സംസ്ഥാനത്ത് അനിശ്ചിതകാല സമരം തുടങ്ങി ജൂനിയര്‍ നഴ്‌സുമാര്‍

തിരുവനന്തപുരം : അനിശ്ചിതകാല സമരം തുടങ്ങി ജൂനിയര്‍ നഴ്‌സുമാര്‍. ശമ്ബള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളജുകളില്‍, കോവിഡ് ഡ്യൂട്ടിയിലുള്ളവര്‍ അടക്കം 375 നഴ്സുമാരാണ് സമരം ചെയ്യുന്നത്. സ്റ്റാഫ് നഴ്‌സുമാരുടെ അടിസ്ഥാന വേതനം തങ്ങള്‍ക്കും ലഭ്യമാക്കണം. നിലവില്‍ ലഭിക്കുന്ന ശമ്ബളം 13900 രൂപയാണ്. ഇത് സ്റ്റാഫ് നഴ്‌സിന് ലഭിക്കുന്ന അടിസ്ഥാന ശമ്ബളമായ 27800 രൂപയായി ഉയര്‍ത്തണമെന്നാണ് ജൂനിയര്‍ നഴ്‌സുമാരുടെ ആവശ്യം.

കോവിഡ് കാലത്ത് നഴ്‌സുമാര്‍ സമരത്തിനിറങ്ങുന്നത് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധിയാകും. എന്നാല്‍ കോവിഡ് ചികിത്സ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റെല്ലാവര്‍ക്കും ശമ്ബളം വര്‍ദ്ധിപ്പിച്ചെങ്കിലും ജൂനിയര്‍ നഴ്‌സുമാരെ നാല് വര്‍ഷമായി ആരോഗ്യവകുപ്പ് അവഗണിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.

ബിഎസ്‌ഇ നഴ്‌സിങ് പൂര്‍ത്തിയാക്കി കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒരു വ‌ര്‍ഷത്തെ ഇന്‍റേണ്‍ഷിപ്പിന് പ്രവേശിച്ചവരാണിവര്‍.

വേതനം പുതുക്കുന്നതില്‍ ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെയാണ് സമരമെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്. നഴ്സിംഗ് കോഴ്സിലെ ബോണ്ടിന്റെ ഭാഗമായുള്ള നിര്‍ബന്ധിത സേവനമാണെന്നിരിക്കെ സമരം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി.

Leave a Reply