ജീമെയില്‍ അക്കൗണ്ട് ഉള്ളവര്‍ക്കെല്ലാം ഗൂഗിളിന്‍റെ സ്റ്റോറേജ് പോളിസിയുമായി ബന്ധപ്പെട്ട് ഒരു മെസേജ് ലഭിച്ചിട്ടുണ്ടാവും. ഗൂഗിള്‍ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയില്‍ മാറ്റം വരുത്തുന്നതിന്‍റെ മുന്നറിയിപ്പായിരുന്നു അത്. വായിക്കാതെ ഒഴിവാക്കി വിട്ടേക്കാവുന്ന ഒന്നല്ല, വായിച്ച് മനസ്സിലാക്കേണ്ട നയമാറ്റമാണത്. 2021 ജൂണ്‍ 1 മുതല്‍ ഗൂഗിള്‍ കൊണ്ടുവരാനിരിക്കുന്ന മാറ്റം.
ഉപയോഗിക്കാതിരിക്കുന്ന ജീമെയില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുന്നതും സൗജന്യ സ്റ്റോറേജിന് പരിധി നിശ്ചയിക്കുന്നതും കൂടുതല്‍ സ്റ്റോറേജിന് പണം നല്‍കുകയെന്നതും ഉള്‍പ്പെടെയാണ് ഈ മാറ്റം.
ആന്‍ഡ്രോയിഡ് ഫോണുള്ള എല്ലാവര്‍ക്കുംതന്നെ ഗൂഗിള്‍ അക്കൗണ്ട് ഉണ്ടാകും. ഗൂഗിളില്‍ പുതുതായി അക്കൗണ്ട് ആരംഭിക്കുന്ന ഉപയോക്താവിന് 15 ജിബി ക്ലൗഡ് സ്റ്റോറേജ് സ്പേസ് സൗജന്യമായി ലഭിച്ചിരുന്നു. ഒരു ശരാശരി ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം അത് വര്‍ഷങ്ങളോളം ഉപയോഗിക്കാവുന്ന സ്റ്റോറേജാണ്. ഉപയോക്താവിന്‍റെ ജീമെയില്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ സേവ് ചെയ്യപ്പെടുന്ന വീഡിയോ, ഫോട്ടോസ്, ഡോക്യുമെന്‍റുകള്‍, വാട്ട്സാപ്പ് ബായ്ക്കപ്പ് ഉള്‍പ്പെടെയുള്ള ഫയലുകള്‍ സൂക്ഷിക്കാനാണ് ഈ 15 ജിബി. ഗൂഗിള്‍ ഡോക്സ്, ഫോംസ്, ഷിറ്റ്സ്, ജാം ബോര്‍ഡ്, തുടങ്ങിയ ഒട്ടേറെ സേവനങ്ങളാണ് ഗൂഗിള്‍ സ്റ്റോറേജില്‍ ഉള്ളത്.
ഗൂഗിള്‍ ഫോട്ടോസ്: എത്ര വേണമെങ്കിലും ഫോട്ടോകള്‍ സൂക്ഷിച്ച് വയ്ക്കാമെന്ന വാഗ്ദാനവുമായി 2015 മെയ്മാസത്തിലാണ് ‘ഗൂഗിള്‍ ഫോട്ടോസ്’ സേവനം ആരംഭിക്കുന്നത്. 15 ജിബി, സൗജന്യ സ്റ്റോറേജ് പരിധിയില്‍ ഗൂഗിള്‍ ഫോട്ടോസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള വീഡിയോകളും ഫോട്ടോകളും പരിധിയില്ലാതെ സൂക്ഷിക്കാന്‍ ഗൂഗിള്‍ ഫോട്ടോസില്‍ അവസരമുണ്ടായിരുന്നു. നിലവില്‍ പല മൊബൈല്‍ ഫോണുകളിലും വീഡിയോകളും ഫോട്ടോകളും നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ഗൂഗിള്‍ ഫോട്ടോസില്‍ ജൂണ്‍ 1 മുതല്‍ പരിധിയില്ലാത്ത സൗജന്യ സ്റ്റോറേജ് സ്പേസ് ഇല്ല. ജീമെയില്‍ അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ലഭിക്കുന്ന 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജിലായിരിക്കും ഇതും സൂക്ഷിക്കുക.
100 കോടിയിലേറെ ഉപയോക്താക്കള്‍ ആണ് ഗൂഗിളിന്‍റെ ഓരോ സേവനങ്ങള്‍ക്കുമുള്ളത്. അവര്‍ക്കെല്ലാം സൗജന്യമായി ക്ലൗഡ് സ്റ്റോറേജ് നല്‍കുകയെന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് ഗൂഗിളിന്‍റെ വിലയിരുത്തല്‍. ലോക്ഡൗണിന് പിന്നാലെ ഇന്‍റെര്‍നെറ്റ് ഉപയോഗം കൂടിയതോടെ വന്‍തോതിലാണ് ഡേറ്റാ വിനിയോഗിക്കപ്പെടുന്നതും. പ്രതിദിനം 43 ലക്ഷം ജിബി വിവരങ്ങള്‍ ആണ് ഗൂഗിള്‍ സ്റ്റോറേജിലേക്ക് അപ്ലോഡ് ചെയ്യപ്പെടുന്നത്.
സൗജന്യ 15 ജിബി അവസാനിച്ചാല്‍ പണം നല്‍കി അധിക സ്റ്റോറേജ് വാങ്ങുകയെന്നതാണ് ഉപയോക്താവിന്‍റെ മുന്നിലുള്ള വഴി. ‘ഗൂഗിള്‍ വണ്‍’ പദ്ധതി പ്രകാരം മാസം 130 രൂപയ്ക്ക് 100 ജിബി ലഭ്യമാണ്. 6500 രൂപയ്ക്ക് മാസം 20 ടിബി സ്റ്റോറേജ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജുകളും ഗൂഗിളിന്‍റെ പക്കലുണ്ട്.
ജൂണ്‍ 1 മുതല്‍ ഗൂഗിള്‍ ഫോട്ടോസില്‍ ഒരു പുതിയ ഫീച്ചറും ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതുപയോഗിച്ച് ഏതെല്ലാം വീഡിയോ, ഫോട്ടോ ഫയലുകള്‍ സൂക്ഷിക്കേണ്ടതാണെന്ന് നിര്‍ണ്ണയിക്കാം. ചിത്രം വ്യക്തമായി പതിയാത്തതോ, ഇരുള്‍ നിറഞ്ഞതോ ആണെങ്കില്‍ അവ കണ്ടെത്തി ഡിലീറ്റ് ചെയ്യുവാന്‍ സാധിക്കും. വാട്ട്സാപ്പില്‍ വരുന്ന വീഡിയോ, ഓഡിയോ, ഫോട്ടോ ഫയലുകള്‍ ഗൂഗിള്‍ സ്റ്റോറേജില്‍ സൂക്ഷിക്കാതിരിക്കുക സൗജന്യമായി ലഭിക്കുന്ന 15 ജിബി സ്റ്റോറേജിലേയ്ക്ക് കണ്ണില്‍ കണ്ടതെല്ലാം കൊണ്ടുചെന്നിടാതെ ആവശ്യമുളളത് മാത്രം സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള പോംവഴി
ഡോ. ജുബി മാത്യു,അസോ. പ്രൊഫസർ, അമൽജ്യോതി കോളേജ്

