിക്കുക. കടലാസിന് മിനുസവും നിറവും തൂക്കവും പോരാ എന്നു പറഞ്ഞ് സഭാ സ്വാധീനമുള്ളവയെ പുറം കാലിന് തൊഴിച്ചെറിഞ്ഞ് പകരം നാം വാങ്ങി വച്ചിരിക്കുന്നവയാണ് അവയില്‍ ഒട്ടുമിക്കവയും. അവയില്‍ ധാരാളം അറിവുള്ള വാര്‍ത്തകളും ഉണ്ട് എന്നത് ശരി തന്നെ. എന്നാല്‍ അവ നമ്മുടെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും നല്‍കുന്നത് എന്താണ്? അവയിലെ പരസ്യ ചിത്രങ്ങള്‍ ശ്രദ്ധിക്കുക. മാതാപിതാക്കളുടെയോ, സഹോദരന്‍റെയോ, സഹോദരിയുടെയോ മുമ്പില്‍ തുറന്ന് വച്ച് കാണാനും വായിക്കാനും പറ്റാത്ത ചിത്രങ്ങളും എഴുത്തുകളുമുള്ള ഈ സുന്ദര പ്രസിദ്ധീകരണങ്ങള്‍ നമ്മുടെ മക്കളുടെ ധാര്‍മ്മിക നിലവാരത്തെ ഏതു തരത്തിലായിരിക്കും രൂപീകരിക്കുക എന്ന് ആശങ്ക ആര്‍ക്കുമില്ല. നമ്മുടെ ധാര്‍മ്മികതയെയും വിശ്വാസത്തെയും സഭയേയും ഒക്കെ പുലഭ്യം പറയുന്നവര്‍ നമ്മുടെ വീടിനകത്ത് കടന്ന് വന്ന് നമ്മുടെ ചിലവില്‍ നമ്മെ ചീത്ത വിളിക്കുന്നു; അപഹസിക്കുന്നു, നമ്മുടെ മക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ കൊടുക്കുന്നു. ബുദ്ധിജീവി പ്രസിദ്ധീകരണങ്ങളുടെ ധാര്‍മ്മിക നിലവാരം പറയാതിരിക്കുയാണല്ലോ ഭേദം. വിശ്വാസവും ധാര്‍മ്മികതയും കുടുംബവും ഒക്കെ ആണ് അവര്‍ക്ക് അശ്ലീലം.
മുതിര്‍ന്നവര്‍ ഒറ്റയ്ക്ക് കാണാന്‍ പോലും ലജ്ജിച്ചിരുന്ന സിനിമാ രംഗങ്ങള്‍, പ്രണയ ചേഷ്ടകള്‍, ഐറ്റം ഡാന്‍സുകള്‍, കിടപ്പറ രംഗങ്ങള്‍ – മുത്തിശ്ശി മുതല്‍ മുട്ടിലിയയുന്ന കുഞ്ഞ് വരെ ഒരുമിച്ചിരുന്ന് കാണുമ്പോള്‍, ഒരു കാലത്ത് ഒളിയും മറയും വേണം എന്ന് സമൂഹം കരുതിയതൊക്കെ സാധാരണ എന്ന നിലവാരത്തകര്‍ച്ചയിലേയ്ക്ക് കുടുംബവും എത്തുന്നു. കുടൂംബ ബന്ധത്തിന്‍റെ ആണിക്കല്ലുകളായ വിശുദ്ധിയും വിശ്വസ്തതയും നഷ്ടപ്പെട്ടുപൊയ കുടുംബങ്ങള്‍ തകരുകയും മക്കള്‍ അശുദ്ധിയുടെ അഴുക്കു ചാലിലേയ്ക്ക് എടുത്ത് ചാടുകയും ചെയ്യുന്ന ദുര്‍ഗന്ധ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയും ചെയ്യുന്നു.


കുഞ്ഞായി ഇല്ലാതായി
കുഞ്ഞായിപ്പോയ കുടുംബങ്ങളുടെ കരുത്തും ബലവും നഷ്ടപ്പെട്ടുപോയി എന്നതും കാണാതെ പോകരുത്. പെങ്ങډാരെ കാക്കാന്‍ ആങ്ങളമാരും, ആങ്ങളമാര്‍ വഴിതെറ്റാതിരിക്കാന്‍ പെങ്ങډാരും ഉണ്ടായിരുന്ന വലിയ കുടുംബത്തില്‍ മക്കള്‍ കുറച്ചുകൂടി സുരക്ഷിതരായിരുന്നു. യാത്രാവഴികളില്‍ സ്വന്തം രക്തം തുണയായുണ്ടായിരുന്നു. വീട്ടില്‍ എപ്പോഴും ആരെങ്കിലും കൂട്ടുണ്ടായിരുന്നു. അപകടങ്ങളിലേയ്ക്കും തെറ്റായ ബന്ധങ്ങളിലേയ്ക്കും വഴുതാതെ കാക്കാന്‍ കരങ്ങള്‍ കുടുംബത്തില്‍ തന്നെ ഉണ്ടായിരുന്നു.
അണു കുടുംബത്തില്‍ ഒരാള്‍ ആശുപത്രിയിലായാല്‍ ഒപ്പം നില്‍ക്കാനാരുണ്ട്? ഒന്നു വീണുപോയാല്‍ താങ്ങാന്‍ ആരുണ്ട്? ശ്രദ്ധയും പിരിചരണവും സാന്നിദ്ധ്യവും ഒക്കെ ഏറെ ആവശ്യമുള്ള ഈ നേരങ്ങളില്‍ വേണ്ട വിധം ആരും സഹായിച്ചില്ല എന്ന പരാതിയും പിണക്കവും കുടുംബങ്ങളില്‍ പലപ്പോഴും ചവര്‍പ്പായി അവശേഷിക്കുന്നുണ്ട്. ڇയൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്ധവീരന്‍റെ കൈയ്യിലെ അസ്ത്രങ്ങള്‍ പോലെയാണ്. അവകൊണ്ട് ആവനാഴി നിറക്കുന്നവര്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍ വച്ച് ശത്രുക്കളെ നേരിടുമ്പോള്‍ അവന് ലജ്ജിക്കേണ്ടി വരികയില്ലڈ (സങ്കീ 127:2) ആയുധമില്ലാതെ യുദ്ധം ചെയ്യാനിറങ്ങുന്നവന്‍റെ മണ്ടത്തരത്തിന് ആരെ പഴിക്കണം.
മേല്‍പ്പറഞ്ഞവ എല്ലാം ഒറ്റപ്പെട്ട കാരണങ്ങള്‍ അല്ല കുടുംബത്തകര്‍ച്ചയിലും പരാജയത്തിലും ഇവയെല്ലാം ഏറിയോ കുറഞ്ഞോ പരസ്പരബന്ധം ഉള്ളവയാണ്. കുടുംബ തകര്‍ന്നാല്‍ മനുഷ്യനാണ് പരാജയപ്പെടുന്നത്. ആരുടെയൊക്കെയോ കുടുംബം തകര്‍ന്നതില്‍ എനിക്കെന്ത് എന്ന് കരുതുന്നത് മണ്ടത്തരമാണ്. നാം യാത്ര ചെയ്യുന്ന കപ്പലിന്‍റെ അടിത്തട്ടിലാണ് ദ്വാരം വീണിരിക്കുന്നത്. കുടുംബം നിലനില്‍ക്കേണ്ടത് നിലനില്‍പിന്‍റെ കാര്യമാണ്. എന്‍റെയും നിന്‍റെയും.

Leave a Reply