ഡോ. അനിറ്റ് ജോസഫ് കാരയ്ക്കാട്ട്,
ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
വാര്‍ദ്ധക്യം ഏറെ സന്തോഷം നല്കുന്നതും അതുപോലെതന്നെ ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതുമായ ഒരു കാലഘട്ടമാണ്. ജോലിയില്‍നിന്നും വിരമിച്ച് വീട്ടില്‍ വിശ്രമജീവിതം ആസ്വദിക്കുന്നതും കുട്ടികള്‍ പഠിച്ച് നല്ല ജോലിയില്‍ പ്രവേശിക്കുന്നതും വളരെ സന്തോഷം നല്കുന്നു. എന്നാല്‍ രോഗങ്ങളുടെ വരവ്, വ്യായാമക്കുറവ്, ക്രമം തെറ്റിയ ആഹാരരീതികള്‍, ഓര്‍മ്മക്കുറവ് എന്നിവ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.
പ്രായം ഏറി വരുകയെന്നത് പ്രകൃതിയുടെ നിയമവും അതനുസരിച്ച് ശരീരമാറ്റങ്ങള്‍ ഉണ്ടാകുക എന്നത് അനിവാര്യവുമാണ്. എന്നാല്‍ ‘പ്രായമായി’ എന്നത് ഒരു തോന്നല്‍ മാത്രമാണ്. ആരോഗ്യത്തെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ജീവിതം മുഴുവന്‍ ആഹ്ലാദം നിറയ്ക്കാനാവും.
വാര്‍ദ്ധക്യകാല രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാഖയാണ് ജെറിയാട്രിക്സ്. വാര്‍ദ്ധക്യകാലത്തെ ചില ആരോഗ്യപ്രശ്നങ്ങള്‍ ഇവയാണ്:-
- അസ്ഥിക്ഷയം അഥവാ ഒസ്റ്റിയോപോറോസിസ്സ്:- എല്ലുകള്‍ എളുപ്പത്തില്‍ പൊട്ടുന്ന അവസ്ഥയാണിത്. ഇത് കൂടുതലായും ബാധിക്കുന്നത് സ്ത്രീകളെയാണ്. പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിനുശേഷം (കാരണം ഈസ്ട്രജന്‍ ഹോര്‍മോണ്‍ ആര്‍ത്തവവിരാമത്തോടെ ശരീരത്തില്‍ കുറയുന്നു, അത് എല്ലുകള്‍ക്ക് സംരക്ഷണം നല്കുന്ന ഹോര്‍മോണാണ്). വാര്‍ദ്ധക്യത്തില്‍ വീഴ്ചകളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്, വീഴുമ്പോള്‍ ബലക്ഷയമുള്ള എല്ലുകള്‍ പൊട്ടുകയും ചെയ്യാം.
- കാഴ്ചക്കുറവ് അഥവാ മാക്യുലര്‍ ഡിജെനറേഷന്‍:- പ്രായമാകുമ്പോള്‍ കാണുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് കാഴ്ചക്കുറവ്.
- കേള്‍വിക്കുറവ്:- പ്രായമായവര്‍ നേരിടുന്ന മറ്റൊരു പ്രശ്നമാണിത്. പ്രായമായവരില്‍ കാണുന്ന കേള്‍വിക്കുറവിനെ പ്രെസ്ബൈക്യൂസിസ് എന്നു വിളിക്കുന്നു. ഇതിന് ചിലപ്പോള്‍ ശ്രവണസഹായികള്‍ വേണ്ടിവരും.
- തിമിരവും ഗ്ലോക്കോമയും:- തിമിരം മൂലമുണ്ടാകുന്ന അന്ധത ഓപ്പറേഷനിലൂടെ പരിഹരിക്കാവുന്നതാണ്. കണ്ണിനുള്ളിലെ ദ്രാവകത്തിന്‍റെ മര്‍ദ്ദം വര്‍ദ്ധിക്കുന്നതുമൂലമുണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ. ഇതുമൂലം നാഡികള്‍ക്ക് കേടുണ്ടാവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യും.
- സ്മൃതിനാശം അഥവാ അല്‍ഷിമേഴ്സ്:- ഈ രോഗം ബാധിക്കുന്നവര്‍ക്ക് ഓര്‍മ്മയും ചിന്താശേഷിയും നഷ്ടപ്പെടും.
- ബോധക്ഷയം അഥവാ കൊഗ്നറ്റീവ് ഇമ്പെര്‍മെന്‍റ്:- ഇതില്‍ കാര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കാനോ കണക്കുകള്‍ കൂട്ടാനോ കഴിയാതെ വരും. ഒരേ സമയം ഒന്നില്‍കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയെ ഇത് ബാധിക്കും.
- മൂത്രസംബന്ധമായ പ്രശ്നങ്ങള്‍:- ഇത് പലവിധത്തിലുണ്ട്. മൂത്രതടസ്സമായോ, മൂത്രം ഒഴിക്കുന്നതിന്‍റെ എണ്ണം വര്‍ദ്ധിക്കുന്നതായോ, അറിയാതെ മൂത്രം പോകുന്നതായോ ആവാം. ഇടുപ്പിലെ പേശികളുടെ ബലക്ഷയം മൂലമാണ് സ്ത്രീകളില്‍ ഇത് ഉണ്ടാകുന്നതെങ്കില്‍ പുരുഷന്മാരില്‍ ഇത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ മൂലമാണ്.
- മലബന്ധം
- സന്ധിവാതം:- സന്ധികളില്‍ വേദനയാണ് പ്രധാനലക്ഷണം. സന്ധിവാതം മൂലം രൂപവൈകൃതവും ഉണ്ടാകാം. ഇത് പ്രധാനമായും വിരലുകള്‍, കാല്‍മുട്ട് , കൈക്കുഴ, ഇടുപ്പ്, നട്ടെല്ല് എന്നിവയെയാണ് ബാധിക്കുന്നത്.
- മറ്റു ജീവിതശൈലീരോഗങ്ങള്‍:- വാര്‍ദ്ധക്യത്തില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗങ്ങളാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, അമിതവണ്ണം, ക്യാന്‍സര്‍. മുതലായവ.
- മാനസിക/വൈകാരിക പ്രശ്നങ്ങള്‍:- ഇതില്‍ പ്രധാനം വിഷാദരോഗമാണ്. ഇതുമൂലം ഉറക്കക്കുറവ് ഉണ്ടാകും. പലപ്പോഴും ഇതു കണ്ടുപിടിക്കപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകാറുണ്ട്.
- പോഷകാഹാരക്കുറവ്: ഇതുമൂലം മറ്റ് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതകളുമുണ്ട്.
- ദന്തരോഗങ്ങള്‍:- പല്ലിന്‍റെയും മോണയുടെയും രോഗങ്ങള്‍ വാര്‍ദ്ധക്യത്തില്‍ സര്‍വ്വ സാധാരണമാണ്.
ഇത്തരം വിവിധങ്ങളായ പ്രശ്നങ്ങളുണ്ടെങ്കിലും ചില തയ്യാറെടുപ്പുകളിലൂടെ വാര്‍ദ്ധക്യം മനോഹരമാക്കാനും ജീവിതം അനായാസം മുന്നോട്ട് കൊണ്ടുപോകാനും രോഗങ്ങളെ പ്രതിരോധിക്കാനും കഴിയും.- ഭക്ഷണക്രമം:-
ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുക. ചെറുപ്പത്തില്‍ കഴിച്ചതിന്‍റെ പകുതി ഭക്ഷണം മതി ഈ കാലഘട്ടത്തില്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ട ഊര്‍ജ്ജം ലഭിക്കുന്നതിന് ആവശ്യമായ ആഹാരം മാത്രം മതി. അധികമായി കഴിക്കുന്നത് കൊളസ്ട്രോളായി മാറാനും പ്രമേഹം പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കാനും ഇടയാക്കും. ഉപ്പിലിട്ടത്, പപ്പടം, ബേക്കറിസാധനങ്ങള്‍, സോഫ്ട്ഡ്രിങ്കസ്, ടിന്‍ഫുഡ്, ഫാസ്റ്റ്ഫുഡ് എന്നിവ ഒഴിവാക്കുക. ഉപ്പ്, പഞ്ചസാര, വറുത്തതും പൊരിച്ചതും ഒഴിവാക്കുക.
മീന്‍കറി, മുട്ടയുടെ വെള്ള കഴിക്കാം. ചെറുമത്സ്യങ്ങള്‍, അയില, മത്തി, നത്തോലി എന്നിവ നല്ലതാണ്. ഭക്ഷണം നല്ലവണ്ണം ചവച്ച് സമയമെടുത്ത് കഴിക്കുക. ഇടവേളകളില്‍ വിശപ്പ് തോന്നുന്നുവെങ്കില്‍ പഴങ്ങള്‍ കഴിക്കാം.
മോര് കുടിക്കുന്നത് നല്ലതാണ്, എന്നാല്‍ തൈര് അത്ര നന്നല്ല.
ഭക്ഷണത്തില്‍ വളരെയധികം പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക. നമ്മുടെ വീടിനു ചുറ്റുമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍.
ഉദാ.: ചക്ക, പൈനാപ്പിള്‍, പുളിച്ചിക്ക, പേരയ്ക്ക എന്നിവ ധാരാളം ഉപയോഗിക്കുക. - വ്യായാമം: –
ദിവസേന വ്യായാമം ഒരു ശീലമാക്കണം. നടപ്പ്, ജോഗിംങ്, നീന്തല്‍, കളികള്‍ എന്നിവ 30- 60 മിനിട്ട് ചെയ്യുന്നത് നല്ലതാണ്. വീട്ടില്‍ ചെയ്യുന്ന ജോലികള്‍ തന്നെ ആരോഗ്യദായകമായി മാറ്റാവുന്നതാണ്. ഷവറില്‍ കുളിക്കുന്നതിനുപകരം ബക്കറ്റില്‍ വെള്ളം നിറച്ച് ഒരു പാത്രംകൊണ്ട് കുനിഞ്ഞ് വെള്ളം കോരി കുളിച്ചാല്‍ അത് ഒരു വ്യായാമമായി മാറുന്നു. സ്ത്രീകള്‍ക്ക് നിലം വൃത്തിയാക്കല്‍, തറ തുടയ്ക്കല്‍, ഇരുന്നുകൊണ്ട് കറിക്ക് അരിയല്‍, അരയ്ക്കല്‍, തേങ്ങ ചുരണ്ടല്‍ എന്നിവയെയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം. യൂറോപ്യന്‍ ക്ലോസെറ്റുകള്‍ മാറ്റി ഇന്ത്യന്‍ ക്ലോസെറ്റുകളാക്കുകയാണെങ്കില്‍, കാല്‍മുട്ടിന്‍റെ തേയ്മാനം, വീക്കം എന്നിവ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. - ഉറക്കം:-
ദിവസേന 6 മണിക്കൂറെങ്കിലും ഉറങ്ങുക. അത് മനസ്സിന് അയവ് നല്കുന്നു. - സൗഹൃദം:- ധാരാളം സുഹൃത്തുക്കളുള്ളതും അവരുമായി സൗഹൃദം പങ്കിടുന്നതും ആശയവിനിമയം നടത്തുന്നതും നല്ലതാണ്.
- ഹോബി:- ഏതെങ്കിലും ഒരു ഹോബി വളര്‍ത്തിയെടുക്കുന്നത് ജീവിതത്തിന്‍റെ വൈകിയവേളയില്‍ ഒറ്റപ്പെടുത്തല്‍ അനുഭവപ്പെടുമ്പോള്‍ ഏറെ ആശ്വാസം പകരും. ഉദാ: പാട്ടു കേള്‍ക്കുക, പാചകം, സംഗീത ഉപകരണങ്ങള്‍ വായിക്കുക, ഗാര്‍ഡനിങ്ങ്, പക്ഷിമൃഗാദികളെ വളര്‍ത്തുക, വായന, കൗതുകവസ്തുക്കള്‍ ശേഖരിക്കുക എന്നിവ.
- വസ്ത്രധാരണം:- മോടിയുള്ള വസ്ത്രധാരണം എപ്പോഴും നമുക്ക് ഉന്മേഷവും മനസ്സിന് കുളിര്‍മ്മയും നല്കുന്നു.
- ശീലങ്ങള്‍:- വെറ്റില, പുകവലി, മദ്യം എന്നിവ പൂര്‍ണ്ണമായും ഉപേക്ഷിക്കുക.
- എല്ലുകളുടെ ആരോഗ്യം:- എല്ലുകളെ ബലപ്പെടുത്താന്‍ ചെയ്യാവുന്ന ചില ആരോഗ്യശീലങ്ങള്‍ ഇവയാണ്. പാലുല്‍പന്നങ്ങള്‍, മത്സ്യം, പച്ചനിറത്തിലുള്ള ഇലക്കറികള്‍ എന്നിവയില്‍ വിറ്റമിന്‍ ഡിയും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാല്‍ അത് എല്ലുകളെ ആരോഗ്യമുള്ളതാക്കും. കൂണ്‍, സോയ, ധാന്യങ്ങള്‍ എന്നിവയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് എല്ലുകള്‍ക്ക് ഉറപ്പ് വരുത്തും.
ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക
- ഭക്ഷണക്രമം:-

