കത്തോലിക്കാ സഭയ്‌ക്കെതിരെ നടക്കുന്നത് സംഘടിത മാധ്യമ ഗുണ്ടായിസം

മാത്യൂസ് തെനിയപ്ലാക്കല്‍
കത്തോലിക്കാ സഭയ്ക്കെതിരെ നടക്കുന്ന സംഘടിതവും, ആസൂത്രിതവുമായ മാധ്യമ ഗൂഢാലോചനയ്ക്കാണ് കേരളം കുറേക്കാലമായി സാക്ഷ്യം വഹിക്കുന്നത്. ഇത് കൂടുതല്‍ വ്യക്തമായത് കാരക്കാമലയിലെ ലൂസി കളപ്പുര എന്ന സ്ത്രീയുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. ലൂസി കളപ്പുര മഠത്തിന്‍റെ ആവൃതിനിയമം ലംഘിച്ചുകൊണ്ട് ചില പുരുഷന്‍മാരെ മഠത്തിന്‍റെ അടുക്കള വാതിലിലൂടെ അകത്ത് കയറ്റുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ മാനന്തവാടി രൂപതാ പി.ആര്‍.ഒ ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ പുറത്ത് വിട്ടിരുന്നു. ലൂസി കളപ്പുര മാധ്യമങ്ങള്‍ക്കും മറ്റും നല്‍കിയിരിക്കുന്ന തെറ്റായ വാര്‍ത്തകളുടെ സത്യാവസ്ഥയും തന്‍റെ യുട്യൂബ് വീഡിയോയിലൂടെ നോബിളച്ചന്‍ പുറത്ത് കൊണ്ടു വന്നിരുന്നു. എന്നാല്‍ ഒരു ദിവസം തികയുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍, പ്രത്യേകിച്ച്, ഏഷ്യാനെറ്റ്, 24 ന്യൂസ് തുടങ്ങിയവ ഇത് വലിയ വിവാദമാക്കി. നമ്മുടെ നാടിനെ സംബന്ധിക്കുന്ന മറ്റ് പല വിഷയങ്ങളും (പ്രളയ പുനര്‍നിര്‍മാണം പോലുള്ളവ) ഉണ്ടെന്നിരിക്കെ 2 ദിവസത്തോളം ഈ മാധ്യമങ്ങള്‍ അന്തിച്ചര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തത് ലൂസിയുമായി ബന്ധപ്പെട്ട വിഷയമാണ്. കത്തോലിക്കാ സഭയ്ക്കെതിരെ ചെരിപ്പെറിയാന്‍ എത്ര ആര്‍ത്തിയോടെയാണ് ചില മാധ്യമങ്ങളും അവര്‍ക്ക് പിന്നിലുള്ള ശക്തികളും കച്ചകെട്ടി നില്‍ക്കുന്നതെന്ന് കേരളത്തിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് കൃത്യമായി ഇതോടെ മനസ്സിലായി.
സഭയുടെ സംഘടിതമായ വളര്‍ച്ചയില്‍ അസൂയ വച്ചു പുലര്‍ത്തുന്ന കുറേയധികം ആളുകള്‍ നമ്മുടെ ചുറ്റും ഇന്നുണ്ട്. ഒരുഗണമായി, ഒരു മനസ്സോടെ ആത്മീയവും, ഭൗതികവുമായ പുരോഗതിയുടെ പാതയില്‍ സഭ വളരുന്നത് ഇവര്‍ക്ക് സഹിക്കുന്ന കാര്യമല്ല. ഏതൊരു സമൂഹത്തിന്‍റെയും വളര്‍ച്ചയുടെ അടിത്തറ അവരുടെ ഇടയില്‍ ഉള്ള ഐക്യമാണ്. ഐക്യത്തിന്‍റെ ആത്മാവുള്ള സ്ഥലത്തേ അഭിവൃദ്ധിയുണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ സഭയെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ലക്ഷ്യമിട്ടിരിക്കുന്നത് ഈ ഐക്യം തകര്‍ക്കുക എന്നതിലാണ്. വൈദികരെയും, വിശ്വാസികളെയും രണ്ട് തട്ടിലാക്കിയാല്‍ സഭയെ ഉന്മൂലനം ചെയ്യാമെന്ന് അവര്‍ വിചാരിക്കുന്നു. ചില സമയങ്ങളിലെങ്കിലും നെറികെട്ട ഈ മാധ്യമ അജന്‍ഡ ഫലം കാണുന്നുണ്ടെന്ന സത്യം വളരെ വേദനയോടെ നാം അംഗീകരിച്ചേ മതിയാകൂ.
കത്തോലിക്കാ സഭയ്ക്കെതിരെ മാധ്യമങ്ങള്‍വഴി നടക്കുന്ന കുപ്രചരണങ്ങള്‍ കൃത്യമായി സ്പോണ്‍സേര്‍ഡാണ്. എന്നുവച്ചാല്‍ ഇതിന്‍റെയൊക്കെ പിന്നില്‍ പണം ഒഴുക്കുന്ന വന്‍ സംഘങ്ങളുണ്ടെന്ന് സാരം. ലൂസി കളപ്പുരയ്ക്ക് പിറകിലും ഇത്തരത്തിലുള്ള ഗൂഢ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഒരു മഠത്തിന്‍റെ ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ച് പോലും ഇത്രമാത്രം ചര്‍ച്ചകള്‍ നടത്തുന്ന പുതിയ ട്രന്‍ഡ് ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.ഏഷ്യാനെറ്റ്, 24 ന്യൂസ് പോലുള്ള വാര്‍ത്താ മാധ്യമങ്ങള്‍ സഭയെ പൊതു സമൂഹത്തിന്‍റെ മുന്നില്‍ താറടിക്കുന്നത് ചില പ്രത്യേക തരത്തില്‍ കാര്യങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ്. വെറുതേ കത്തോലിക്കാ സഭ മോശമാണെന്ന് പറയുന്നതിലും ഗുണം ചെയ്യുന്നത് ഇത്തരത്തിലുള്ള അവതരണമാണെന്ന് ഈ മാധ്യമങ്ങള്‍ക്ക് നന്നായി അറിയാം:
മ) വൈദികരെ ലൈംഗികതയുമായി ബന്ധിപ്പിക്കുക, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വൈദികരെല്ലാം പീഡിപ്പിക്കാന്‍ ആളെ നോക്കിയിരിക്കുകയാണെന്ന തരത്തില്‍ അവതരിപ്പിക്കുക.
യ) സഭാധികാരികള്‍ വിശ്വാസികളെ ചൂഷണം ചെയ്യുകയാണെന്ന് പരത്തി സഭയില്‍ പിളര്‍പ്പ് സൃഷ്ടിക്കുക.
ര) തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് സഭയ്ക്കെന്ന് തെറ്റിധരിപ്പിക്കുക.
റ) സഭയുടെ താത്പര്യങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരെ മഹത്വവല്‍ക്കരിക്കുക.
മേല്‍പറഞ്ഞ തരത്തില്‍ യഥാര്‍ത്ഥ വസ്തുതകളെ തമസ്ക്കരിച്ച് നുണകളുടെ മുകളില്‍ കാര്യങ്ങളെ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും വഴി ഈ മൂന്നാംകിട മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയാണ്. കത്തോലിക്കാ സഭയെന്ന ധാര്‍മിക ശക്തിയെ ഇല്ലായ്മ ചെയ്താല്‍ തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ നേടിയെടുക്കാമെന്ന് അവര്‍ സ്വപ്നം കാണുന്നു. എന്നാല്‍ 2000 വര്‍ഷമായി ഇവരേക്കാള്‍ വലിയ പുലികള്‍ വിചാരിച്ചിട്ട് നടക്കാത്ത കാര്യത്തിന് വേണ്ടിയാണ് തങ്ങള്‍ പരിശ്രമിക്കുന്നതെന്ന് അവര്‍ അറിയുന്നതേയില്ല.
നാം നിസ്സംഗത കൈവെടിയേണ്ട സമയമാണിത്. നമ്മുടെ അമ്മയായ സഭ തെരുവില്‍ നഗ്നയാക്കപ്പെടുമ്പോള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ നമുക്ക് എങ്ങനെ കഴിയും? നമ്മെക്കൊണ്ട് കഴിയുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ സഭയ്ക്കുവേണ്ടി നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. എപ്പോഴും സത്യത്തോട് തുറവിയുള്ളവരായിരിക്കാന്‍ നമുക്ക് പരിശ്രമിക്കാം. നുണ പിശാചിന്‍റെ ഉത്പന്നമാണ്. അതിനെ ചെറുക്കാന്‍ ക്രിസ്തു പ്രദാനം ചെയ്യുന്ന ദൈവികകൃപ ആയുധമായി സ്വീകരിക്കണം.
കത്തോലിക്കാസഭയ്ക്കുവേണ്ടി എന്നും ധീരമായി സംസാരിക്കുന്ന നോബിളച്ചനെ സത്യം പറഞ്ഞതിന്‍റെ പേരില്‍ മുഖ്യധാരാ മാധ്യമങ്ങളും, മഞ്ഞപ്പത്രങ്ങളും, സഭാവിരുദ്ധരും, വിമതരും മറ്റും വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ അച്ചന് പിന്തുണയുമായി വിശ്വാസികള്‍ അണിനിരക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. വിശ്വാസികള്‍ മാധ്യമങ്ങളുടെ പേക്കൂത്തുകള്‍ക്കനുസരിച്ച് തുള്ളുന്ന പാവകളല്ല എന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണിത്. ‘ആസനത്തില്‍ ആല്‍ കിളിര്‍ത്താലും അതും തണലാക്കുന്ന’ വര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളുടെ ജല്പനങ്ങള്‍ക്ക് മുന്നില്‍ ധൈര്യപൂര്‍വം കത്തോലിക്കാസഭയ്ക്കുവേണ്ടി ശബ്ദിക്കാന്‍ ഓരോ കത്തോലിക്കാ വിശ്വാസിക്കും കഴിയട്ടെ.

Leave a Reply